CUET UG 2025: സിയുഇടി യുജി 2025; അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം
CUET UG 2025 Application Correction Window: സിയുഇടി യുജി പരീക്ഷയ്ക്കായി സമർപ്പിച്ചിട്ടുള്ള അപേക്ഷ ഫോമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം.

ന്യൂഡൽഹി: സിയുഇടി യുജി 2025 അപേക്ഷ ഫോമുകളിൽ തിരുത്തലുകൾ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. ഇതിനായുള്ള തിരുത്തൽ വിൻഡോ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) തുറന്നു. സിയുഇടി യുജി പരീക്ഷയ്ക്കായി സമർപ്പിച്ചിട്ടുള്ള അപേക്ഷ ഫോമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. മാർച്ച് 26 മുതൽ 28ന് രാത്രി 11:50 വരെയാണ് തിരുത്തലുകൾ വരുത്താൻ സമയം അനുവദിച്ചിരിക്കുന്നത്.
താഴെപ്പറയുന്നവയിൽ മാറ്റം വരുത്താൻ സാധിക്കില്ല:
- മൊബൈൽ നമ്പർ
- ഇമെയിൽ വിലാസം
- വിലാസം
- അടിയന്തര കോൺടാക്റ്റ് നമ്പർ
മാറ്റങ്ങൾ വരുത്താൻ കഴിയുന്ന മേഖലകൾ:
- അപേക്ഷകരുടെ പേര്
- അച്ഛന്റെ പേര്
- അമ്മയുടെ പേര്
- പത്താം ക്ലാസ് വിശദാംശങ്ങൾ
- പന്ത്രണ്ടാം ക്ലാസ് വിശദാംശങ്ങൾ
- ജനനത്തീയതി
- ലിംഗഭേദം
- വിഭാഗം
- ഉപവിഭാഗം/പിഡബ്ല്യുഡി/പിഡബ്ല്യുബിഡി
- ഫോട്ടോഗ്രാഫ്
- ഒപ്പ്
വിദ്യാർഥികൾക്ക് അവരുടെ സ്ഥിര വിലാസവും ഇപ്പോഴത്തെ വിലാസവും അടിസ്ഥാനമാക്കി പരീക്ഷാ നഗരം മാറ്റാൻ അനുവാദമുണ്ടാകും. ആവശ്യമെങ്കിൽ അധിക ഫീസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കും. ഫീസ് അടച്ചാൽ മാത്രമേ ഫോമുകളിലെ തിരുത്തൽ ബാധകമാകൂ. സിയുഇടി യുജി പരീക്ഷ 2025 മെയ് 8 മുതൽ 2025 ജൂൺ 1 വരെ നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ നഗരവും അഡ്മിറ്റ് കാർഡുകളും ഉടൻ പ്രസിദ്ധീകരിക്കും.
അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതെങ്ങനെ?
- cuet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘സിയുഇടി (യുജി) – 2025 കറക്ഷൻ വിൻഡോ’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയ ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, ഇന്ത്യയിലുടനീളമുള്ള സ്വകാര്യ സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയാണ് സിയുഇടി യുജി. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, പഞ്ചാബി, ഉറുദു എന്നീ 13 ഭാഷകളിലാണ് പരീക്ഷ നടത്തുക.
പ്രധാന നിർദ്ദേശങ്ങൾ
- 2025 മെയ് 8 മുതൽ ജൂൺ 1 വരെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് സിയുഇടി യുജി നടക്കുക.
- ഓരോ പേപ്പറിന്റെയും ദൈർഘ്യം 60 മിനിറ്റായിരിക്കും.
- പരീക്ഷാർത്ഥികളുടെ എണ്ണവും മറ്റ് കാര്യങ്ങളും അനുസരിച്ച് ഒന്നിലധികം ഷിഫ്റ്റുകളിലായി പരീക്ഷ നടത്താം.
- അപേക്ഷകർ തിരഞ്ഞെടുത്ത കോഴ്സുകൾക്കായുള്ള അഡ്മിറ്റ് കാർഡുകൾ നൽകുന്നതാണ്. തീയതിയും ഷിഫ്റ്റും മാറ്റുന്നതിനായുള്ള അഭ്യർത്ഥനകൾ പരിഗണിക്കില്ല.
- അപേക്ഷകർ അവരുടെ അഡ്മിറ്റ് കാർഡുകളിൽ പറഞ്ഞിരിക്കുന്ന സമയം അനുസരിച്ച് പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.