Four Year Degree: നാലുവര്‍ഷ ബിരുദക്കാര്‍ക്ക് പിജി ഇല്ലാതെ പിഎച്ച്ഡി നേടാം
നാലുവര്‍ഷ ബിരുദത്തില്‍ എട്ട് സെമസ്റ്ററും 177 ക്രെഡിറ്റുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് വിടുതല്‍ നേടി പോകാവുന്നതാണ്
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തില്‍ നാലുവര്‍ഷ ബിരുദ പഠനം പ്രാബല്യത്തില്‍ വരികയാണ്. അതുകൊണ്ട് തന്നെ പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സംശയങ്ങളുമുണ്ട്. നാലുവര്‍ഷ ഡിഗ്രി എടുത്ത് കഴിഞ്ഞാല്‍ എന്താണ് പ്രയോജനമെന്നാണ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗത്തിനുമുള്ള സംശയം.
എന്നാല്‍ നാലുവര്‍ഷ ഡിഗ്രി നേടുന്നവര്‍ക്ക് ഒട്ടനവധി പ്രയോജനങ്ങളുണ്ട്. അതിലൊന്നാണ് പിജി ഇല്ലാതെ പിഎച്ച്ഡി എന്നത്. ഉന്നത വിദ്യഭ്യാസത്തില്‍ ഗവേഷണപഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നാലുവര്‍ഷ ബിരുദം തെരഞ്ഞെടുക്കുമ്പോള്‍ ഓണേഴ്‌സ് വിപത്ത് റിസര്‍ച്ച് പഠിച്ചാല്‍ നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം നേടാം. ഇങ്ങനെ നാലുവര്‍ഷ ബിരുദക്കാര്‍ക്ക് പിജി പഠനത്തില്‍ നിന്ന് ഒരു വര്‍ഷം ലാഭിച്ച് അത് ഗവേഷണത്തിന് പ്രയോജനപ്പെടുത്താം.
ഇതിനുള്ള എല്ലാ വ്യവസ്ഥകളും നാലുവര്‍ഷത്തില്‍ ഉള്‍ക്കൊള്ളിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാലുവര്‍ഷ ബിരുദത്തില്‍ എട്ട് സെമസ്റ്ററും 177 ക്രെഡിറ്റുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് വിടുതല്‍ നേടി പോകാവുന്നതാണ്. 133 ക്രെഡിറ്റുള്ള ആറ് സെമസ്റ്റര്‍ മാത്രം പൂര്‍ത്തീകരിച്ചാല്‍ മതിയെന്ന് സാരം.
വിടുതല്‍ നേടി പോകാതെ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള കൂടുതല്‍ വഴികള്‍ തുറക്കുന്ന വര്‍ഷം കൂടിയാണ് നാലാം വര്‍ഷം. തൊഴില്‍ ആഭിമുഖ്യമുള്ള ഏഴും എട്ടും സെമസ്റ്ററുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഓണേഴ്‌സ് ലഭിക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യ സെമസ്റ്ററില്‍ തന്നെ പാത്ത്‌വേ നല്‍കി ഇഷ്ടമുള്ള മേഖലയിലേക്ക് പോകാവുന്നതാണ്.
ഗവേഷണത്തിന് താല്‍പര്യപ്പെടുന്നവര്‍ക്ക് ഏഴാം സെമസ്റ്ററില്‍ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് എന്ന കോഴ്‌സ് തെരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ആറ് സെമസ്റ്ററിലും കൂടി 75 ശതമാനം മാര്‍ക്ക് വേണം. ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് പാസായാല്‍ ഒരു വര്‍ഷം ബിരുദാനന്തര ബിരുദം നേടാതെ തന്നെ പിച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്യാം. ഗവേഷണ പഠനം ഊര്‍ജിതമാക്കുന്നതിന്റെ ഊര്‍ജിതമാക്കുന്നതിന് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായിട്ടുള്ള റിസര്‍ച്ച് കൗണ്‍സില്‍ രൂപീകരിക്കാനും അധികൃതര്‍ പദ്ധതിയിടുന്നുണ്ട്.
അതേസമയം നാലുവര്‍ഷ ബിരുദത്തിലേക്ക് മാറുന്നതിനൊപ്പം ഫീസ് ഘടനയും പരിഷ്‌കരിക്കും. പഠിക്കുന്ന കോളേജിനുപുറത്തുള്ള കോഴ്സെടുത്ത് അധിക ക്രെഡിറ്റ് നേടാന്‍ അധികഫീസടയ്ക്കാന്‍ വ്യവസ്ഥവരും. ഇതിനുപുറമേ, നാലാമത്തെവര്‍ഷം പ്രത്യേക ഫീസീടാക്കാനാണ് ആലോചന.
ഓണേഴ്സിനും ഓണേഴ്സ് വിത്ത് റിസര്‍ച്ചിനും വെവ്വേറെ ഫീസ് ഏര്‍പ്പെടുത്താനാണ് സാധ്യത. നിലവില്‍ ഒരു ബിരുദത്തിന് ശരാശരി മൂവായിരം രൂപയാണ് ഫീസ്. ഈ തുക വര്‍ധിപ്പിക്കില്ല. സെമസ്റ്ററിനുപുറമെ കോളേജ് വിദ്യാഭ്യാസം നിര്‍ബന്ധമായും ക്രെഡിറ്റ് സമ്പ്രദായത്തിലേക്കു മാറുന്നതിനാല്‍, അതനുസരിച്ചുള്ള പരിഷ്‌കാരം ഫീസ്ഘടനയില്‍ കൊണ്ടുവരും.