CBSE board exams: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ; 2025-26 മുതൽ പ്രാബല്യത്തിലോ?
കുട്ടികളുടെ സമ്മർദ്ദം കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഇങ്ങനൊരു രീതി ആവിഷ്കരിക്കുന്നത്.
ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്താൻ ആരോചന. 2025-26 മുതൽ വർഷത്തിൽ രണ്ടുതവണയാക്കാനാണ് പദ്ധതിയിടുന്നത്. സമ്മർദ്ദം കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടാണ് ഇങ്ങനൊരു രീതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷാനടത്തിപ്പു സംബന്ധിച്ച രൂപരേഖ തയാറാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, സെമസ്റ്റർ സംവിധാനം കൊണ്ടുവരാനുള്ള ആലോചനകൾ നിലവിൽ ഇല്ലെന്നാണ് വിവരം. വർഷത്തിൽ രണ്ടുതവണ വീതം പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ സ്കൂൾ പ്രിൻസിപ്പൽമാരുമായും സിബിഎസ്ഇ അധികൃതർ ചർച്ച ചെയ്യും. അടുത്തമാസംതന്നെ ആശയവിനിമയം തുടങ്ങുമെന്നാണ് വിദ്യാഭ്യാസമന്ത്രാലയം നൽകുന്ന സൂചന.
നിലവിലുള്ള അക്കാദമിക് കലണ്ടറിൻറെ രീതിയിൽ ഒരു തവണകൂടി എങ്ങനെ പരീക്ഷ നടത്താനാകും എന്നതാണു പ്രധാന വെല്ലുവിളിയായി മുന്നിലുള്ളത്. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞവർഷം പ്രഖ്യാപിച്ച പുതിയ പാഠ്യപദ്ധതിയിൽ വർഷത്തിൽ രണ്ടുതവണ പരീക്ഷ നടത്തുന്നതിനുള്ള നിർദേശമുണ്ടായിരുന്നു. പരീക്ഷയ്ക്കായി ഒരുങ്ങുന്നതിന് കുട്ടികൾക്ക് കൂടുതൽ സമയം ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്നാണു മന്ത്രാലയം വ്യക്തമാക്കുന്നത്.
കൂടാതെ, 2024 ഫെബ്രുവരി 24ന്, 2025-26 അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കുമെന്ന് പ്രധാൻ പ്രസ്താവിച്ചിരുന്നു.