Infosys Updates: ഇനി ഓഫർ ലെറ്റർ ഇ-മെയിലിൽ അയക്കില്ല, വെബ്‍സൈറ്റ് വഴി മാത്രം; പരിഷ്‌ക്കരണങ്ങളുമായി ഇൻഫോസിസ്
Infosys No Longer Send Offer Letters Via Email: ഉദ്യോഗാർത്ഥികൾക്ക് ഇനിമുതൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴി മാത്രമേ ഓഫർ ലെറ്ററും മറ്റ് അനുബന്ധ രേഖകളും ലഭിക്കുകയുള്ളൂ.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്. വിവിധയിടങ്ങളിലായി ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഇൻഫോസിസിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ, റിക്രൂട്ട്മെന്റ് നടപടികളിൽ പുതിയ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ഇനിമുതൽ ജോലിക്കായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ-മെയിൽ വഴി ഓഫർ ലെറ്റർ അയക്കില്ലെന്നാണ് കമ്പനിയുടെ പുതിയ നയം. ഉദ്യോഗാർത്ഥികൾക്ക് ഇനിമുതൽ കമ്പനിയുടെ വെബ്‌സൈറ്റ് വഴി മാത്രമേ ഓഫർ ലെറ്ററും മറ്റ് അനുബന്ധ രേഖകളും ലഭിക്കുകയുള്ളൂവെന്ന് ഇൻഫോസിസ് അറിയിച്ചു.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.infosys.com/careers ലൂടെയാണ് പുതിയ തീരുമാനത്തെ സംബന്ധിച്ച അറിയിപ്പ് കമ്പനി പങ്കുവെച്ചത്. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചിട്ടുള്ള ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. കമ്പനി ഇനിമുതൽ ഓഫർ ലെറ്റർ ഇ-മെയിൽ വഴി അയക്കില്ലെന്നും, ഓഫർ ലെറ്റർ സംബന്ധിച്ച സംശയങ്ങൾക്ക് career.infosys.com/offerValidation എന്ന ലിങ്ക് സന്ദർശിക്കാനും കമ്പനി അറിയിച്ചു.
ഇൻഫോസിസിന്റെ പേരിൽ ഒട്ടേറെ വ്യാജ റിക്രൂട്ട്മെന്റുകൾ നടക്കുന്നുണ്ട്. അതിനാലാണ് കമ്പനി ഇത്തരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. വ്യാജ റിക്രൂട്ട്മെന്റുകൾ കാരണം നിരവധി ഉദ്രോഗാർത്ഥികളാണ് തട്ടിപ്പിന് ഇരയായത്. അത്തരം റിക്രൂട്ട്മെന്റുകളിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. അതേസമയം, പുതിയ റിക്രൂട്ട്മെന്റ് രീതിയിലൂടെ തട്ടിപ്പുകൾ തടയുക മാത്രമല്ല, ഉദ്യോഗാർത്ഥികൾക്ക് മികച്ച റിക്രൂട്ട്മെന്റ് അനുഭവം നൽകാനും കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ, കടലാസ് രഹിത നിയമനടപടികൾ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഇൻഫോസിസിന്റെ ശ്രമമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.