Women Bank Deposit: സ്ത്രീകളുടെ പണമെല്ലാം ആവിയാവുകയാണോ? അക്കൗണ്ടുണ്ട് പക്ഷെ ഡെപ്പോസിറ്റില്ല
Savings Schemes: എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കാത്തതെന്ന് എന്നതിനുള്ള കാരണം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ പുരുഷനും സ്ത്രീയും എന്ന സര്‍വേയില്‍ പറയുന്നുണ്ട്.
സ്ത്രീകള്‍ക്ക് സമ്പാദ്യശീലം പൊതുവേ കുറവാണല്ലെ. നിരവധി ബാങ്കുകളില്‍ അവര്‍ക്ക് അക്കൗണ്ടുണ്ടെങ്കിലും അതിലൊന്നിലും പണം കാണില്ല. ഇത് വീട്ടമ്മമാരായ സ്ത്രീകളുടെ മാത്രം കാര്യമല്ല, ജോലിക്കാരായ സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെയാണ്. പുരുഷന്മാരെ അപേക്ഷിച്ച് പണം സമ്പാദിക്കണമെന്ന ചിന്ത പൊതുവേ സ്ത്രീകളെ തേടിയെത്താറില്ല. അത് ചിലപ്പോള്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരുന്നത് കൊണ്ടുമാകാം. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കാത്തതെന്ന് എന്നതിനുള്ള കാരണം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ പുരുഷനും സ്ത്രീയും എന്ന സര്‍വേയില്‍ പറയുന്നുണ്ട്.
അക്കൗണ്ടും നിക്ഷേപവും
നമ്മുടെ രാജ്യത്തുള്ള ആകെ ബാങ്ക് അക്കൗണ്ടുകളില്‍ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകള്‍ക്കുള്ളതെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ ആകെ 260 കോടിയിലേറെ അക്കൗണ്ടുകളാണുള്ളത്. ഇതില്‍ 92 കോടി അക്കൗണ്ടുകളാണ് സ്ത്രീകളുടേതായിട്ടുള്ളത്. ജോയിന്റ് ഫാമിലി അക്കൗണ്ടുകള്‍, വ്യക്തിഗത, കാര്‍ഷിക, വാണിജ്യ, സംരംഭക, ശമ്പള അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ആകെ ബാങ്ക് നിക്ഷേപത്തിന്റെ 20..8 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്കുള്ളത്. ഇതില്‍ നഗരങ്ങളിലുള്ള നിക്ഷേപം 16.5 ശതമാനവും ഗ്രാമങ്ങളില്‍ 30 ശതമാനവുമാണ്. നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് കൂടുതല്‍ നിക്ഷേപമുള്ള സ്ത്രീകളുള്ളത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍
സ്ത്രീകളുടെ പേരില്‍ എടുത്ത അക്കൗണ്ടുകളില്‍ ഏറെയും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനായിട്ടുള്ളതാണ്. ഇതാണ് അവര്‍ക്ക് നിക്ഷേപം കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍, കാര്‍ഷിക ആനുകൂല്യങ്ങള്‍ക്കുള്ള അക്കൗണ്ടുകള്‍ തുടങ്ങിയ അക്കൗണ്ടുകളാണ് പ്രധാനമായും സ്ത്രീകളുടെ പേരിലുള്ളത്.
ആനുകൂല്യമായി ലഭിക്കുന്നത് ചെറിയ തുകകള്‍ ആയതുകൊണ്ട് തന്നെ ഇവ പെട്ടെന്ന് ചിലവഴിക്കപ്പെടുന്നു. ഈ തുകകള്‍ ആര്‍ക്കും നിക്ഷേപമായി മാറുന്നുമില്ല. ഗ്രാമീണര്‍ക്കാണ് ഇത്തരം അക്കൗണ്ടുകള്‍ ധാരാളമായി ഉള്ളതെന്നാണ് സര്‍വേ ഫലം പറയുന്നത്.
പരമ്പരാഗത നിക്ഷേപങ്ങള്‍
30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ബാങ്കുകളില്‍ നിക്ഷേപിക്കുന്നുള്ളുവെന്നാണ് പഠനത്തില്‍ പറയുന്നത്. രാജ്യത്തെ സ്ത്രീകളില്‍ പകിതിയിലേറെ പേരും സാമ്പത്തിക കാര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കാത്തവരാണെന്നും. ബാങ്ക് നിക്ഷേപത്തേക്കാള്‍ പരമ്പരാഗത നിക്ഷേപ രീതിയായ സ്വര്‍ണത്തിലാണ് സ്ത്രീകള്‍ കൂടുതലായും നിക്ഷേപിക്കുന്നത്. സ്വര്‍ണം മാത്രമല്ല, ചിട്ടികളും സ്ത്രീകളുടെ ഇഷ്ട നിക്ഷേപ രീതിയാണ്. ക്രിപ്‌റ്റോ, ഓഹരി വിപണികളില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണെന്നും പഠനം പറയുന്നു.
സ്ത്രീകള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതികള്‍
1. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പ്രതിമാസ വരുമാന പദ്ധതി വഴി അക്കൗണ്ടില്‍ ഒറ്റത്തവണ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ഈ നിക്ഷേപ രീതിക്ക് ഉറപ്പായ വരുമാനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. പരമാവധി അനുവദിച്ചിരിക്കുന്ന നിക്ഷേപം 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ അത് 15 ലക്ഷം രൂപയുമാണ്.
7.04 ശതമാനമാണ് പലിശ നിരക്ക്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി. പണം പിന്‍വലിക്കണമെന്ന് ഉള്ളവര്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം പിന്‍വലിക്കാവുന്നതാണ്.
2. പോസ്റ്റ് ഓഫീസ് റിക്കറിങ് നിക്ഷേപം
പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ ആവര്‍ത്തന നിക്ഷേപത്തിന് സമാനമാണ്. ഇതില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. പരമാവധി അനുവദിച്ചിരിക്കും എന്നാണെങ്കില്‍, നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും പണം ഇതില്‍ നിക്ഷേപിക്കാം.
6.02 ശതമാനമാണ് പലിശ നിരക്ക്. പരമാവധി അഞ്ചുവര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി എങ്കിലും പിന്നീടൊരു അഞ്ചുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും. 1 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആര്‍ഡി അക്കൗണ്ട് ബാലന്‍സിന്റെ 50 ശതമാനം വരെ വായ്പയായി ലഭിക്കും.
3. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ഈ സ്‌കീം ബാങ്കുകള്‍ നല്‍കുന്ന സ്ഥിര നിക്ഷേപത്തിന് സമാനമാണ്. എന്നാല്‍ പോസ്റ്റ് വഴിയുശ്ശ ഈ നിക്ഷേപം ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടുകൂടിയുള്ളതാണ്. ഈ സ്‌കീമിന്റെ പലിശ നിരക്ക് കേന്ദ്ര ധനമന്ത്രാലയാണ് തീരുമാനിക്കുന്നത്.
1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപതുക. പിന്നീട് 100 ന്റെ ഗുണിതങ്ങളായിട്ടുള്ള സംഖ്യകളാണ് നിക്ഷേപിക്കാന്‍ സാധിക്കുക. എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാം. 1 വര്‍ഷമെങ്കിലും നിക്ഷേപിക്കണം എന്നാണ് നിബന്ധന. കാലാവധി പൂര്‍ത്തിയാകുന്നത് അഞ്ചുവര്‍ഷം കഴിയുമ്പോഴാണ്.
പലിശ നിരക്ക് വരുന്നത് 6.8% പിഎ (1 വര്‍ഷം), 6.9% പിഎ (2 വര്‍ഷം), 7.0% പിഎ (3 വര്‍ഷം), 7.5% പിഎ (5 വര്‍ഷം) എന്നിങ്ങനെയാണ്. 6 മാസം പൂര്‍ത്തിയാക്കിയതിന് ശേഷം പണം പിന്‍വലിക്കാന്‍ സാധിക്കും.
ഇതുമാത്രമല്ല ഈ സ്‌കീം വഴി നിങ്ങള്‍ക്ക് പണയം വെക്കാനുള്ള ഓപ്ഷന്‍ കൂടിയുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി/സംസ്ഥാന ഗവര്‍ണര്‍, ആര്‍ബിഐ/ഷെഡ്യൂള്‍ഡ് ബാങ്ക്/കോ-ഓപ്പറേറ്റീവ് ബാങ്ക്/കോ-ഓപ്പറേറ്റ് സൊസൈറ്റി, സര്‍ക്കാര്‍ കമ്പനി/ലോക്കല്‍ അതോറിറ്റി/പൊതു അല്ലെങ്കില്‍ സ്വകാര്യ കോര്‍പ്പറേഷന്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നിവര്‍ക്കാണ് പണയം വെക്കാന്‍ സാധിക്കുന്നത്.
Also Read: 8th Pay Commission: എട്ടാം ശമ്പള കമ്മീഷൻ വരുമോ? ജീവനക്കാർക്ക് എത്ര രൂപ ശമ്പളം കൂടും?
4. മഹിള സമ്മാന്‍ സ്‌കീം
ചുരുങ്ങിയ സമയത്തിനുള്ളില്‍ നിക്ഷേപത്തിന് വലിയ പലിശ സ്ത്രീകള്‍ക്ക് ലഭിക്കുന്നു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ 10 വയസോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല, ആദായനികുതിയുടെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യവും നിക്ഷേപത്തിന് ലഭിക്കുന്നു
ചെറുകിട സേവിംഗ് സ്‌കീമാണ് ഇത്. ഈ പദ്ധതിയില്‍ ക്ഷേപകര്‍ രണ്ട് വര്‍ഷത്തേക്ക് മാത്രം നിക്ഷേപിക്കണം, അതില്‍ നിക്ഷേപത്തിന്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്. 7.05 ശതമാനം വരെ പലിശ ലഭിക്കും. സ്ത്രീകള്‍ക്കായുള്ള നിക്ഷേപ പദ്ധതികളില്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണിത്. കുറഞ്ഞ കാലത്തേക്ക് ഇതില്‍ നിക്ഷേപിച്ചാലും സ്ത്രീകള്‍ക്ക് നല്ല വരുമാനം നേടാനാകും.