Agniveer Recruitment 2025: കരസേനയില്‍ അഗ്‌നിവീര്‍ ആകാം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു, വനിതകൾക്കും അവസരം
Agniveer Recruitment 2025: 2025-2026 വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ശാരീരികക്ഷമതാ പരീക്ഷയുടെയും ഓണ്‍ലൈന്‍ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

ഇന്ത്യൻ ആർമി 2025-2026 വർഷത്തെ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ശാരീരികക്ഷമതാ പരീക്ഷയുടെയും ഓണ്‍ലൈന്‍ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. പരീക്ഷകൾ 2025 ജൂൺ മുതൽ ആരംഭിക്കും. താൽപര്യമുള്ളവർക്ക് www.joinindianarmy.nic.in ല്‍ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയില്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതാണ്.
യോഗ്യത: എട്ടാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ള അവിവാഹിതരായ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2004 ഒക്ടോബർ ഒന്നിനും 2008 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
തീയതി: ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ: കോഴിക്കോട് -0495 2383953, തിരുവനന്തപുരം: 0471 2356236
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കാലിക്കറ്റ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിനുകീഴിൽ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരും മാഹി, ലക്ഷദ്വീപ് സ്വദേശികളുമാണ് ഉള്‍പ്പെടുക. അതത് റിക്രൂട്ട്മെന്റ് ഓഫീസുകളിലെ വിജ്ഞാപനം വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.
വനിതകൾക്കും അവസരം
ഇന്ത്യൻ ആർമി വനിതകൾക്കായി നടത്തുന്ന അഗ്നിവീർ തിരഞ്ഞെടുപ്പിലും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. വിമെന്‍ മിലിട്ടറി പൊലീസിലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയാണ് ആദ്യത്തെ ഘട്ടം. അതിൽ യോഗ്യത നേടുന്നവർക്ക് റിക്രൂട്ട്‌മെന്റ് റാലിയുമുണ്ടാവും. പരീക്ഷ 2025 ജൂൺ മുതൽ ആരംഭിക്കും.
യോഗ്യത: പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷ നൽകാം. ആകെ 45 ശതമാനം മാര്‍ക്കും അഞ്ച് അടിസ്ഥാന വിഷയങ്ങളില്‍ ഓരോന്നിന് 33 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. ഗ്രേഡിങ് സിസ്റ്റത്തില്‍ പഠിച്ചവര്‍ക്ക് ഇതിന് തുല്യമായ ഗ്രേഡ് ഉണ്ടായിരിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അവിവാഹിതർക്കും, കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2004 ഒക്ടോബര്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം. അതേസമയം സര്‍വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കുന്നതാണ്. കേരളത്തിലെയും മാഹിയിലെയും ലക്ഷദ്വീപിലെയും അപേക്ഷകര്‍ ബെംഗളൂരുവിലെ സോണല്‍ ഓഫീസിനുകീഴിലാണ് ഉൾപ്പെട്ടിരിക്കുന്നത്.