NEET UG Case: നീറ്റ് പരീക്ഷ വിവാദം; ചോദ്യപേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ പിടിയിൽ
NEET UG Paper Leak Case: അറസ്റ്റിന് ശേഷം പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തുകയും ചെയ്തു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചേർത്തിയ കേസിൽ (NEET UG Case) ബിഹാറിൽ നിന്ന് ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ‘റോക്കി’ എന്നറിയപ്പെടുന്ന രാകേഷ് രഞ്ജനെയാണ് സിബിഐ (CBI) അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് ശേഷം പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തുകയും ചെയ്തു. തിരച്ചിലിൽ രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ 10 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 33 ആയി.
നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷക്ക് വേണ്ടി ഝാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടുപോകും വഴിയാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ വിദ്യാർത്ഥികളിൽ നിന്ന് 50 ലക്ഷം വരെ വാങ്ങിയാണ് എത്തിച്ചുനൽകിയത്. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചിരുന്നില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ അവകാശപ്പെടുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ടാണ് സിബിഐ തയ്യാറാക്കിയത്.
ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട്; നിര്‍ണായക അറസ്റ്റുമായി സിബിഐ, മുഖ്യ സൂത്രധാരന്‍ പിടിയില്‍
അതേസമയം യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തൽ. ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പറുകൾ പരീക്ഷയ്ക്കുശേഷം വ്യാജമായി സൃഷ്ടിച്ചതാണെന്നും സിബിഐ കണ്ടെത്തിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യക്കടലാസ് ചോർന്നുവെന്ന വിവരത്തെത്തുടർന്ന് പരീക്ഷ നടന്ന് പിറ്റേ ദിവസം തന്നെ കേന്ദ്രസർക്കാർ പരീക്ഷ റദ്ദാക്കിയിരുന്നു. പ്രചരിച്ചത് പരീക്ഷയ്ക്ക് ശേഷം പകർത്തിയതിൻ്റെ സ്ക്രീൻഷോട്ടുകളാണെന്നും സിബിഐ പറയുന്നു. എന്നാൽ പരീക്ഷയ്ക്കുമുമ്പ് ചോദ്യക്കടലാസ് ചോർന്നുവന്ന് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത്.
പരീക്ഷയുടെ ആദ്യസെഷൻ അവസാനിച്ചതിന് പിന്നാലെ രണ്ടുമണിക്കാണ് ഉദ്യോഗാർത്ഥികളിൽ ഒരാൾ ചോദ്യപേപ്പർ ടെലഗ്രാമിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെ ചോദ്യപേപ്പർ നേരത്തേ ചോർന്നുവെന്ന തരത്തിൽ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ചോദ്യപേപ്പർ പരീക്ഷയ്ക്ക് ദിവസങ്ങൾ മുമ്പേ ചോർന്നുവെന്നും പണം നൽകിയാൽ ഇത് ലഭ്യമാക്കുമെന്നും ഒരു ടെലഗ്രാം ചാനൽ പുറത്തുവിട്ടിരുന്നു. പരീക്ഷയ്ക്കുമുമ്പേ ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ആദ്യസെഷനുശേഷം ചോദ്യപേപ്പർ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചത്.