CTET Admit Card 2024: സി-ടെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ് വന്നു; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
CBSE CTET December 2024 Admit Card Releases: അപേക്ഷാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡിസംബർ 14-നാണ് പരീക്ഷ. എന്നാൽ, കൂടുതൽ അപേക്ഷകൾ വന്ന നഗരങ്ങളിൽ ഡിസംബർ 15-നും പരീക്ഷ നടത്തിയേക്കും.
സ്കൂളുകളിൽ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ അധ്യാപക നിയമനത്തിനായി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന അര്‍ഹതാനിര്‍ണയ പരീക്ഷയാണ് സി-ടെറ്റ്. കേന്ദ്രീയ നവോദയ വിദ്യാലയങ്ങൾ ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളിലെയും അധ്യാപന നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാണ് സി ടെറ്റ്. ഒരു വ്യക്തിക്ക് എത്ര തവണ വേണമെങ്കിലും സി ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
രണ്ടു വ്യത്യസ്ത ഷിഫ്റ്റുകളായാണ് പരീക്ഷ നടക്കുക. പേപ്പർ രണ്ട് രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 12.00 മണി വരെ നടക്കും. പേപ്പർ ഒന്ന് ഉച്ചകഴിഞ്ഞ് 2.30 മണി മുതൽ വൈകീട്ട് 5.00 മണി വരെ നടക്കും. ചോദ്യപേപ്പർ ഇംഗ്ലീഷിലും, ഹിന്ദിയിലും ലഭ്യമായിരിക്കും. ഒന്നുമുതല്‍ അഞ്ചുവരെ ഉള്ള ക്ലാസുകളില്‍ അധ്യാപകരാകാൻ പേപ്പര്‍ ഒന്ന് പാസായാൽ മതി. എന്നാൽ, ആറുമുതല്‍ എട്ടുവരെ ഉള്ള ക്ലാസുകളില്‍ അധ്യാപകരാകാൻ പേപ്പര്‍ രണ്ടും പാസാകണം.
പരീക്ഷ ഹാളിലേക്ക് പ്രവേശിക്കാൻ ഐഡി പ്രൂഫിനൊപ്പം അഡ്മിറ്റ് കാർഡിന്റെ കോപ്പിയും ആവശ്യമാണ്. അല്ലാത്തപക്ഷം ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതാൻ അനുവാദമില്ല. അഡ്മിറ്റ് കാർഡിലെ ഫോട്ടോ, ഒപ്പ്, മറ്റ് വിശദാംശങ്ങൾ എന്നിവയിൽ ഏതിലെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഉടൻ തന്നെ സി-ടെറ്റ് യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- സിബിഎസ്ഇ സി-ടെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ctet.nic.in സന്ദർശിക്കുക.
- ഹോം പേജിലെ ‘സി-ടെറ്റ് അഡ്മിറ്റ് കാർഡ് 2024’എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന്, തുറന്നു വരുന്ന പേജിൽ നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് കൊടുക്കുക. (ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി, സെക്യൂരിറ്റി പിൻ)
- അഡ്മിറ്റ് കാർഡ് പരിശോധിച്ച ശേഷം, അതിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
സെൻട്രൽ ബോർഡ് പുറത്തുവിട്ട നിർദേശങ്ങൾ പ്രകാരം ഇനിപ്പറയുന്ന വസ്തുക്കൾ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുന്നതല്ല: പുസ്തകങ്ങൾ, കുറിപ്പുകൾ, കടലാസുകൾ, ജോമെറ്ററി ബോക്സ്, കാൽക്കുലേറ്റർ, പെൻസിൽ ബോക്സ്, പെൻഡ്രൈവ്, ഇറേസർ, വൈറ്റ്നർ, സ്കെയിൽ മുതലായ സ്റ്റേഷനറി സാധനങ്ങൾ. മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത്, ഇയർ ഫോണുകൾ, പേജർ, ഹെൽത്ത് ബാൻഡുകൾ തുടങ്ങിയ ആശയവിനിമയ ഉപകരണങ്ങൾ. കൂടാതെ, റിസ്റ്റ് വാച്ചുകൾ, ഡിജിറ്റൽ ഗ്ലാസുകൾ, ഹാൻഡ് ബാഗുകൾ, ആഭരണങ്ങൾ തുടങ്ങിയവയും പ്രവേശിപ്പിക്കില്ല.