Fashion Designing and Garment Technology: കേരളത്തിലെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാര്‍മെന്റ് ടെക്നോളജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Fashion Designing and Garment Technology Admission: വസ്ത്ര രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചത്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.
കേരളത്തിലെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി രണ്ടു വർഷ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ഉള്ള സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷ ക്ഷണിച്ചത് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ആണ്.
കോഴ്സ്
വസ്ത്ര രൂപകൽപ്പന, നിർമ്മാണം, വിപണനം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് നേടാൻ ഈ കോഴ്സ് സഹായിക്കുന്നു. കൂടാതെ പരമ്പരാഗത വസ്ത്രനിർമ്മാണ മേഖലകളിൽ പ്രാവീണ്യം നേടുന്നതിനൊപ്പം, കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും വൈദഗ്ധ്യം നേടാനും കോഴ്സ് സഹായകരമാകും. ആറാഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്, ഇംഗ്ലീഷ് ആൻഡ് വർക്സ്പേസ് സ്‌കിൽസ് പരിശീലനം എന്നിവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു. കൺട്രോളർ ഓഫ് ടെക്‌നിക്കൽ എക്‌സാമിനേഷൻസ് ആണ് പരീക്ഷ നടത്തുക. ഒന്നും രണ്ടും വർഷങ്ങളിലായി നടത്തുന്ന രണ്ടു പരീക്ഷയിലും പാസാകുന്നവർക്ക് കേരള ഗവണ്മെന്റ് ടെക്നിക്കൽ എക്‌സാമിനേഷൻസ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി സർട്ടിഫിക്കറ്റ് നൽകും.
സ്ഥാപനങ്ങൾ
കേരളത്തിലുള്ള 42 ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിലും ഈ കോഴ്സ് ലഭ്യമാണ്. തിരുവനന്തപുരത്ത് ഏഴ്, ഇടുക്കി, തൃശൂർ ജില്ലകളിൽ അഞ്ച് വീതം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാല് വീതം, എറണാകുളം, വയനാട് ജില്ലകളിൽ മൂന്ന് വീതം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് വീതവും കാസർഗോഡ് ഒരെണ്ണവും വീതമാണ് പഠനകേന്ദ്രങ്ങൾ ഉള്ളത്. കൂടാതെ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്തും ഇടുക്കിയിലും രണ്ട് സ്ഥാപനങ്ങൾ കൂടെയുണ്ട്. ഇതിനുപുറമെ സാങ്കേതിക വകുപ്പിന്റെ അംഗീകാരമുള്ള 87 സ്വകാര്യ സ്ഥാപനങ്ങളും കേരളത്തിൽ ഉണ്ട്.
യോഗ്യത
എസ്എസ്എൽസി/ തത്തുല്യ പ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധിയില്ല.
എസ്എസ്എൽസി/ തത്തുല്യ പരീക്ഷയിലെ ഗ്രേഡ് പോയിന്റ് പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുക.
ALSO READ: ഹൈസ്‌കൂൾ കടക്കാൻ മിനിമം മാർക്ക് ; തോറ്റാൽ സേ പരീക്ഷ…ഇപ്പോഴാണോ വെളിവ് വന്നതെന്ന് പ്രതികരണം
അപേക്ഷ
http://polyadmission.org/gifd/ വെബ്സൈറ്റ് വഴി ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. സർക്കാർ സ്ഥാപനങ്ങളിൽ ഒന്നിൽ കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് അപേക്ഷിക്കാം. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ഓരോ അപേക്ഷയും പ്രത്യേകം നൽകണം. സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന്റെ അവസാന തീയതി വരെ അപേക്ഷിക്കാവുന്നതാണ്.
ഫീസ്
സർക്കാർ സ്ഥാപനങ്ങളിൽ; പ്രവേശന ഫീസ് – 135 രൂപ, സ്പെഷ്യൽ ഫീസ് – 210 രൂപ, കരുതൽ നിക്ഷേപം – 300 രൂപ.
സ്വകാര്യ സ്ഥാപനങ്ങളിൽ; പ്രവേശന ഫീസ് – 125 രൂപ, പ്രതിവർഷ ട്യൂട്ഷൻ ഫീസ് – 15000 രൂപ, പെർമനെന്റ് പരീക്ഷ രജിസ്‌ട്രേഷൻ ഫീസ് – 200 രൂപ.
സംവരണം ഉള്ളവർക്ക് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.