Vishu 2025: പൂത്തിരി കത്തിച്ച് തിരിച്ച് വന്ന് മുട്ടയിടും; ശാസ്ത്രത്തിന്റെ ഓരോ വളര്‍ച്ചയേ! വിഷു കളറാക്കാന്‍ പടക്ക വിപണി സജീവം
Vishu 2025 Firecracker Market: ഇത്തവണയും ഉണ്ട് ഒട്ടനവധി വെറൈറ്റി പടക്കങ്ങള്‍. പൂത്തിരി കത്തി തിരിച്ച് വന്ന് മുട്ടയിടുന്നതിനാണ് ഡിമാന്‍ഡ് കൂടുതല്‍. മുട്ടയിടുന്ന എമു മാത്രമല്ല ചോക്ലേറ്റ് ചക്രം, 30 ഷോട്ട് മള്‍ട്ടി കളര്‍, ഗദ, വാള്‍ തുടങ്ങിയ പല തരത്തിലുള്ള പടക്കങ്ങളും വിപണി കീഴടക്കി കഴിഞ്ഞു.

പ്രതീകാത്മക ചിത്രം
ദേ മറ്റൊരു വിഷുക്കാലം വന്നെത്തി കഴിഞ്ഞു. പതിവ് പോലെ ഇത്തവണയും പടക്ക വിപണി സജീവമാണ്. പല തരത്തിലുള്ള പടക്കങ്ങള്‍ ലഭ്യമായതിനാല്‍ തന്നെ ഏത് വാങ്ങിക്കണം എന്ന സംശയമാണ് മലയാളികള്‍ക്ക്. ഓരോ വര്‍ഷവും പുതിയ തരത്തിലുള്ള പടക്കങ്ങള്‍ വിപണിയിലെത്തിക്കാന്‍ കച്ചവടക്കാര്‍ മത്സരിക്കുമ്പോള്‍ അത് വാങ്ങിച്ച് പൊട്ടിക്കാനായി നമ്മള്‍ ശ്രമിക്കാറുമുണ്ട്.
ഇത്തവണയും ഉണ്ട് ഒട്ടനവധി വെറൈറ്റി പടക്കങ്ങള്‍. പൂത്തിരി കത്തി തിരിച്ച് വന്ന് മുട്ടയിടുന്നതിനാണ് ഡിമാന്‍ഡ് കൂടുതല്‍. മുട്ടയിടുന്ന എമു മാത്രമല്ല ചോക്ലേറ്റ് ചക്രം, 30 ഷോട്ട് മള്‍ട്ടി കളര്‍, ഗദ, വാള്‍ തുടങ്ങിയ പല തരത്തിലുള്ള പടക്കങ്ങളും വിപണി കീഴടക്കി കഴിഞ്ഞു.
വെറൈറ്റി പടക്കങ്ങള്‍ വാങ്ങിക്കുന്നതിനായാണ് ആളുകള്‍ കൂടുതലും കടകളിലേക്ക് എത്തുന്നത്. പുതിയ പടക്കങ്ങളില്‍ ഏതെല്ലാം വാങ്ങിക്കും എന്ന കണ്‍ഫ്യൂഷന്‍ മാത്രമാണ് ആളുകള്‍ക്ക്. പല നിറങ്ങളില്‍ പൊട്ടുന്നതാണ് 30 ഷോട്ട് മള്‍ട്ടി കളര്‍ പടക്കം. ഇത് വാങ്ങിക്കാനും ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നു.



5 രൂപ മുതല്‍ 12,500 രൂപ വരെയുള്ള പടക്കങ്ങള്‍ വിപണി കീഴടക്കി കഴിഞ്ഞു. മുട്ടയ്ക്കും വാളിനുമെല്ലാം പുറമെ ന്യൂജന്‍ പടക്കങ്ങളും ഇത്തവണ വിപണിയിലേക്ക് എത്തിയിട്ടുണ്ട്. ആകാശ വിസ്മയങ്ങള്‍ തീര്‍ക്കുന്ന വണ്ടര്‍ നൈറ്റ്, ദില്‍ മാംഗെ മോര്‍, ഇന്ത്യന്‍ ഡിലൈറ്റ്, ചല്‍ മേരെ സാത്ത് തുടങ്ങിയവയ്ക്കും വലിയ ഡിമാന്റുണ്ട്. 500 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്.
നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അനുഭൂതി നിറയ്ക്കുന്ന നയാഗ്ര ഫാള്‍സ്, ട്രൈ കളര്‍ ഫൗണ്ടൈന്‍, പോപ്‌കോണ്‍ വോള്‍ടേജ്, ഫിഷ് കമ്പിത്തിരി, ക്യൂട്ട് ഫ്‌ളവര്‍പോട്ട്, ടോപ്പ് ട്രക്കര്‍, ടൈമിങ് ബോംബ്, ഡിജിറ്റര്‍ ബോംബ്, ഫ്‌ളവര്‍ ഫാന്‍സി, ബട്ടര്‍ഫ്‌ളൈ തുടങ്ങിയവയും താരങ്ങള്‍ തന്നെ.
കൂടാതെ തീകൊടുത്താല്‍ കറങ്ങി മുകളിലേക്ക് പോകുന്ന ഹെലികോപ്റ്ററുകളും വിപണിയില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. അഞ്ചെണ്ണമാണ് ഇതൊരു പായ്ക്കറ്റില്‍ ഉണ്ടായിരിക്കുക. 100 രൂപയാണ് വില. മയിലിന്റെ ആകൃതിയിലുള്ള പീക്കോക്ക് പടക്കം, ഒറ്റത്തിരിയില്‍ നാല് തരത്തിലുള്ള മത്താപ്പൂ കത്തുന്ന ഫണ്‍ മാക്‌സ് എന്നിവയ്ക്കും ആവശ്യക്കാരേറെ.
ഇവയ്‌ക്കെല്ലാം പുറമെ പണ്ട് മുതല്‍ ഉപയോഗിച്ച് വരുന്ന പടക്കങ്ങളും വിപണിയിലുണ്ട്. ശബ്ദം കൂടിയും കുറച്ചുമെല്ലാം പടക്കം ആസ്വദിക്കാന്‍ സാധിക്കുമെന്ന കാര്യം ഇത്തവണ ഉറപ്പാണ്. ഫാന്‍സി പടക്കങ്ങളോട് പണ്ടേ മലയാളിക്ക് താത്പര്യമുള്ളത് കൊണ്ട്, പതിവ് പോലെ എല്ലാവരും അതിന് പിന്നാലെയാണെന് മാത്രം.