Indian Air Force Airmen Recruitment 2025: വ്യോമസേനയിൽ എയർമാനാകാം, കേരളത്തിലും റിക്രൂട്ട്മെന്റ് റാലി; അപേക്ഷ ക്ഷണിച്ചു
Indian Air Force Airmen Recruitment 2025 Application Invited: പ്രായം, ശാരീരികക്ഷമത പരിശോധന, ശാരീരികയോഗ്യത എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്.
ന്യൂഡൽഹി: രാജ്യത്തെ വിവിധ സേനകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. വ്യോമസേന എയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യോമസേനയുടെ ഗ്രൂപ്പ് വെെ (നോൺ ടെക്നിക്കൽ ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാനാകാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അവസരം. സ്ത്രീകൾ അപേക്ഷിക്കാൻ യോഗ്യരല്ല. ഇതിന്റെ ഭാഗമായി കേരളത്തിൽ ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ റിക്രൂട്ട്മെന്റ് റാലി നടത്തും. കേരളത്തിൽ നിന്നുള്ള അപേക്ഷവർക്ക് ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റിക്രൂട്ട്മെന്റ് റാലി.
യോഗ്യത
50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം (ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം) അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് 50 ശതമാനം മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് (ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം) ജയിച്ചിരിക്കണം.
ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി ഫാർമസി ഉദ്യോഗാർത്ഥികൾ: 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു ജയം (ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം). 50 ശതമാനം മാർക്കോടെ ഡിപ്ലോമ/ ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം അപേക്ഷകർ.
നിയമനം
വ്യോമസേനയുടെ ഗ്രൂപ്പ് വെെ (നോൺ ടെക്നിക്കൽ ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ എയർമാനാകാൻ തിരഞ്ഞെടുക്കുന്നവർക്ക് 20 വർഷത്തേക്കാണ് നിയമന കാലാവധി. ഈ നിയമനം 57 വയസുവരെ നീട്ടികിട്ടാം. ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വെെദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് എയർമാൻ തസ്തികയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നത്. പ്രായം, ശാരീരികക്ഷമത പരിശോധന, ശാരീരികയോഗ്യത എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ട്. www.airmenselection.cdac.in എന്ന വെബ്സറ്റിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.
അതേസമയം, വ്യോമസേനയിൽ അഗ്നിവീറാകാൻ (Indian Airforce Agniveer Recruitment) ജനുവരി 7 മുതൽ അപേക്ഷ സമർപ്പിക്കാം. ജനുവരി 27 വരെ ഓൺലെെനായി അഗ്നിവീറാകാൻ അപേക്ഷ നൽകാം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അഗ്നിവീർ സെലക്ഷൻ ടെസ്റ്റിനായി അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് 4 വർഷത്തേക്കാണ് നിയമനം ലഭിക്കുക. 21,000 രൂപയായിരിക്കും ശമ്പളം.https://agnipathvayu.cdac.in എന്ന വെബ്സെെറ്റിലൂടെ അപേക്ഷ നൽകാം. അപേക്ഷകർ 2005 ജനുവരി- 2008 ജൂലെെ കാലയളവിനുള്ളിൽ ജനിച്ചവർ ആയിരിക്കണം. അപേക്ഷ ഫീസ് 550 രൂപ.