Shiv Nadar: എന്തിനാണ് ഈ ഐടി കമ്പനി ഉടമ ചാരിറ്റിക്ക് കോടികൾ മുടക്കുന്നത്; ശിവ് നാടാർ എന്ന മനുഷ്യൻ

Who is Shiv Nadar: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം നാടാർ പ്രതിവർഷം നൽകുന്നത് 1,992 കോടി രൂപയാണ്. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന വ്യക്തി എന്ന പദവിയിലേക്ക് നാടാർ എത്തുന്നത്.

Shiv Nadar: എന്തിനാണ് ഈ ഐടി കമ്പനി ഉടമ ചാരിറ്റിക്ക് കോടികൾ മുടക്കുന്നത്;  ശിവ് നാടാർ എന്ന മനുഷ്യൻ
Updated On: 

11 Nov 2024 16:43 PM

ഇടം കൈ കൊടുക്കുന്നത് വലം കൈ അറിയരുതെന്നൊരു ചൊല്ലുണ്ട് . രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തവരുടെ പട്ടികയിൽ ഒന്നാം സ്ഥാന നിലനിർത്തുമ്പോൾ ശിവ് നാടാർ മുറുകെ പിടിക്കുന്ന തത്വമാണത്. കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട ഹുറൺ ഇന്ത്യയുടെ റിപ്പോർട്ട് (Hurun India Philanthropy List 2024) പ്രകാരമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യസ്നേഹികളുടെ പട്ടികയിലാണ് പ്രമുഖ ഐടി സേവന കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസ് (HCL Enterprise) സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ സ്ഥാനം പിടിച്ചത്. റിപ്പോർട്ട് പ്രകാരം 2024-ൽ പ്രതിദിനം 5.9 കോടി രൂപയാണ് ഇദ്ദേഹം സംഭാവന ചെയ്തത്. ശിവ് നാടാർ ഫൗണ്ടേഷനിലൂടെ അദ്ദേഹം പ്രതിവർഷം സംഭാവന ചെയ്യുന്നത് 2,153 കോടി രൂപയാണ്. ഇതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രം നാടാർ പ്രതിവർഷം നൽകുന്നത് 1,992 കോടി രൂപയാണ്. ഇതോടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന വ്യക്തി എന്ന പദവിയിലേക്ക് നാടാർ എത്തുന്നത്.

2024 സാമ്പത്തിക വർഷത്തിൽ 4,625 കോടി രൂപയാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാർ ജീവകാരുണ്യ പ്രവർത്തനത്തിനു സംഭാവന ചെയ്തത്. ഇത് പട്ടികയിലെ മൊത്തം സംഭാവനയുടെ 53% വരും. ഇതിനു പുറമെ ആദ്യ പത്തിൽ ഇടം പിടിച്ചവരിൽ ആറ് പേരും അവരുടെ സംഭാവനകൾ പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് നൽകിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇത്തവണത്തെ സംഭാവന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ മുൻവർഷത്തേക്കാൾ 111 കോടി രൂപയുടെ അധിക സംഭാവനയാണ് ശിവ നാടാർ നടത്തിയിരിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ശിവ് നാടാർ തൻ്റെ സംഭാവനകൾ 5% വർദ്ധിപ്പിച്ചുവെന്നും ഹുറുൺ ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു.

ശിവ നാടാർ (image credits:PTI)

മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചു. ഇവർ പ്രധാനമായും പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായാണ് സംഭാവന നൽകിയത് ​. ബജാജ് കുടുംബം മൂന്ന് റാങ്കുകൾ കയറി പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തത്തി. 352 കോടി രൂപയാണ് ബജാജ് കുടുംബത്തിൻ്റെ സംഭാവന. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ സംഭാവന. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് 62 കാരനായ ഗൗതം അദാനിയും കുടുംബവും 330 കോടി രൂപയാണ് ജീവകാരുണ്യ സംഭാവന നൽകിയത്. 334 കോടി രൂപയാണ് കുമാർ മം​ഗളം ബിർളയുടെ സംഭാവന. വിദ്യാഭ്യാസ മേഖലയക്കാണ് ബിർളയും അവരുടെ സംഭാവന പ്രാഥമികമായി നൽകിയത്. അദാനി കുടുബം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മുൻവർഷത്തേക്കാൾ 16% വർധനയാണ് ഇവരുടെ ജീവകാരുണ്യ സംഭാവനയിൽ ഉണ്ടായിരിക്കുന്നത്. അദാനി ഫൗണ്ടേഷനിലൂടെയാണ് ഇവരുടെ ജീവകാരുണ്യ സംഭാവനകൾ പ്രാഥമികമായി വിതരണം ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയക്കാണ് അദാനി ഗ്രൂപ്പ് സംഭാവനയുടെ പ്രഥമപരിഗണന നൽകിയിരിക്കുന്നത്. നൈപുണ്യ വികസനത്തിലും കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമുകളിലുമാണ് അദാനി ഗ്രൂപ്പിൻ്റെ പിന്നീടുള്ള പരിഗണനകൾ.

Also Read-8th Pay Commission: മിനിമം ശമ്പളം 34000, പെൻഷൻ കൂടും, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമോ?

അതേസമയം ജീവകാരുണ്യ സംഭാവന പട്ടികയിലെ ആദ്യ പത്തിൽ ഇടം പിടിച്ചവർ ആരൊക്കെ എന്ന് നോക്കാം

1)ശിവ് നാടാരും കുടുംബവും 2153 കോടി രൂപ
2)മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപ
3)ബജാജ് കുടുംബം 352 കോടി രൂപ
4)കുമാർ മംഗളം ബിർളയും കുടുംബവും 334 കോടി രൂപ
5)ഗൗതം അദാനിയും കുടുംബവും 330 കോടി രൂപ
6)നന്ദൻ നിലേക്കനി 307 കോടി
7)കൃഷ്ണ ചിവുകുല 228 കോടി രൂപ
8)അനിൽ അഗർവാളും കുടുംബവും 181 കോടി രൂപ
9)സുസ്മിതയും സുബ്രതോ ബാഗ്ചിയും 179 കോടി രൂപ
10)രോഹിണി നിലേക്കനി 154 കോടി

ആരാണ് ശിവ് നാടാർ

തമിഴ്‌നാട്ടിലെ മൂലൈപ്പൊഴിയിൽ 1945-ലാണ് ശിവ് നാടാർ ജനിച്ചത്. ഒരു ഇടത്തരം കുടുംബത്തിലായിരുന്നു ശിവ് നാടാറിന്റെ ജനനം. ശിവസുബ്രഹ്‌മണ്യ നാടാര്‍, വാമസുന്ദരി ദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍. സ്‌കൂള്‍ കാലഘട്ടത്തിലൊന്നും ഒരിക്കലും ഒരു ബ്രില്ല്യന്‍റ് എന്ന് പറയാവുന്ന വിദ്യാര്‍ത്ഥിയായിരുന്നില്ല അദ്ദേഹം. ഒരു ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു താനെന്ന് ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മധുരയിലെ അമേരിക്കന്‍ കോളേജില്‍ നിന്ന് പ്രീ-യൂണിവേഴ്സിറ്റി ബിരുദവും, കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദവും നേടി. ഈ കോളേജ് കാലമാണ് തന്റെ ജീവിത വീക്ഷണം മാറ്റിയതെന്നും, ഒരു വ്യവസായി ആവണം എന്ന് തീരുമാനിച്ചതും അപ്പോഴാണെന്ന് ശിവ് നാടാര്‍ ഒരിക്കൽ പറഞ്ഞിരുന്നു.

1967ൽ പൂനെയിലെ കൂപ്പർ എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ജോലി ആരംഭിച്ചു. 1970ലാണ് എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപിച്ചത്. സിംഗപ്പൂർ കമ്പനിക്ക് സേവനം നൽകുന്ന ഒരു ഹാർഡ്‌വെയർ കമ്പനിയായാണ് എച്ച്സിഎൽ ടെക്നോളജീസ് ആരംഭിച്ചത്. 1980-കളുടെ തുടക്കത്തിൽ അവരുടെ കമ്പനിയുടെ വരുമാനം പത്ത് ലക്ഷത്തിലെത്തി. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനി വലിയ രീതിയിൽ വളർന്നു. കിരൺ നാടാരാണ് ശിവ് നാടാരുടെ ഭാര്യ. ഇന്ത്യൻ ആർട്ട് കളക്ടറും ചാരിറ്റി പ്രവർത്തകയുമാണ് കിരൺ. ശിവ നാടാർ ഫൗണ്ടേഷന്റെ ട്രസ്റ്റിയും നാടാർ മ്യൂസിയം ഓഫ് ആർട്ടിന്റെ സ്ഥാപകയുമാണ് അവർ. ശിവ് നാടാരുടെ കുടുംബം അദ്ദേഹത്തിന്റെ പേരിൽ ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ നടത്തുന്നുണ്ട്.

മാ​ഗസ് എന്ന പേരിലാണ് നാടാർ ബിസിനസ് മേഖലയിൽ അറിയപ്പെട്ടത്. മന്ത്രവാദി എന്നാണ് ഇതിനർത്ഥം. ശരിക്കും തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഒരു മാന്ത്രികൻ എന്ന് തന്നെ വേണമെങ്കിൽ നാടാറിനെ പറയാം. ‘ഭാഗ്യവും, കഠിനാധ്വാനവും’ വിജയര​ഹസ്യമായി കൊണ്ടുനടക്കുന്ന ശിവ് നാടാർക്ക് പലപ്പോഴും കേന്ദ്ര സർക്കാരിന്റെ പല നയവും തുണയായിട്ടുണ്ട്. മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അധികാരത്തിൽ വന്നപ്പോൾ രാജ്യത്ത് നിലനിന്നിരുന്ന പല നിയമങ്ങളും മാറി. ഇത് നാടാർക്ക് ഉപകാരമായി. അത്തരത്തിലുള്ള ഒരു നിയമമാണ് സ്വദേശിവത്ക്കരണം. ഇതോടെ രാജ്യത്തുണ്ടായ ഐബിഎം, കൊക്കകോള പോലുള്ള വലിയ അമേരിക്കന്‍ കമ്പനികള്‍ രാജ്യം വിടാൻ നിർബന്ധിതമായി. ഇത് നാടാർക്ക് മുന്നിൽ വലിയ സാധ്യതയാണ് തുറന്ന് നൽകിയത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച മൈക്രോകമ്പ്യൂട്ടറുകള്‍ വിറ്റ് കൂടുതല്‍ വിപണി വിഹിതം നേടാനുള്ള ഇടം എച്ച്സിഎല്ലിന് അത് നല്‍കി.

ശിവ നാടാർ (image credits:PTI)

തുടർന്നാണ് മൻമോഹൻസിങ്ങിന്റെ ഉദാരീകരണം വരുന്നത്. ഇതോടെ സാങ്കേതികവിദ്യകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദമായി. ഇതും നാടാറിന്റെ ബിസിനസ് വളർച്ചയക്ക് കാരണമായി. പിന്നീട് കമ്പനി ആഗോളതലത്തില്‍ സജീവമാകുകയായിരുന്നു. 2007-ല്‍ നാടാര്‍ സിഇഒ സ്ഥാനം ഒഴിഞ്ഞു. വിനീത് നായര്‍ അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുത്തു. ഏറ്റവും വലിയ ഓഹരിയുടമയും ചെയര്‍മാനുമായി അദ്ദേഹം തുടര്‍ന്നു. തന്റെ ഒഴിവുസമയങ്ങളില്‍ അദ്ദേഹം പ്രധാനമായും ജീവകാരുണ്യ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2008 മുതല്‍ അദ്ദേഹത്തിന്റെ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര ചെയര്‍മാനായി. അതോടെ കമ്പനി പിന്നെയും ഉയരങ്ങളിലേക്ക് പറന്നു. വണ്ടര്‍ വുമണ്‍ എന്നാണ് ബിസിനസ് സര്‍ക്കിളില്‍ റോഷ്നി അറിയപ്പെടുന്നത്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?