Union Budget 2025 : ഇത്തവണ എയിംസ് പ്രതീക്ഷിക്കാമോ? കേരളം കാത്തിരിക്കുന്നത് ആ സുപ്രധാന പ്രഖ്യാപനത്തിന്; സംസ്ഥാനത്തിന്റെ ബജറ്റ് സ്വപ്‌നങ്ങള്‍
Union Budget 2025 Kerala expectations : തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥലങ്ങളും എയിംസിനായി സംസ്ഥാനം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എയിംസ് അനുവദിച്ചാല്‍ കിനാലൂരില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മുന്നോട്ടുപോകുന്നത്. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ 250 ഏക്കര്‍ ഭൂമിയാണ് സജ്ജമാക്കുന്നത്
ഓരോ ബജറ്റ് പ്രഖ്യാപനത്തിന് മുമ്പും കേരളം പ്രധാനമായും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന് എയിംസായിരിക്കും. ഇത്തവണ ഉറപ്പെന്ന പ്രതീക്ഷയില്‍ ബജറ്റ് പ്രഖ്യാപനം കേള്‍ക്കും. എന്നാല്‍ എല്ലാ തവണയും നിരാശയായിരുന്നു ഫലം. ഇത്തവണ അതിനൊരു മാറ്റമുണ്ടാകുമോ? ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ കേരളത്തിന് എംയിസ് അനുവദിക്കുമോ? ചോദ്യങ്ങള്‍ ഒരുപാടാണ്. അതുപോലെ പ്രതീക്ഷകളും അനവധി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയത് ഏതാനും മാസം മുമ്പാണ്. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് പുതിയ എയിംസുകള്‍ അനുവദിക്കുമെന്നായിരുന്നു രാജ്യസഭയില്‍ മന്ത്രി വ്യക്തമാക്കിയത്. കേരളത്തിന്റെ എയിംസ് സ്വപ്‌നങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മന്ത്രിയുടെ ഈ വാക്കുകള്‍.
എയിംസിനായി കോഴിക്കോട് കിനാലൂരില്‍ 250 ഏക്കര്‍ ഭൂമിയാണ് സജ്ജമാക്കുന്നത്. ഇതു കൂടാതെ, തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലെ സ്ഥലങ്ങളും എയിംസിനായി സംസ്ഥാനം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ എയിംസ് അനുവദിച്ചാല്‍ കിനാലൂരില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മുന്നോട്ടുപോകുന്നത്. എന്തായാലും, ഇത്തവണ ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന്റെ എയിംസ് മോഹങ്ങള്‍ പൂവണിയുമോയെന്ന് കണ്ടറിയാം.
Read Also : വീട് വെക്കാന്‍ സമയമായോ? ഹോം ലോണ്‍ കിട്ടാന്‍ എളുപ്പ വഴികളുണ്ട് കേട്ടോ
അതേസമയം, കേന്ദ്രബജറ്റില്‍ ആദായ നികുതി വ്യവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 10 ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 25% പുതിയ നികുതി സ്ലാബ് സർക്കാർ ഏർപ്പെടുത്തുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
ഹല്‍വ സെറിമണി
ബജറ്റിന് മുന്നോടിയായുള്ള ‘ഹല്‍വ സെറിമണി’ കഴിഞ്ഞ ദിവസം നടന്നു. ബജറ്റ് അവതരണത്തിന് ഒരാഴ്ചയോളം മുമ്പ് നടക്കുന്ന ഹല്‍വ സെറിമണി വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു കീഴ്‌വഴക്കമാണ്. ഇതിന് ശേഷം ബജറ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥരെ ധനമന്ത്രാലയത്തിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും. ബജറ്റിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനാണ് ഈ നടപടി. ഈ കാലയളവില്‍ കുടുബവുമായി പോലും ഇവര്‍ക്ക് ബന്ധപ്പെടാനാകില്ലെന്നതാണ് പ്രത്യേകത.
ഫെബ്രുവരി ഒന്നിന് രാവിലെ 11നാണ് ബജറ്റ് അവതരണം. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റാണ് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡാണ് നിര്‍മലയെ കാത്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് നേരത്തെ തന്നെ നിര്‍മല സീതാരാമന്‍ സ്വന്തമാക്കിയിരുന്നു. ആറു ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ റെക്കോഡാണ് നിര്‍മ പഴങ്കഥയാക്കിയത്.