IDBI Recruitment 2025: ബാങ്ക് ജോലിയാണോ സ്വപ്നം? ബിരുദധാരിയാണോ? ഐഡിബിഐയില്‍ പിജിഡിബിഎഫ് വഴി ജൂനിയര്‍ അസി. മാനേജരാകാം
IDBI Junior Assistant Manager Recruitment 2025: 20-25 ആണ് പ്രായപരിധി. മാര്‍ച്ച് ഒന്ന് മുതല്‍ 12 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഏപ്രില്‍ ആറിന് പരീക്ഷ നടത്താനാണ് തീരുമാനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രാദേശിക ഭാഷയില്‍ അറിവ് എന്നിവ വേണം

ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാന്‍ അവസരം. ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (പിജിഡിബിഎഫ്) കോഴ്‌സിന് ശേഷമാകും നിയമനം. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (യുഎംജിഇഎസ്), ഗ്രേറ്റർ നോയിഡയിലെ എന്‍ഐടിടിഇ എഡ്യൂക്കേഷൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (എൻഇഐപിഎൽ) എന്നിവയില്‍ എവിടെയെങ്കിലും വഴിയാകും പരിശീലനം. ആറു മാസത്തെ ക്ലാസ് റൂം പഠനം, രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പ്, നാല് മാസത്തെ പരിശീലനം എന്നിവ കോഴ്‌സിന്റെ ഭാഗമാകും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിജിഡിബിഎഫ് ഡിപ്ലോമ ലഭിക്കും. തുടര്‍ന്ന് ഐഡിബിഐ ബാങ്കില്‍ ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിക്കും.
650-ഓളം ഒഴിവുകളുണ്ട്. ഇതില്‍ അണ്‍ റിസര്‍വ്ഡ്-260, എസ്‌സി-100, എസ്ടി-54, ഇഡബ്ല്യുഎസ്-65, ഒബിസി-171 എന്നിങ്ങനെ ഒഴിവുകള്‍ അനുവദിച്ചിരിക്കുന്നു. 20 വയസ് മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് ഒന്ന് മുതല്‍ 12 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഏപ്രില്‍ ആറിന് പരീക്ഷ നടത്താനാണ് തീരുമാനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രാദേശിക ഭാഷയില്‍ അറിവ് എന്നിവ ഉണ്ടായിരിക്കണം. 1050 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 250 മതി.




എങ്ങനെ അയക്കാം?
അപേക്ഷകർ ഐഡിബിഐ ബാങ്കിന്റെ വെബ്‌സൈറ്റായ https://www.idbibank.in സന്ദർശിച്ച് ‘റിക്രൂട്ട്‌മെന്റ് ഫോര്‍ ഐഡിബിഐ-പിജിഡിബിഎഫ് 2025-26’ എന്ന ലിങ്ക് തുറക്കണം. തുടർന്ന് ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിന്, ‘പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക’ എന്ന ടാബ് തിരഞ്ഞെടുത്ത് പേര്, കോൺടാക്റ്റ് വിവരങ്ങൾ, ഇമെയിൽ ഐഡി എന്നിവ നല്‍കണം. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ അയക്കാം. അപേക്ഷ അയക്കുന്നതിന് മുമ്പ് ഐഡിബിഐ ബാങ്കിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കണം.