Nursing admission: ബിഎസ്‌സി നഴ്‌സിങ് പ്രവേശനം: കോളേജുകളിൽ നഴ്‌സിങ് കൗൺസിലിൻ്റെ പരിശോധന
ഇക്കൊല്ലം പരിശോധനയില്ലെന്നും ഉപാധികളോടെ അഫിലിയേഷൻ നൽകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്.
തിരുവനന്തപുരം: നഴ്‌സിങ് കോളേജുകൾക്ക് പ്രവേശനാനുമതി നൽകുന്നതിനുമുന്നോടിയായുള്ള പരിശോധനയുടെ ക്രമീകരണം അറിയിക്കാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്. സംസ്ഥാന നഴ്‌സിങ് കൗൺസിലിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അടിയന്തര കൗൺസിൽ ചേർന്ന് തീരുമാനം അറിയിക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇതോടെ നഴ്‌സിങ് കോളേജുകളിൽ നിർത്തിവെച്ചിരുന്ന പരിശോധന പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് നഴ്‌സിങ് കൗൺസിൽ. അടുത്തമാസം ചേരുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടായേക്കും.
ഇക്കൊല്ലം പരിശോധനയില്ലെന്നും ഉപാധികളോടെ അഫിലിയേഷൻ നൽകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചത്. എന്നാൽ ഇതിനുവിരുദ്ധമായാണ് ഇപ്പോൾ ആരോഗ്യവകുപ്പ്, കൗൺസിലിനോട് പരിശോധനാ ക്രമീകരണം അറിയിക്കാൻ ആവശ്യപ്പെട്ടതെന്നാണ് മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടുന്നത്.
കൗൺസിൽ അംഗങ്ങൾ കോളേജുകളിൽ നേരിട്ട് പരിശോധന നടത്തേണ്ടെന്നായിരുന്നു നേരത്തേ മന്ത്രി അറിയിച്ചിരുന്നത്. ഇതേത്തുടർന്ന് പരിശോധന നഴ്‌സിങ് കൗൺസിൽ നിർത്തിവെച്ചിരിക്കുകയായിരുന്നു.
നേരത്തേ അധ്യാപകരായിരുന്നു നഴ്‌സിങ് കോളേജുകളിലെ പരിശോധന നടത്തിയിരുന്നത്. പരസ്പരം പല വിട്ടുവീഴ്ചകൾ ചെയ്ത് പോരായ്മകൾ റിപ്പോർട്ടു ചെയ്യുന്നില്ലെന്ന ആരോപണം ഉയർന്നതോടെയാണ് കൗൺസിൽ നേരിട്ട് പരിശോധനയ്ക്കിറങ്ങിയത്.
നഴ്സിങ് പ്രവേശനത്തിന് മാനേജ്‌മെന്റ് അസോസിയേഷനുകളിൽ അംഗങ്ങളല്ലാത്ത കോളേജുകൾ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടത്തുന്ന പ്രവേശനം സുതാര്യമല്ലെന്ന് പരാതി ഉയർന്നാൽ അംഗീകാരം റദ്ദാക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
നഴ്‌സിങ് പ്രവേശനത്തിന് മാനേജ്‌മെന്റ് അസോസിയേഷനുകൾ വാങ്ങിയ പ്രവേശന ഫീസിന് ജിഎസ്ടി നൽകണമെന്ന വിഷയത്തിൽ അസോസിയേഷനുമായും മറ്റു മാനേജ്‌മെന്റുകളുമായും നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നഴ്‌സിങ് സീറ്റ് വർധനയില്ല
ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽ സീറ്റുവർധനയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അത്രയും സീറ്റുകളിൽ ഉപാധികളോടെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിന് അംഗീകാരം നൽകുമെന്ന് വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രവേശന മേൽനോട്ട സമിതിക്ക് ഇതിനായി നിർദേശം നൽകണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏതെങ്കിലും കോളേജുകൾക്ക് പിന്നീട് സീറ്റ് വർധിപ്പിച്ചു നൽകിയാൽ പ്രവേശനത്തിന്റെ അന്തിമഘട്ടത്തിൽ മാത്രമേ അവ അലോട്‌മെന്റിന് പരിഗണിക്കാനിടയുള്ളൂ.