CSIR Net Exam Cancelled: സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു: പരീക്ഷ മാറ്റി

CSIR Net Exam Paper Leak: 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) മാറ്റിവച്ചതായി ഇന്നലെ അറിയിച്ചിരുന്നു. പരീക്ഷയുടെ നടത്തിപ്പു ചുമതല എൻടിഎയ്ക്കാണ്.

CSIR Net Exam Cancelled: സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു: പരീക്ഷ മാറ്റി
Published: 

22 Jun 2024 09:38 AM

ന്യൂഡൽഹി: നീറ്റ് – നെറ്റ് പരീക്ഷാ വിവാദങ്ങൾക്കിടെ സിഎസ്ഐആർ- നെറ്റ് പരീക്ഷയുടെ (CSIR Net Exam) ചോദ്യപേപ്പറും ചോർന്നതായി (Exam Paper Leak) റിപ്പോർട്ട്. ചോദ്യപേപ്പർ ചോർന്നതിൻറെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വെക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷാഫലവും വൈകാനാണ് സാധ്യത. 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്‌ഐആർ–യുജിസി നെറ്റ് പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) മാറ്റിവച്ചതായി ഇന്നലെ അറിയിച്ചിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെആർഎഫ്) സയൻസ്/ ടെക്നോളജി മേഖലയിൽ ഗവേഷണം, അസിസ്റ്റന്റ് പ്രഫസർ നിയമനം എന്നിവയ്ക്കുള്ള യോഗ്യതാപരീക്ഷയാണ് സിഎസ്‌ഐആർ– നെറ്റ്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് (സിഎസ്ഐആർ) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) എന്നിവ ചേർന്നാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയുടെ നടത്തിപ്പു ചുമതല എൻടിഎയ്ക്കാണ്.

അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ പാസാക്കിയ പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024ന്റെ വ്യവസ്ഥകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഔദ്യോഗിക ഗസറ്റിലൂടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമം അനുസരിച്ച് പൊതുപരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർത്തുന്നതിന് കടുത്ത ശിക്ഷകളാണ് അനുശാസിക്കുന്നത്.

പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഘടിത കുറ്റങ്ങൾക്ക് പത്തു വർഷം വരെ തടവും ഒരു കോടി രൂപ പിഴയും കുറ്റവാളികൾക്ക് ലഭിക്കും. ചോദ്യ പേപ്പർ ചോർച്ചയിൽ കുറഞ്ഞ ശിക്ഷ അഞ്ച് വ‍ർഷം വരെ തടവാണ്. ഔദ്യോഗിക വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിലായിരിക്കുകയാണ് നിലവിൽ. ഉത്തരക്കടലാസുകൾ വികൃതമാക്കുകയോ അവയിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്നതിന് കുറ‌ഞ്ഞത് മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കും. ഇത് അഞ്ച് വർഷം വരെ ദീർഘിപ്പിക്കുകയും പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്യാനാവുന്നതാണ്.

ALSO READ: ചോദ്യപേപ്പർ ചോർച്ച: പുതിയ നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

കേന്ദ്ര സർക്കാർ ഫെബ്രുവരി അഞ്ചിനാണ് ഈ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഫെബ്രുവരി ആറിന് ഇത് പാസാക്കുകയും ചെയ്തു. പിന്നീട് ഫെബ്രുവരി ഒമ്പതിന് രാജ്യസഭയിൽ അവതരിപ്പിച്ചു. രണ്ട് സഭകളുടെയും അംഗീകാരത്തിന് ശേഷം ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിൽ ഒപ്പ് വെയ്ക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് നിയമത്തിൻ്റെ പരിധിയിൽ വരുന്നത്.

കൂടാതെ, ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും കേന്ദ്ര ഏജൻസിക്ക് കൈമാറാൻ കേന്ദ്ര സർക്കാരിന് നിയമം അധികാരം നൽകുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ, ബാങ്കിംഗ് റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) എന്നിവ നടത്തുന്ന എല്ലാ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾക്കും ഈ നിയമം ബാധകമാണ്.

അതേസമയം യുജിസി നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് 48 മണിക്കൂർ മുൻപെന്ന് സിബിഐയുടെ കണ്ടെത്തൽ. ആറ് ലക്ഷം രൂപയ്ക്കാണ് ചോദ്യപേപ്പർ വിറ്റതെന്നും കണ്ടെത്തി. ഈ ചോദ്യപേപ്പർ എൻക്രിപ്റ്റഡ് അക്കൗണ്ടുകൾ വഴി ടെലഗ്രാമിലും ഡാർക്ക് വെബിലും പ്രചരിച്ചു എന്നും സിബിഐ കണ്ടെത്തലിലുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു എന്ന പരാതിയെ തുടർന്ന് റദ്ദാക്കിയിരുന്നു.

ചോദ്യപേപ്പർ ചോർന്നത് എവിടെവച്ചാണെന്ന് കണ്ടെത്താൻ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ചില പരിശീലന കേന്ദ്രങ്ങൾക്ക് ചോർച്ചയിൽ പങ്കുണ്ടെന്നും ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥരടക്കം നിരീക്ഷണത്തിലാണെന്നും സിബിഐ അറിയിച്ചു. ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും സിബിഐയ്ക്ക് ആലോചനയുണ്ട്.

തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു