Cardless ATM Withdrawals : കാർഡ് വേണ്ട, മൊബൈൽ മാത്രം മതി; എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം ഇങ്ങനെ
ATM Cash Withdrawal Without Card : ഒരു മൊബൈൽ ഫോൺ മാത്രം മതി ഇപ്പോൾ ഒരു ഉപയോക്താവിന് എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനായി വേണ്ടത്. കാർഡ് കൈയ്യിൽ നിന്നും കളഞ്ഞു പോകുമെന്ന ആശങ്കയും ഇനി വേണ്ട
ബാങ്കിങ് മേഖലയിൽ ഏറ്റവും വിപ്ലവം സൃഷ്ടിച്ച പണമിടപാട് സംവിധാനമായിരുന്നു എടിഎം (ATM). ബാങ്ക് നൽകുന്ന ഒരു കാർഡ് ഉപയോഗിച്ച് ഏത് സമയവും ആവശ്യത്തിനുള്ള പണം പിൻവലിക്കാനുള്ള സംവിധാനമായിരുന്ന എടിഎം മെഷനിലൂടെ ബാങ്കുകൾക്ക് സാധിച്ചെടുക്കാനായത്. പിന്നാലെ എടിഎമ്മുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് ബാങ്കുകൾ കൊണ്ടുവന്നു. പണം പിൻവലിക്കുന്നതിനോടൊപ്പം അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള സംവിധാനവും ബാങ്കുകൾ എടിഎം കൗണ്ടറുകളിൽ സജ്ജമാക്കി. അങ്ങനെ പലവിധത്തിലുള്ള മാറ്റങ്ങളാണ് എടിഎമ്മിൽ കൊണ്ടുവരാൻ ബാങ്കുകൾക്ക് ഇതിനോടകം സാധിച്ചിട്ടുള്ളത്. ഇപ്പോൾ ബാങ്കുകൾ നൽകുന്ന എടിഎം കാർഡ് പോലുമില്ലാതെ (Cardless ATM Withdrawals) ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ നിലവിൽ രാജ്യത്തെ ബാങ്കിങ് മേഖലയിൽ രണ്ട് സംവിധാനമാണുള്ളത്.
- അതാത് ബാങ്കുകളുടെ മൊബൈൽ ബാങ്കിങ് അപ്പിലൂടെ
- യുപിഐ സംവിധാനത്തിലൂടെ
1. മൊബൈൽ ബാങ്ക് ആപ്പിലൂടെ
രാജ്യത്തെ മിക്ക ബാങ്കുകൾക്കും അവരുടേതായ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുകൾ ഉണ്ട്. ആ ആപ്പ് ഉപയോഗിച്ച് ഏത് ഉപയോക്താവിനും കാർഡില്ലാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്. ഇതിനായി ബാങ്കിങ് ആപ്പ് ഉപയോഗിച്ച് എടിഎമ്മിലെ സ്ക്രീനിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുക. തുടർന്ന് ആപ്പിൻ്റെ പിൻ അല്ലെങ്കിൽ ബയോമെട്രിക് വേരിഫിക്കേഷനായ ഫിഗർ പ്രിൻ്റ് മൊബൈലിലൂടെ രേഖപ്പെടുത്തുക. തുടർന്ന് എത്രയാണോ ആവശ്യമുള്ളത് അത്രയും തുക എടിഎം മെഷനിൽ നിന്നും പിൻവലിക്കാൻ സാധിക്കുന്നതാണ്.
ക്യൂ ആർ കോഡ്, സ്വന്തം പിൻ, ബയോമെട്രിക് വേരിഫിക്കേഷൻ തുടങ്ങി സുരക്ഷ സംവിധാനത്തിലൂടെയാണ് ഈ സേവനം ബാങ്കുകൾ ഒരുക്കിയിരിക്കുന്നത്. ഫോണിലെ ബാങ്കിങ് ആപ്പും എടിഎമ്മും തമ്മിലുള്ള ഒരു ആശയവിനിമയം മാത്രമാണ് ഈ സേവനത്തിലൂടെ ഉണ്ടാകുകയെന്നതും ഇത്തരത്തിലുള്ള പണമിടപാടുകൾ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു. ഏത് മൊബൈൽ ബാങ്കിങ് ആപ്പാണോ ഉള്ളത് ആ നിർദ്ദിഷ്ട ബാങ്കിൻ്റെ എടിഎമ്മിൽ നിന്നും മാത്രമേ ഈ സംവിധാനത്തിലൂടെ പണം പിൻവലിക്കാൻ സാധിക്കൂ.
2. യുപിഐ വഴി എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പണമിടപാട് സംവിധാനമാണ് യുണിഫൈഡ് പെയ്മെൻ്റ് ഇൻ്റഫേസ് എന്ന യുപിഐ. ഈ യുപിഐ സംവിധാനത്തിലൂടെ ഉപയോക്താവിന് തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് എടിഎം വഴി പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. ഗുഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ അപ്ലിക്കേഷനുകളുടെ സഹായത്താൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും. യുപിഐ പിൻ ഉപയോഗിച്ച് ഈ സേവനം എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.
അതേസമയം 10,000 രൂപ വരെ മാത്രമെ യുപിഐ സേവനത്തിലൂടെ പിൻവലിക്കാൻ സാധിക്കൂ. അതേസമയം ഏത് ബാങ്കുകളുടെ എടിഎമ്മിൽ നിന്നും യുപിഐ സേവനത്തിലൂടെ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. രണ്ട് ബാങ്കുകൾക്കും യുപിഐ സംവിധാനം ഉണ്ടെന്ന് മാത്രം ഉറപ്പ് വരുത്തുക. യുപിഐ പിൻ ഉപയോഗിച്ചുകൊണ്ടുള്ള സേവനമായതിനാൽ കൂടുതൽ സുരക്ഷ ബാങ്കുകൾ ഉറപ്പ് വരുത്തുന്നുണ്ട്.
ആർബിഐ നിർദ്ദേശപ്രകാരം യുപിഐ സേവനം ബാങ്കുകൾ ഏർപ്പെടുത്തി തുടങ്ങിയെങ്കിലും എല്ലാ എടിഎം മെഷനുകളിൽ ഈ സംവിധാനം ഉണ്ടാകണമെന്നില്ല. അതിനാൽ നിർദ്ദിഷ്ട ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ യുപിഐ വഴിയുള്ള എടിഎം സേവനം ഉപയോഗപ്പെടുത്താവൂ.