5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Donald Trump Tariffs: ഡോണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം ആഗോള മാന്ദ്യത്തിലേക്കോ? യുഎസിനും തിരിച്ചടി

US President Donald Trump Tariffs: ലോകം വലിയൊരു വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് യുഎസ് സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലുകൾ. യുഎസ് ഓഹരി വിപണിക്ക് പിന്നാലെ ബിറ്റ്കോയിനും തകർച്ച നേരിടുന്നതായാണ് കാണാൻ കഴിയുന്നത്.

Donald Trump Tariffs: ഡോണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം ആഗോള മാന്ദ്യത്തിലേക്കോ? യുഎസിനും തിരിച്ചടി
Donald Trump Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 Apr 2025 17:38 PM

തന്റെ പുതിയ വ്യാപാര നയം അമേരിക്കയെ കൂടുതൽ ശക്തമാക്കുമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് യുഎസ് പ്രസിഡൻ്റെ ഡൊണാൾഡ് ട്രംപ്. അതിനിടെ ട്രംപിൻ്റെ താരിഫ് പ്രഖ്യാപനം ആഗോള വളർച്ചയെ മന്ദഗതിയിലാക്കുമെന്നും ആഗോള വിപണിയെ തകർക്കുമെന്നും ജെ പി മോർ​ഗൻ മുന്നറിയിപ്പ് നൽകുന്നു. യുഎസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ ചൈന, കാനഡ, മെക്സിക്കോ എന്നിവയുമായുള്ള ട്രംപിന്റെ താരിഫ് യുദ്ധം തുടരുന്നതിനിടെ ആഗോള മാന്ദ്യത്തിനുള്ള സാധ്യത 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തിയിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ ജെ പി മോർഗൻ.

അതേസമയം ഗോൾഡ്മാൻ സാക്സാകട്ടെ മാന്ദ്യത്തിനുള്ള സാധ്യത 20 ശതമാനത്തിൽ നിന്ന് 35 ശതമാനമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഡൊണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കായി വ്യത്യസ്ത താരിഫ് സ്ലാബുകൾ പുറത്തിറക്കിയത്. കോവിഡ് മഹാമാരിക്ക് ശേഷം ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കികൊണ്ടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് പ്രഖ്യാപനം നടത്തിയത്. എന്നാൽ ലോകത്തെ ഏതാണ്ട് 185 ഓളം രാജ്യങ്ങൾക്കുമേൽ ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച ഈ താരിഫ് നയം ഒടുവിൽ യുഎസിന് തന്നെ വിനയാകുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോകം വലിയൊരു വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് യുഎസ് സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലുകൾ. യുഎസ് ഓഹരി വിപണിക്ക് പിന്നാലെ ബിറ്റ്കോയിനും തകർച്ച നേരിടുന്നതായാണ് കാണാൻ കഴിയുന്നത്. അതേസമയം റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കന്മാർ തന്നെ ട്രംപിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎസ് ഓഹരികൾക്കൊപ്പം എണ്ണവിലയും ഇടിഞ്ഞതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ആ​ഗോള വിപണികൾ നേരിടുന്നതെന്നാണ് കണക്കുകൾ.

ട്രംപിന്റെ പുതിയ നിർദ്ദേശങ്ങൾ പൂർണമായും പ്രാബല്യത്തിൽ വന്നാൽ യുഎസിലേക്കുള്ള ഇറക്കുമതി തീരുവ ശരാശരി 25 ശതമാനമായി വർധിക്കും. ഇതാകട്ടെ രാജ്യത്തേക്കുള്ള 3.3 ട്രില്യൻ ഡോളറിന്റെ ഇറക്കുമതിയെയും ബാധിക്കുമെന്നും ഇൻവെസ്റ്റ് ബാങിംഗ് സ്ഥാപനമായ ജെപി മോർഗൻ വിലയിരുത്തുന്നു. അതേസമയം ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ബിസിനസുകാർ അമിതഭാരം ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. ഇത് നിത്യോപയോഗ സാധനങ്ങളുടെ അടക്കം വില വർധിപ്പിക്കുമെന്ന് ജെപി മോർഗൻ റിപ്പോർട്ടിൽ പറയുന്നു.