ISC-ICSE result: ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പത്താം ക്ലാസിൽ 99.47 ശതമാനം, പ്ലസ്ടു 98.19 ശതമാനം വിജയം
കേരളത്തിൽ പത്താം ക്ലാസിൽ 99.99 ശതമാനം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93 ശതമാനം വിദ്യാർത്ഥികളും വിജയം കൈവരിച്ചു.
രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പത്താം ക്ലാസ് പരീക്ഷയെഴുതിയവരിൽ 99.47 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്കുള്ള പരീക്ഷയെഴുതിയവരിൽ 98.19 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു.
കേരളം ഉൾപ്പെടെ തെക്കൻ മേഖലകളിൽ പരീക്ഷയെഴുതിയവരിൽ 99.95 ശതമാനം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു. കേരളത്തിൽ പത്താം ക്ലാസിൽ 99.99 ശതമാനം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93 ശതമാനം വിദ്യാർത്ഥികളും വിജയം കൈവരിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാനാവും.
ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് പരീക്ഷയെഴുതി. ഇവരിൽ 3512 പേർ ആൺകുട്ടികളും 3674 പേർ പെൺകുട്ടികളുമാണ്. 1371 ആൺകുട്ടികളും 1451 പേർ പെൺകുട്ടികളും ഉൾപ്പെടെ ഐഎസ്‌സിയിൽ 2822 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
ഐസിഎസ്ഇയിൽ സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും വിജയിച്ചു. എന്നാൽ ആൺകുട്ടികളിൽ 99.97 ശതമാനം മാത്രമാണ് വിജയം. സംസ്ഥാനത്ത് ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും വിജയിച്ചു. ആൺകുട്ടികളുടെ വിജയ ശതമാനം 99.85 ആണ്. ഐസിഎസ്ഇ വിഭാഗത്തിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും ഐഎസ്‌സി പ്ലസ് ടു വിഭാഗത്തിൽ രണ്ട് കുട്ടികൾക്കും ജയിക്കാനായില്ല.
അതേസമയം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ, ഈ വർഷത്തെ സിബിഎസ്സി 10, പ്ലസ്ടു ഫലങ്ങൾ മെയ് 20ന് ശേഷം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. cbseresults.nic.in എന്ന വെബസൈറ്റിലൂടെ ഫലം അറിയാനാകും. കൂടാതെ cbseresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഫലം ലഭ്യമാണ്.
ഈ വെബ്സൈറ്റുകളിലൂടെ ഫലങ്ങൾ പരിശോധിക്കാനും സ്‌കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാനും കഴിയും.
റിസൾട്ട് എങ്ങനെ അറിയാം
1. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in സന്ദർശിക്കുക.
2. വെബ്സൈറ്റിൻ്റെ ഹോംപേജിൽ 2024 ലെ CBSE 10 അല്ലെങ്കിൽ 12 ക്ലാസ് ഫലങ്ങൾക്കായുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.
3. നിങ്ങൾ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, സ്‌ക്രീനിൽ ഒരു ലോഗിൻ പേജ് ദൃശ്യമാകും.ഇവിടെ റോൾ നമ്പർ, സ്‌കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയവ നൽകുക.
4. തുടർന്ന് സ്‌കോർകാർഡുകൾ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.
5. അത് ഡൗൺലോഡ് ചെയ്യുക.
6. കൂടുതൽ റഫറൻസിനായി സ്‌കോർ കാർഡിൻ്റെ പ്രിന്റൗട്ട് എടുക്കുക.