CSIR UGC NET December 2024: സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയ്ക്ക് ഇനിയും അപേക്ഷിച്ചില്ലേ? വൈകേണ്ട ഇന്ന് തന്നെ അപേക്ഷിക്കാം
CSIR UGC Net December 2024 Application Process: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസേർച്ചും (സിഎസ്ഐആർ) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) സംയുക്തമായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ആണ് സിഎസ്ഐആർ യുജിസി നെറ്റ്.
ന്യൂഡൽഹി: സിഎസ്ഐആർ യുജിസി നെറ്റ് ഡിസംബർ 2024 സെഷൻ പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. അപേക്ഷ സമർപ്പിക്കാൻ അധിക നാളുകൾ ബാക്കിയില്ല. അവസാന തീയതിക്കായി കാത്തിരിക്കാതെ ഉടൻ തന്നെ അപേക്ഷിക്കാം. ഡിസംബർ 30 വരെയാണ് അപേക്ഷ നൽകാൻ സമയം അനുവദിച്ചിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസേർച്ചും (സിഎസ്ഐആർ) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) സംയുക്തമായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ആണ് സിഎസ്ഐആർ യുജിസി നെറ്റ്. ശാസ്ത്രീയ വിഷയങ്ങളിൽ ജെആർഎഫ് ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനും വേണ്ട അടിസ്ഥാന യോഗ്യതയാണ് ഈ പരീക്ഷ.
എങ്ങനെ അപേക്ഷിക്കാം?
- എൻടിഎയുടെ https://ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘സിഎസ്ഐആർ യുജിസി-നെറ്റ് ഡിസംബർ 2024: രജിസ്റ്റർ/ലോഗിൻ’ എന്നത് തിരഞ്ഞെടുക്കുക.
- അതിൽ ‘ന്യൂ രജിസ്‌ട്രേഷൻ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.
- രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം, ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
- തുടർന്ന്, ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ALSO READ: സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ; ഈ തീയതികൾ മറന്നു പോകല്ലേ, അറിയേണ്ടതെല്ലാം
2024 ഡിസംബർ 30-ന് രാത്രി 11:50 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. പരീക്ഷാ ഫീസ് അടക്കാൻ ഡിസംബർ 31 രാത്രി 11:50 വരെ സമയമുണ്ട്. 2025 ജനുവരി 2 രാത്രി 11:50 വരെ അപേക്ഷ ഫോമിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം ലഭിക്കും. പരീക്ഷ സെന്റർ, അഡ്മിറ്റ് കാർഡ് തുടങ്ങിയ വിവരങ്ങൾ എൻടിഎയുടെ ഔദ്യോഗിക https://ugcnet.nta.ac.in വെബ്‌സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 2025 ഫെബ്രുവരി 16 മുതൽ 2025 ഫെബ്രുവരി 28 വരെയാണ് പരീക്ഷ നടത്തുക.
അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/ തത്തുല്യം നേടിയർക്ക് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ നാല് പരീക്ഷ കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാം. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കൊല്ലം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടക്കുക. കെമിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, എർത്ത് സയൻസ്, ലൈഫ് സയൻസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സിലബസ് വിവരങ്ങൾ www.csirhrdg.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ജെആർഎഫിന് അപേക്ഷിക്കുന്നവർക്ക് 2025 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്. സംവരണ വിഭാഗക്കാർക്കും ഗവേഷണ പരിചയമുള്ളവർക്കും അഞ്ച് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അസിസ്റ്റന്റ് പ്രൊഫസർ അർഹതയ്ക്കും പിഎച്ച്ഡി പ്രവേശനത്തിനും അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല.