Cibil Score and Cibil Rank: എന്താണ് സിബിൽ സ്കോറും സിബിൽ റാങ്കും തമ്മിലുള്ള വ്യത്യാസം? വായ്പയ്ക്ക് അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ടവ
Difference Between Cibil Score and Cibil Rank: വായ്‌പകൾ എടുത്തവരും, എടുക്കാൻ പോയവരുമെല്ലാം സിബിൽ സ്കോർ, സിബിൽ റാങ്ക് എന്നീ കാര്യങ്ങൾ കേട്ടിട്ടുണ്ടാവും. എന്നാൽ, ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്താണെന്ന് പലർക്കും ഇപ്പോഴും സംശയമാണ്. ഇവയുടെ പ്രധാന വ്യത്യാസങ്ങൾ എന്താണെന്ന് മനസിലാക്കാം.
ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്‌പകൾ എടുത്തവരും അല്ലെങ്കിൽ അപേക്ഷിച്ചവരും സിബിൽ സ്കോറിനെ കുറിച്ചും, സിബിൽ റാങ്കിനെ കുറിച്ചും കേട്ടിട്ടുണ്ടാവും. എന്നാൽ, ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് പലർക്കും അറിയില്ല. വായ്പ്പകളോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുമ്പോൾ, ധനകാര്യ സ്ഥാപനങ്ങൾ അപേക്ഷിക്കുന്ന വ്യക്തിയുടെ സിബിൽ സ്കോർ പരിശോധിക്കും. അതേസമയം കമ്പനികൾ അപേക്ഷിക്കുമ്പോൾ സിബിൽ റാങ്കാണ് പരിശോധിക്കുക. കൂടുതൽ വിശദമായി നോക്കാം.
സിബിൽ സ്കോർ
ഒരാൾ ലോൺ എടുക്കുമ്പോഴോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോഴോ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ആദ്യം അപേക്ഷകന്റെ സിബിൽ സ്കോറാണ് പരിശോധിക്കുക. ആ വ്യക്തി മുൻപ് കടം തിരിച്ചടയ്ക്കുന്നതിൽ കൃത്യനിഷ്ഠ പാലിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ സിബിൽ റിപ്പോർട്ടിൽ ഉണ്ടാകും. മുൻ ബാധ്യതകളുടെ തുക, കാലാവധി, ആ വ്യക്തി ഇതുവരെ എത്ര ലോണുകൾ എടുത്തിട്ടുണ്ട് തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സിബിൽ സ്കോർ തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ പണമിടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതായത്, ബാങ്കുകൾ, നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ, ക്രെഡിറ്റ് കമ്പനികൾ, തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കുന്നത്.
300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബിൽ സ്കോർ. സ്കോർ ഉയരുന്തോറും ഗുണവും കൂടും എന്നതാണ് ഇതിന്റെ രീതി. 750-ന് മുകളിൽ സിബിൽ സ്കോർ ഉണ്ടെങ്കിൽ അത് മികച്ചതായി കണക്കാക്കപ്പെടുന്നു. അത്രയും സ്കോർ ഉള്ള ഒരാൾക്ക് ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ സിബിൽ സ്കോർ വായ്പ്പ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. സിബിൽ സ്‌കോർ അടങ്ങിയ റിപ്പോർട്ടിനെ സിബിൽ റിപ്പോർട്ട് എന്ന് വിളിക്കുന്നു. റിപ്പോർട്ടിൽ ആ വ്യക്തിയുടെ വിവിധ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും.
ALSO READ: ആവലാതി വേണ്ട, ക്ഷേമപെന്‍ഷന്‍ ഇന്നുമുതല്‍ കിട്ടി തുടങ്ങും, ഇത്തവണ എത്ര?
സിബിൽ റാങ്ക്
കമ്പനികളും അവർക്കായി വായ്പകൾക്ക് അപേക്ഷിക്കാറുണ്ട്. ഒരു വ്യക്തിക്ക് വായ്പ കൊടുക്കുന്നതിന് മുൻപ് ധനകാര്യ സ്ഥാപനങ്ങൾ സിബിൽ സ്കോർ പരിശോധിക്കുന്നത് പോലെത്തന്നെ കമ്പനികളുടെ വായ്പാ യോഗ്യത തീരുമാനിക്കാനായി സിബിൽ റാങ്ക് ആണ് പരിശോധിക്കുക. സിബിൽ സ്കോർ 300 നും 900 നും ഇടയിൽ കണക്കാക്കുന്നത്പോലെ , 1 മുതൽ 10 വരെയുള്ള സ്കെയിലിലാണ് സിബിൽ റാങ്ക് ഉണ്ടാവുക. ഇതിൽ ഏറ്റവും ഉയർന്ന റാങ്ക് ഒന്നാണ്. ഇത് കൂടുതലായും ഉപയോഗിക്കുന്നത് വലിയ തുകകൾ, അതായത് 50 കോടി രൂപ വരെ വായ്പ്പയ്ക്ക് അപേക്ഷിക്കുന്ന കമ്പനികൾക്കായാണ്.
പ്രധാന വ്യത്യാസങ്ങൾ
- സിബിൽ സ്കോർ: വ്യക്തിഗത വായ്പാ യോഗ്യത അളക്കാൻ ഉപയോഗിക്കുന്നു
സിബിൽ റാങ്ക്: ബിസിനസ് സ്ഥാപനങ്ങളുടെ വായ്പാ അളക്കാൻ ഉപയോഗിക്കുന്നു - സിബിൽ സ്കോർ: ഇവ നിർണയിക്കുന്നത് വ്യക്തിഗത വായ്പാ ചരിത്രത്തെയും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ്.
സിബിൽ റാങ്ക്: ഇവ നിർണയിക്കുന്നത് ഒരു കമ്പനിയുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് റിപ്പോർട്ടിനെയും അടിസ്ഥാനമാക്കിയാണ്. - സിബിൽ സ്കോർ: 300 മുതൽ 900 വരെ.
സിബിൽ റാങ്ക്: 1 മുതൽ 10 വരെ