Indian Army Agniveer Recruitment 2025: ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകണോ? കരസേനയിൽ അഗ്നിവീറാകാം, 30,000 ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ
Indian Army Agniveer Recruitment 2025 for Multiple Posts: അഗ്നിവീർ (ജനറൽ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കൽ), അഗ്നിവീർ (ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ), അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്), അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്) എന്നീ വിഭാഗങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

അഗ്നിവീർ
കരസേനയിൽ അഗ്നിവീറാകാൻ അവസരം. ഇന്ത്യൻ ആർമി വിവിധ അഗ്നിവീർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 മാർച്ച് 12 മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് വിശദമായ അറിയിപ്പ് പരിശോധിക്കാവുന്നതാണ്.
റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അപേക്ഷകർ 17 നും 21 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്തുപരീക്ഷയും ശാരീരിക ക്ഷമത പരിശോധനയും ഉൾപ്പെടുന്നു. ജൂണിലായിരിക്കും എഴുത്ത് പരീക്ഷ നടക്കുക. അതിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾ ശാരീരിക ക്ഷമത പരിശോധനയ്ക്ക് ഹാജരാകണം.
അഗ്നിവീർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് യോഗ്യത നേടിയിരിക്കണം. ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 8-ാം ക്ലാസ് യോഗ്യത വേണം. 250 രൂപയാണ് അപേക്ഷ ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അഗ്നിവീർ (ജനറൽ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കൽ), അഗ്നിവീർ (ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ), അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്), അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്) എന്നീ വിഭാഗങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യതയും മാനദണ്ഡങ്ങളും പരിശോധിച്ച ശേഷം ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ALSO READ: അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?
ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റ് 2025: അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ
- ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://joinindianarmy.nic.in/ സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘അഗ്നിവീർ അപ്ലൈ/ലോഗിൻ’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- നിങ്ങൾ ഒരു പുതിയ ഉപയോക്താവാണെങ്കിൽ, ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
- ശേഷം ലഭിച്ച യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം ഫീസ് അടയ്ക്കുക.
- ഇനി അപേക്ഷ സമർപ്പിച്ച്, ഭാവി ആവശ്യങ്ങൾക്കായി ഫോമിന്റെ ഒരു പകർപ്പ് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.
അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ/വിവരങ്ങൾ
- പത്താം ക്ലാസ് സർട്ടിഫിക്കറ്റ്
- സാധുവായ സ്വകാര്യ ഇമെയിൽ ഐഡി
- മൊബൈൽ നമ്പർ
- താമസ വിവരങ്ങൾ (സംസ്ഥാനം, ജില്ല, തഹസിൽ/ബ്ലോക്ക് ഉൾപ്പെടെ)
- പാസ്‌പോർട്ട് സൈസ് ഫോട്ടോ