ISRO YUVIKA 2025: ഈ അവസരം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്; ഐഎസ്ആര്‍ഒയുടെ ‘യുവിക’ വഴിത്തിരിവാകാം; രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
ISRO YUVIKA 2025 complete guide: തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ഡെറാഡൂൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ, ബെംഗളൂരു യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ, അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റർ എന്നിവിടങ്ങളിലാണ് പരിപാടി നടത്തുന്നത്

ഐഎസ്ആര്‍ഒ യുവിക
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘യങ് സയന്റിസ്റ്റ് പ്രോഗ്രാമു’മായി ഐഎസ്ആര്‍ഒ. ‘യുവിക’ എന്നാണ് പേര്. ബഹിരാകാശ ശാസ്ത്ര സാങ്കേതിക മേഖലയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരുകയാണ് ലക്ഷ്യം. ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ‘യുവിക’യിലേക്ക് അപേക്ഷിക്കാവുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയില്‍ അധിഷ്ഠിതമായ ഗവേഷണത്തിലേക്കോ, ഇതുമായി ബന്ധപ്പെട്ട മറ്റ് കരിയറുകളിലേക്കോ തിരിയാന്‍ യുവികയിലൂടെ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രധാന തീയതികൾ
- പരിപാടിയുടെ പ്രഖ്യാപനം: ഫെബ്രുവരി 24
- രജിസ്ട്രേഷൻ ആരംഭിച്ചത്: ഫെബ്രുവരി 24
- രജിസ്ട്രേഷൻ അവസാനിക്കുന്നത്: മാർച്ച് 23
- ആദ്യ സെലക്ഷന്‍ പട്ടിക പുറത്തുവിടുന്നത്: ഏപ്രിൽ 07
- തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അതത് ഐഎസ്ആര്‍ഒ കേന്ദ്രങ്ങളിലെത്തേണ്ട തീയതി: മെയ് 18 (ഇമെയില്‍ വഴി ഐഎസ്ആര്‍ഒ അറിയിക്കുന്ന തീയതിയാകും അന്തിമം)
- യുവിക പ്രോഗ്രാം: മെയ് 19-30
- അതത് കേന്ദ്രങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ്: മെയ് 31
Read Also : PSC KAS: കെഎഎസ് നോട്ടിഫിക്കേഷനെത്തി; സമയം കളയേണ്ട, വേഗം അയക്കാം; 77,200 രൂപ മുതല്‍ ശമ്പളം
എട്ടാം ക്ലാസിലെ മാര്‍ക്ക്, ഓണ്‍ലൈന്‍ ക്വിസിലെ പ്രകടനം, സയന്‍സ് ഫെയറിലെ പങ്കാളിത്തം, ഒളിമ്പ്യാഡോ അല്ലെങ്കില്‍ തതുല്യമായ പരിപാടികളിലെയോ റാങ്ക്, കായിക മത്സരങ്ങളിലെ വിജയികള്‍, സ്‌കൗട്ട് & ഗൈഡ്/എന്‍സിസി/എന്‍എസ്എസ്, റൂറല്‍ മേഖലയിലെ പഠനം എന്നിവയ്ക്ക് പ്രത്യേക പരിഗണനയുണ്ടാകും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ഡെറാഡൂൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ്, ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്റർ, ബെംഗളൂരു യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ, അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ, ഷില്ലോങ് നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റർ എന്നിവിടങ്ങളില്‍ വച്ചാണ് യുവിക നടത്തുന്നത്.
തിരഞ്ഞെടുത്ത വിദ്യാർത്ഥിയുടെ യാത്രാ ചെലവ് (II AC ട്രെയിൻ നിരക്ക് അല്ലെങ്കിൽ സംസ്ഥാന സർക്കാർ നൽകുന്ന AC (വോൾവോ ഉൾപ്പെടെ) ബസ് നിരക്ക്, അടുത്തുള്ള റെയിൽവേ സ്റ്റേഷൻ/ബസ്റ്റ് ടെർമിനലിൽ നിന്ന് റിപ്പോർട്ടിംഗ് സെന്ററിലേക്കും തിരിച്ചും അംഗീകൃത ഗതാഗത സൗകര്യം) തിരികെ നൽകും.
യാത്രാ ടിക്കറ്റ് റീഇംബേഴ്‌സ്‌മെന്റിനായി വിദ്യാർത്ഥി അതത് ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് യാത്രാ ടിക്കറ്റ് ഒറിജിനൽ ഹാജരാക്കേണ്ടതുണ്ട്. വിദ്യാർത്ഥി II എസി ട്രെയിനിൽ (II എസി ക്ലാസ്) യാത്ര ചെയ്തിട്ടില്ലെങ്കിൽ, പരമാവധി യാത്രാ നിരക്ക് റീഇംബേഴ്‌സ്‌മെന്റ് II എസി ട്രെയിൻ നിരക്കായി പരിമിതപ്പെടുത്തും. കോഴ്‌സ് മെറ്റീരിയൽ, താമസം, ഭക്ഷണച്ചെലവ് മുതലായവ ഐഎസ്ആർഒ വഹിക്കും.
എങ്ങനെ അപേക്ഷിക്കാം?
യുവിക പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും https://jigyasa.iirs.gov.in/yuvika എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതേ വെബ്‌സൈറ്റിലെ ലിങ്കില്‍ വഴി രജിസ്റ്റര്‍ ചെയ്യാം.