CUET UG 2025: സിയുഇടി-യുജി പരീക്ഷ 2025: വിദ്യാർഥികൾക്ക് ഇനി അഞ്ച് വിഷയങ്ങളിൽ പരീക്ഷ അഭിമുഖീകരിക്കാം
CUET UG 2025 Latest Updates: പന്ത്രണ്ടാം ക്ലാസ്/ തത്തുല്യ പരീക്ഷ ജയിച്ചവർക്കും 2025ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും സിയുഇടി യുജി പരീക്ഷയ്ക്ക് അപേക്ഷിക്കാം. സർവകലാശാല വ്യവസ്ഥകൾക്ക് അനുസരിച്ച് യോഗ്യതാപരീക്ഷ, അഭിമുഖീകരിക്കേണ്ട വർഷം എന്നിവയിൽ മാറ്റമുണ്ടാകും.

പ്രതീകാത്മക ചിത്രം
കേന്ദ്രസർവകലാശാലകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലെ ബിരുദതല പ്രോഗ്രാമുകളിലെ 2025-26 പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (സിയുഇടി യുജി) 2025 പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇത്തവണ മുതൽ വിദ്യാർഥികൾക്ക് പരമാവധി അഞ്ച് വിഷയങ്ങളിൽ വരെ പരീക്ഷ അഭിമുഖീകരിക്കാം.
ഭാഷകൾ, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പടെ ഒരാൾക്ക് പരമാവധി അഞ്ച് വിഷയങ്ങൾ അഥവാ ടെസ്റ്റുകൾ വരെ തിരഞ്ഞെടുക്കാൻ സാധിക്കും. പ്ലസ്‌ടു തലത്തിൽ പഠിച്ച വിഷയം പരിഗണിക്കാതെ വിദ്യാർഥികൾക്ക് ഡൊമൈൻ വിഷയങ്ങൾ തിരഞ്ഞെടുക്കാം. ചേരാൻ ഉദ്ദേശിക്കുന്ന പ്രോഗ്രാമുകൾക്ക് വേണ്ട ടെസ്റ്റുകൾ പരിഗണിച്ച് ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ കോഴ്‌സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങൾ സിയുഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ യുണിവേഴ്സിറ്റീസ് എന്ന ലിങ്കിൽ ലഭ്യമാണ്.
സർവകലാശാലകളുടെ/ സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകൾ, പ്രവേശന യോഗ്യത ഉൾപ്പടെയുള്ള വിവരങ്ങൾ cuet.nta.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ സ്ഥാപനങ്ങൾ കൂടി പ്രക്രിയയിലേക്ക് വരുന്നതോടെ പട്ടിക കൂടുതൽ വിപുലമാകും. അതുകൊണ്ട് തന്നെ അപേക്ഷകർ വെബ്‌സൈറ്റ് നിരന്തരം സന്ദർശിക്കണം. പ്രവേശന വ്യവസ്ഥകളെ കുറിച്ച് അറിയാനും വെബ്‌സൈറ്റ് സന്ദർശിക്കുക.
പന്ത്രണ്ടാം ക്ലാസ്/ തത്തുല്യ പരീക്ഷ ജയിച്ചവർക്കും 2025ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും സിയുഇടി യുജി പരീക്ഷയ്ക്ക് അപേക്ഷിക്കാം. എച്ച്എസ്സി വൊക്കേഷണൽ പരീക്ഷ, മൂന്ന് വർഷ അംഗീകൃത ഡിപ്ലോമ, അഞ്ച് വിഷയങ്ങളോടെയുള്ള എൻഐഒഎസ് സീനിയർ സെക്കൻഡറി പരീക്ഷ, ചില വിദേശ പരീക്ഷകൾ തുടങ്ങിയവ തത്തുല്യ പരീക്ഷകളിൽ ഉൾപ്പെടും. സർവകലാശാല വ്യവസ്ഥകൾക്ക് അനുസരിച്ച് യോഗ്യതാപരീക്ഷ, അഭിമുഖീകരിക്കേണ്ട വർഷം എന്നിവയിൽ മാറ്റമുണ്ടാകും.
ALSO READ: ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസാകാം, കേരളത്തിലടക്കം അവസരം
അതിനാൽ അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിച്ച് വ്യവസ്ഥകൾ മനസിലാക്കണം. പരീക്ഷ അഭിമുഖീകരിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് ത്രിപ്തിപെടുത്തണം.
13 ഭാഷകൾ, 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ ഒരു ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഉൾപ്പടെ മൂന്ന് ഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഷയത്തിലും ചോദ്യങ്ങൾ ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ ആയിരിക്കും.
CUET UG 2025-ന് എങ്ങനെ അപേക്ഷിക്കാം?
- സിയുഇടിയുടെ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in. സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ‘CUET UG രജിസ്ട്രേഷൻ ലിങ്ക് 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
- ആവശ്യമായ ഡോക്യൂമെന്റുകൾ കൂടി അപ്ലോഡ് ചെയ്ത ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് അടയ്ക്കുക.
- ഇനി അപേക്ഷ സമർപ്പിച്ച് ഭാവി ആവശ്യങ്ങളാക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.