College Admission: ഇനി കോളേജിൽ ചേരാൻ വർഷത്തിൽ രണ്ടുതവണ അവസരം; പുതിയ പരിഷ്കാരവുമായി യുജിസി
UGC New Decision About College Admission : പുതിയ മാറ്റം കാരണം ഓരോ സ്ഥാപനം നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും
ന്യൂഡൽഹി: കോളേജിൽ ചേരാനുള്ള സമയം വൈകുമെന്ന പേടിയിൽ പെട്ടെന്ന് തീരുമാനം എടുത്ത് ബുദ്ധിമൂട്ടിയവർ ഏറെയുണ്ട്. ഇനി വേഗത്തിൽ തീരുമാനം എടുത്ത് അങ്കലാപ്പിൽ ആകണ്ട യുജിസി കോളേജ് പ്രവേശനത്തിന് വർഷത്തിൽ രണ്ടു തവണ അവസരം ഇനി മുതൽ ഒരുക്കും. രാജ്യത്തെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ട് തവണ പ്രവേശനം നൽകാമെന്ന് യു ജി സി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ) തീരുമാനിച്ചതായുള്ള വിവരം പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.
നേരത്തെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായിരുന്നു വിദ്യാർത്ഥികൾക്ക് കോളേജുകളിൽ പ്രവേശനം എടുക്കേണ്ടിയിരുന്നത്. എന്നാൽ ഇനി മുതൽ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൂടി അവസരം ലഭിക്കും.
ജനുവരിയിൽ കോഴ്‌സുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ കൂടി ഇനി കോളേജുകൾ സ്വാഗതം ചെയ്യും എന്ന് സാരം. യുജിസി ചെയർമാൻ എം ജഗദേഷ് കുമാറാണ് ഈ വിവരം വ്യക്തമാക്കിയത്. പുതിയ പരിഷ്‌കാരം ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായ രീതിയിലായിരിക്കും ഉണ്ടാവുക.
ALSO READ: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശനം ഏത് ദിവസം?
പുതിയ മാറ്റം കാരണം ഓരോ സ്ഥാപനം നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പരിഷ്‌കാരങ്ങൾ സ്വയം പ്രാവർത്തികമാക്കി നോക്കാൻ സ്ഥാപനങ്ങളോട് തങ്ങൾ നിർദ്ദേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വ്യത്യസ്ത ഘട്ടങ്ങളിലായി വ്യത്യസ്ത കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സർവകലാശാലകൾക്ക് കഴിയുമോ എന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഇതിനൊപ്പം ഉയരുന്നുണ്ട്. ഇതിനും അദ്ദേഹം വ്യക്തത തരുന്നുണ്ട്. ’’ ഇത് അവരുടെ ഇഷ്ടമാണ്. അവരവരുടെ അടിസ്ഥാന സൗകര്യ വികസനം അനുസരിച്ച് തീരുമാനമെടുക്കാം,’’ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
മുമ്പ് വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിൽ യുജിസി ഈ പരിഷ്‌കരണം നടപ്പാക്കിയിരുന്നു.’’ പുതിയ പരിഷ്കാരത്തിലൂടെ നിരവധി കാരണങ്ങളാൽ ജൂലൈ-ഓഗസ്റ്റിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ഒരു വർഷം കാത്തിരിക്കേണ്ട ദുരവസ്ഥ ഇനി ഉണ്ടാകില്ല. ജനുവരിയിൽ തന്നെ അവർക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.
ആഗോള തലത്തിൽ നടപ്പാക്കിവരുന്ന രീതിയാണിത്, വിദ്യാർത്ഥികളുടെ പ്രവേശനനിരക്ക് കൂട്ടാനും ഇതിലൂടെ സാധിക്കും എന്നും ജഗദേഷ് കുമാർ കൂട്ടിച്ചേർത്തു.
രണ്ട് തവണയായുള്ള പ്രവേശന സമ്പ്രദായം പിഎച്ച്ഡി, ബിരുദാനന്തര ബിരുദം, ബിരുദം എന്നീ പ്രോഗ്രാമുകൾക്കും ബാധകമായിരിക്കുമെന്നും യുജിസി വ്യക്തമാക്കി. ‘‘ പിഎച്ച്ഡി പ്രവേശനത്തിന് എല്ലാ സർവകലാശാലകളിലും ജൂലൈയിലാണ് പ്രവേശനം. യുജിസി-നെറ്റ് എല്ലാവർഷവും രണ്ട് തവണ നടത്തുന്നുണ്ട്. അതുകൊണ്ട് പിഎച്ച്ഡി പ്രവേശനം ഇനിമുതൽ വർഷത്തിൽ രണ്ട് തവണയാക്കാം.