CBSE Board Exams: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ; സെമസ്റ്റർ സംവിധാനവും പരി​ഗണനയിൽ

CBSE Board Exams 2025 Updates: കുട്ടികളിലെ പരീക്ഷാ പേടിയും സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചർച്ചകൾ വിദ്യാഭ്യാസ ബോർഡുകളുമായി നടത്തി വരുന്നതായും അദ്ദേഹം അറിയിച്ചു.

CBSE Board Exams: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ; സെമസ്റ്റർ സംവിധാനവും പരി​ഗണനയിൽ

Representational Image

Updated On: 

09 Jan 2025 11:37 AM

ന്യൂഡൽഹി: ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുന്നതിനുള്ള പദ്ധതി 2026-27 അധ്യയന വർഷം മുതൽ നടപ്പാക്കുമെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്ത്, പന്ത്രണ്ടു ക്ലാസുകളിൽ സെമസ്റ്റർ പരീക്ഷ നടത്താനും, ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണയായി നടത്താനും ആലോചനകൾ ഉണ്ട്.

കുട്ടികളിലെ പരീക്ഷാ പേടിയും സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചർച്ചകൾ വിദ്യാഭ്യാസ ബോർഡുകളുമായി നടത്തി വരുന്നതായും അദ്ദേഹം അറിയിച്ചു. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്ന സംഭവുമായി ബന്ധപ്പെട്ട് പരീക്ഷയുടെ നടത്തിപ്പ് കൂടുതൽ കുറ്റമറ്റമാക്കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടിയാലോചനകളിലൂടെ കൂടുതൽ ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

യു.പി.എസ്.സി പരീക്ഷകളുടെ മാതൃകയിൽ എൻടിഎ പരീക്ഷകളെ കുറ്റമറ്റതാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. എൻടിഎയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ട് വെച്ച നിർദേശങ്ങൾ നടപ്പാക്കും എന്നും മന്ത്രി അറിയിച്ചു.

ALSO READ: യുജിസി മാർഗരേഖയിൽ ആശങ്ക; ‘അക്കാദമിക്ക് ഗുണനിലവാരം തകർക്കും’; കേരളം കോടതിയിലേക്ക്

അതേസമയം, പരീക്ഷകളുടെ നടത്തിപ്പിനും, പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനും സംസ്ഥാന സർക്കാരുകളെയും ജില്ലാതല ഭരണകൂടത്തെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കാര്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾക്കാണ് രാധാകൃഷ്ണൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളത്. നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചത്.

നിലവിൽ, 2024-25 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ്. ഫെബ്രുവരി 15-ന് ആരംഭിക്കുന്ന പരീക്ഷകൾ ഏപ്രിൽ നാലിന് അവസാനിക്കും. ഈ വർഷത്തെ പരീക്ഷകൾ മുൻ വർഷങ്ങളിലേത് പോലെ തന്നെ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ പുതിയ രീതികൾ നടപ്പാക്കും എന്നാണ് കരുതുന്നത്.

അതേസമയം, യുജിസി പുറത്തിവിട്ട പുതിയ മാർഗരേഖയും വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. പുതിയ മാർഗരേഖ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇനി യുജിസി നെറ്റ് ആവശ്യമില്ല. ഇതുവരെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷ കൂടിയായിരുന്നു യുജിസി നെറ്റ്. എന്നാൽ, പുതിയ കരട് അനുസരിച്ച്, 75 ശതമാനം മാർക്കോടെ നാല് വർഷ ബിരുദമോ, 55 ശതമാനം മാർക്കോടെ പിജി ബിരുദമോ നേടിയവർക്ക് നെറ്റ് ഇല്ലാതെ തന്നെ അസിസ്റ്റന്റ് പ്രൊഫസറാകാം. എന്നാലിത് അക്കാദമിക് യോഗ്യതകളുടെ പ്രാധാന്യത്തെ ഇല്ലാതാകും എന്നാണ് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ