Four Year Degree: സംസ്‌കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദത്തിന് ജൂണ്‍ 7വരെ അപേക്ഷിക്കാം

സംസ്‌കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മാസംതോറും 500 രൂപ വീതം സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കും.

Four Year Degree: സംസ്‌കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദത്തിന് ജൂണ്‍ 7വരെ അപേക്ഷിക്കാം
Published: 

20 May 2024 15:53 PM

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലേക്കും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി നാല് വര്‍ഷം പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം -വേദാന്തം, സംസ്‌കൃതം-വ്യാകരണം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം -ജനറല്‍, സംഗീതം, ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക് എന്നിവയാണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍. ഇവ കൂടാതെ അറബിക്, ഉര്‍ദു എന്നിവയും മൈനര്‍ ബിരുദ പ്രോഗ്രാമുകളായി തെരഞ്ഞെടുക്കാവുന്നതാണ്.

കാലടി മുഖ്യ ക്യാമ്പസില്‍ സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-വ്യാകരണം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം-ജനറല്‍, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ വര്‍ക്ക്, സംഗീതം, ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം എന്നീ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണുള്ളത്. തിരുവനന്തപുരം, പന്മന, കൊയിലാണ്ടി, തിരൂര്‍, പയ്യന്നൂര്‍, ഏറ്റുമാനൂര്‍ എന്നീ പ്രാദേശിക ക്യാമ്പസ്സുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സംസ്‌കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മാസംതോറും 500 രൂപ വീതം സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കും.

ഡാന്‍സ് – ഭരതനാട്യം, ഡാന്‍സ് – മോഹിനിയാട്ടം, സംഗീതം എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ജനറല്‍, എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2024 ജനുവരി ഒന്നിന് 23 വയസും എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ് ഉയര്‍ന്ന പ്രായപരിധി.

ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയും. മറ്റൊരു യുജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. ജനറല്‍, എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി , എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ് അപേക്ഷ ഫീസ്.

അപേക്ഷകള്‍ https://ugadmission.ssus.ac.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.

എന്നാല്‍ നാലുവര്‍ഷ ഡിഗ്രി നേടുന്നവര്‍ക്ക് ഒട്ടനവധി പ്രയോജനങ്ങളുണ്ട്. അതിലൊന്നാണ് പിജി ഇല്ലാതെ പിഎച്ച്ഡി എന്നത്. ഉന്നത വിദ്യാഭ്യാസത്തില്‍ ഗവേഷണപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നാലുവര്‍ഷ ബിരുദം തെരഞ്ഞെടുക്കുമ്പോള്‍ ഓണേഴ്സ് വിത്ത് റിസര്‍ച്ച് പഠിച്ചാല്‍ നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം നേടാനാവുന്നതാണ്. ഇങ്ങനെ നാലുവര്‍ഷ ബിരുദക്കാര്‍ക്ക് പിജി പഠനത്തില്‍ നിന്ന് ഒരു വര്‍ഷം ലാഭിച്ച് അത് ഗവേഷണത്തിന് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഇതിനുള്ള എല്ലാ വ്യവസ്ഥകളും നാലുവര്‍ഷത്തില്‍ ഉള്‍ക്കൊള്ളിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാലുവര്‍ഷ ബിരുദത്തില്‍ എട്ട് സെമസ്റ്ററും 177 ക്രെഡിറ്റുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് വിടുതല്‍ നേടി പോകാവുന്നതാണ്.

വിടുതല്‍ നേടി പോകാതെ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സാധ്യതകള്‍ തുറക്കുന്ന വര്‍ഷം കൂടിയാണ് നാലാം വര്‍ഷം. തൊഴിലിന് പ്രാധാന്യം നല്‍കുന്ന ഏഴും എട്ടും സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഓണേഴ്സ് ലഭിക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യ സെമസ്റ്ററില്‍ തന്നെ പാത്ത്വേ നല്‍കി ഇഷ്ടമുള്ള മേഖലയിലേക്ക് പോകാവുന്നതാണ്. ഗവേഷണത്തിന് താല്‍പര്യപ്പെടുന്നവര്‍ക്ക് ഏഴാം സെമസ്റ്ററില്‍ ഓണേഴ്സ് വിത്ത് റിസര്‍ച്ച് എന്ന കോഴ്സ് തെരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ആറ് സെമസ്റ്ററിലും കൂടി 75 ശതമാനം മാര്‍ക്ക് വേണം.

ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍