Hotel Management Career: അനവധിയാണ് അവസരങ്ങള്‍; വിദേശത്തും ചേക്കേറാം; ഹോട്ടല്‍ മാനേജ്‌മെന്റ് നിസാരമല്ല
Hotel Management Career Guidance In Malayalam: ബഹുരാഷ്ട്ര കമ്പനികളുടെ ഹോട്ടലുകള്‍, ആശുപത്രികൾ, എയർലൈനുകൾ, ക്രൂയിസ് ലൈനുകൾ തുടങ്ങിയവയിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് അവസരങ്ങള്‍ തുറക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റ് മേഖലയില്‍ നിരവധി കോഴ്‌സുകള്‍ ലഭ്യമാണ്

പ്ലസ്ടു കഴിയുമ്പോള്‍ കരിയര്‍ ഏത് തിരഞ്ഞെടുക്കണമെന്നാണ് പലരുടെയും ആശയക്കുഴപ്പം. അവരവരുടെ അഭിരുചിക്ക് അനുസരിച്ച് സാധ്യതയുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. കേരളത്തില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ഒരു പ്രൊഫഷണല്‍ കോഴ്‌സാണ് ഹോട്ടല്‍ മാനേജ്‌മെന്റ്. വിദേശത്തടക്കമുള്ള ജോലി സാധ്യതകളാണ് പ്രധാന ആകര്‍ഷണം. പ്ലസ് ടു ഏത് സ്ട്രീമില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ മാനേജ്‌മെന്റ് തിരഞ്ഞെടുക്കാം. എന്നാല്‍ ഈ കോഴ്‌സുകളിലേക്കും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് ഇത് മത്സരാധിഷ്ഠിതമാക്കുന്നു. മികച്ച സ്ഥാപനത്തില്‍ പരിശീലനം നേടുന്നതാണ് ഇതില്‍ പ്രധാനം.
മുൻനിര ബഹുരാഷ്ട്ര കമ്പനികളുടെ ഹോട്ടലുകള്‍, ആശുപത്രികൾ, എയർലൈനുകൾ, ക്രൂയിസ് ലൈനുകൾ തുടങ്ങിയവയിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് അവസരങ്ങള്‍ തുറക്കുന്നു. ഹോട്ടൽ മാനേജ്‌മെന്റ് മേഖലയില്‍ നിരവധി കോഴ്‌സുകള്‍ ലഭ്യമാണ്. ഡിഗ്രി കോഴ്‌സുകൾ മുതൽ ഡിപ്ലോമ, സർട്ടിഫിക്കേഷൻ കോഴ്‌സുകൾ വരെ തിരഞ്ഞെടുക്കാം.
ചില ബിരുദ കോഴ്‌സുകള്‍
- ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്
- ബിബിഎ ഇന്‍ ഹോസ്പിറ്റാലിറ്റി, ട്രാവല്‍ & ടൂറിസം
- ബിഎസ്‌സി ഇന്‍ ഹോസ്പിറ്റാലിറ്റി & അഡ്മിനിസ്‌ട്രേഷന്‍
- ബിഎസ്‌സി ഇന്‍ ഹോസ്പിറ്റാലിറ്റി & കാറ്ററിങ് സര്‍വീസസ്
- ബാച്ചിലര്‍ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി
- ബിവോക് ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്
ചില ഡിപ്ലോമ കോഴ്‌സുകള്‍
- ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്
- ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജി
- ഡിപ്ലോമ ഇൻ ബേക്കറി ഓപ്പറേഷൻസ്
- ഡിപ്ലോമ ഇൻ ഹൗസ് കീപ്പിംഗ് ഓപ്പറേഷൻസ്
- ഡിപ്ലോമ ഇൻ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്




ചില സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍
- സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്
- സര്‍ട്ടിഫിക്കറ്റ് ഇന്‍ ഹൗസ്‌കീപ്പിങ്
- സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്
- ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫുഡ് പ്രിപ്പറേഷന്‍
ബിരുദാനന്തര തലത്തിൽ ഒരു ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഈ മേഖലയിൽ മാസ്റ്റേഴ്സ് ബിരുദമോ ഹോട്ടൽ മാനേജ്മെന്റിൽ എംബിഎ ബിരുദമോ നേടാം. സ്വകാര്യ ഹോട്ടൽ മാനേജ്‌മെന്റ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം.
പ്രവേശന പരീക്ഷകള്‍
പ്രവേശന പരീക്ഷകളിലൂടെ സർക്കാർ അംഗീകൃത ഹോട്ടൽ മാനേജ്‌മെന്റ് കോളേജുകളിലേക്കും സ്ഥാപനങ്ങളിലേക്കും പ്രവേശനം തേടാം. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷ.
ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ നടത്തുന്ന അണ്ടർ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഐഐഎച്ച്എം ഇചാറ്റ് തുടങ്ങിയ പരീക്ഷകളുമുണ്ട്. വിവിധ ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഹോട്ടൽ മാനേജ്‌മെന്റിനായി അവരുടേതായ പരീക്ഷകൾ നടത്തുന്നുണ്ട്.