CUET: വീണ്ടും പരിഷ്കരണവുമായി യുജിസി; സിയുഇടി യുജി, പിജി പരീക്ഷാ രീതിയിൽ മാറ്റം
CUET UG PG Exam: 2024-ലെ സിയുഇടി യുജി പരീക്ഷ മെയ് 15 നും ജൂലൈ 19 നും ഇടയിലാണ് നടത്തിയത്. അതേസമയം, സിയുഇടി പിജി പരീക്ഷകൾ മാർച്ച് 11 നും മാർച്ച് 28 നും ഇടയിൽ നടത്തി.
ന്യൂഡൽഹി: രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകളിലെ പ്രവേശനത്തിനായി നടത്തുന്ന എൻട്രസ് പരീക്ഷയിൽ മാറ്റം വരുന്നു. വിവിധ സർവ്വകലാശാലകളിലേക്കുള്ള സിയുഇടി യുജി- പിജി പ്രവേശന പരീക്ഷയിലാണ് യുജിസി മാറ്റം വരുത്താൻ ഒരുങ്ങുന്നത്. പരീക്ഷാ രീതിയിലെ മാറ്റത്തെ കുറിച്ച് പഠിക്കാനായി വിദഗ്ധ സമിതിയെ യുജിസി നിയോഗിച്ചെന്നും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത വർഷം എൻട്രൻസ് പരീക്ഷ നടക്കുകയെന്നും യുജിസിയെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരീക്ഷയുടെ നിലവിലെ ഘടന, ഓരോ വിദ്യാർത്ഥികളും പ്രവേശനത്തിനായി എഴുത്തേണ്ട പേപ്പറുകൾ, ദെെർഘ്യം, സിലബസ് എന്നിവയെല്ലാം സമിതി വിലയിരുത്തും. നിലവിൽ ഒരു വിദ്യാർത്ഥിക്ക് കേന്ദ്ര സർവ്വകലാശാലയിലെയും അനുബന്ധ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായി ആറ് പേപ്പറുകൾ വരെയാണ് എഴുത്തേണ്ടത്. ഒന്നിലേറെ വിഷയങ്ങളിൽ പ്രവേശനത്തിന് വേണ്ടി പരീക്ഷ എഴുത്തുന്നത് മാനസിക സമ്മർദ്ദവും പിരിമുറക്ക വും വർദ്ധിപ്പിക്കുന്നുണ്ടെന്ന് പലരും യുജിസിയെയും വിദ്യാഭ്യാസ വകുപ്പിനെയും അറിയിച്ചിരുന്നു. വിദ്യാർത്ഥികളുടെ പരാതികൾ ഉൾപ്പെടെ പരിഗണിച്ചാകും യുജിസി മാറ്റങ്ങൾ നടപ്പിലാക്കുക. സയൻസ്, സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഒരുമിപ്പിക്കുന്നത് ഉൾപ്പെടെ യുജിസിയുടെ പരിഗണനയിലുണ്ട്.
This morning, at UGC, I had a two-hour interaction with students from various degree colleges who cleared CUET-UG 2024 to discuss potential changes in CUET-UG 2025. It was indeed a pleasure to hear their perspectives and feedback. pic.twitter.com/xVu0aXCJXa
— Mamidala Jagadesh Kumar (@mamidala90) December 9, 2024
2022-ലാണ് സിയുഇടി – യുജി പരീക്ഷ ആരംഭിച്ചത്. ആദ്യ വർഷങ്ങളിൽ 10 പേപ്പറുകളിൽ വരെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഇത് 6 പേപ്പറുകളാക്കി ചുരുക്കി യുജിസി വിജ്ഞാപനമിറക്കിയത്. ആദ്യ രണ്ട് വർഷങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷം കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ച വിഷയങ്ങളിൽ പരീക്ഷ ഒഎംആർ രീതിയിലാണ് നടത്തിയത്.
എന്നാൽ ഇത് ഒഴിവാക്കി ഇത്തവണയും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ തന്നെ ഇക്കുറിയും തുടരുമെന്നാണ് വിവരം. പരീക്ഷയുടെ മാറ്റങ്ങളെ കുറിച്ച് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു. സിയുഇടി യുജി 2024-ലെ പരീക്ഷയിലൂടെ വിവിധ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുമായാണ് അദ്ദേഹം സംവദിച്ചത്. പരീക്ഷ നടത്തിപ്പുമായി അവർക്ക് പറയാനുള്ളത് കേട്ടെന്നും ആ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയെന്നും യുജിസി ചെയർമാൻ കൂട്ടിച്ചേർത്തു.
2024-ലെ സിയുഇടി യുജി പരീക്ഷ മെയ് 15 നും ജൂലൈ 19 നും ഇടയിലാണ് നടത്തിയത്. അതേസമയം, സിയുഇടി പിജി പരീക്ഷകൾ മാർച്ച് 11 നും മാർച്ച് 28 നും ഇടയിൽ നടത്തി.