Pink Tax: സ്ത്രീകൾക്ക് മാത്രമായൊരു നികുതി; പിങ്ക് നികുതി എന്താണെന്ന് അറിയാമോ?
Pink Tax: അധികമാരും കേൾക്കാൻ ഇടയില്ലാത്ത ഒരു പദമാണ് പിങ്ക് നികുതി. ഇത് ഒരു സർക്കാർ നികുതിയല്ല. പക്ഷേ ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളെയും പിങ്ക് നികുതി ബാധിക്കുന്നുണ്ട്. കമ്പനികളുടെ മാര്‍ക്കറ്റിംഗ്, വിലനിര്‍ണ്ണയ തന്ത്രങ്ങളാണ് പിങ്ക് നികുതിയുടെ പ്രധാന കാരണം

ലോകം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇന്നും പല ഇടങ്ങളിൽ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ട്. എന്നാൽ സ്ത്രീയായത് കൊണ്ട് മാത്രം അധിക പണം ഈടാക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് നിങ്ങൾക്ക് അറിയാമോ? വിപണിയിലെ ഈ വലിയ ലിംഗ അസമത്വത്തെ പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്നു. അധികമാരും കേൾക്കാൻ ഇടയില്ലാത്ത ഒരു പദമാണ് പിങ്ക് നികുതി. ഇത് ഒരു സർക്കാർ നികുതിയല്ല. പക്ഷേ ലോകമെമ്പാടുമുള്ള എല്ലാ സ്ത്രീകളെ ഇത് ബാധിക്കുന്നുമുണ്ട്.
ഒരേ സ്വഭാവവും ഗുണവുമുള്ള ഉൽപ്പന്നങ്ങൾക്ക് സ്ത്രീകൾ പുരുഷന്മാരേക്കാൾ അധികം പണം ഈടാക്കേണ്ടി വരുന്ന പ്രതിഭാസമാണ് പിങ്ക് നികുതി. അതായത്, നിങ്ങൾ ഒരു കടയിൽ ചെന്ന് പെർഫ്യും വാങ്ങിക്കുന്നു. ഇനി അതേ പെർഫ്യും പുരുഷന്മാർക്കുള്ളത് കൂടി എടുത്തെന്ന് കരുതുക. ഈ രണ്ട് ഉൽപ്പന്നങ്ങളുടെയും ഗുണവും സ്വഭാവവും ഒന്നാണെങ്കിൽ പോലും സ്ത്രീകളുടെ ഉൽപന്നങ്ങൾക്ക് പുരുഷന്മാരുടേതിനെക്കാൾ വില കൂടുതലായിരിക്കും. വിപണിയിലെ ഈ വില വ്യത്യാസത്തെയാണ് പിങ്ക് നികുതി കൊണ്ട് സൂചിപ്പിക്കുന്നത്.
ALSO READ: 15,000 മുടക്കി അഞ്ച് കോടി നേടാം; റിട്ടയര്‍മെന്റ് കാലം കളറാക്കേണ്ടേ
ഷാംപൂ, ലോഷനുകള്‍, റേസറുകള്‍,വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉൽപ്പന്നങ്ങൾ,
ഡ്രൈ ക്ലീനിംഗ്, ഹെയര്‍കട്ട് പോലുള്ള സേവനങ്ങള്‍ തുടങ്ങിയവയിലാണ് പിങ്ക് നികുതി പ്രധാനമായും കാണപ്പെടുന്നത്. ഇവ സ്ത്രീകൾക്ക് അധിക ചെലവ് നൽകുന്നു. ലിംഗ വേതന വിടവ് പോലെ തന്നെ സ്ത്രീകൾ നേരിടുന്ന മറ്റൊരു അസമത്വമാണ് പിങ്ക് നികുതി.
കമ്പനികളുടെ മാര്‍ക്കറ്റിംഗ്, വിലനിര്‍ണ്ണയ തന്ത്രങ്ങളാണ് പിങ്ക് നികുതിയുടെ പ്രധാന കാരണം. സ്ത്രീകൾ സൗന്ദര്യത്തിനും വ്യക്തി പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ തന്നെ വില വര്‍ധിപ്പിച്ചാലും സ്ത്രീകള്‍ വീണ്ടും ഈ ഉൽപ്പന്നങ്ങൾ വാങ്ങുമെന്നും സേവനങ്ങൾ തുടരുമെന്നും കമ്പനികള്‍ കരുതുന്നു. ഇവയാണ് പിങ്ക് നികുതിയുടെ പ്രധാന കാരണം. ഉയർന്ന വില ഈടാക്കുന്ന ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് പകരം ബദൽ ഉൽപന്നങ്ങൾ ഉപയോഗിച്ച് മാത്രമേ പിങ്ക് നികുതിയിലൂടെ നഷ്ടമാകുന്ന പണം ലാഭിക്കാൻ സാധിക്കൂ.