New Income Tax Slab : 12 ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ട; എന്നാൽ സ്ലാബിൽ പറയുന്ന 10% ടാക്സ് എന്താണ്?
New Income Tax Slab And Tax Calculation : പുതിയ ആദായ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്കാണ് ഈ നികുതി ഇളവ് ലഭിക്കുക. നേരത്തെ ഏഴ് ലക്ഷം രൂപയായിരുന്ന ആദായ നികുതി പരിധി

Nirmala Sitharaman Budget 2025
പുതിയ നികുതി സ്ലാബ് (New Income Tax Slab) അവതരിപ്പിച്ചതാണ് നിർമല സീതാരാമൻ്റെ തുടർച്ചയായ എട്ടാം ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽ നിന്നും കേന്ദ്രം ഒഴിവാക്കി. ഇത് സ്ഥിരം ശമ്പളം ലഭിക്കുന്ന മധ്യവർഗ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ പുതിയ സ്ലാബ് അവതരിപ്പിച്ചപ്പോൾ ധനമന്ത്രി നിർമല സീതാരമാൻ എട്ട് മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് പത്ത് ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ അറിയിപ്പ് പലരിലും വലിയ ആശങ്കയും സംശയവും സൃഷ്ടിച്ചിരിക്കുകയാണ്. പത്ത് ശതമാനം നികുതി സ്ലാബിൽ 12 ലക്ഷം രൂപ വരുമാനമുള്ളവർ ഉൾപ്പെടുമെങ്കിൽ, ഇവർ എങ്ങനെ ആദായ നികുതി അടയ്ക്കേണ്ടി വരുന്നില്ല? നമ്മുക്ക് അത് പരിശോധിക്കാം.
പുതിയ ആദായ നികുതി സ്ലാബ്
- നാല് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതി അടയ്ക്കേണ്ട
- നാല് ലക്ഷം മുതൽ എട്ട് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ അഞ്ച് ശതമാനമാണ് നികുതി അടയ്ക്കേണ്ടത്.
- എട്ട് മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ പത്ത് ശതമാനം നികുതി അടയ്ക്കേണം
- 12 മുതൽ 16 ലക്ഷം രുപ വരെ വാർഷിക വരുമാനമുള്ളവർ 15 ശതമാനമാണ് നികുതി അടയ്ക്കേണ്ടത്
- 16 മുതൽ 20 ലക്ഷം വരെ വരുമാനമുള്ളവർ വർഷത്തിൽ അടയ്ക്കേണ്ട നികുതി 20 ശതമാനമാണ്
- 20 മുതൽ 24 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർ 25 ശതമാനമാണ് നികുതി അടയ്ക്കേണ്ടത്
- 24 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർ 30 ശതമാനം ആദായ നികുതി സർക്കാരിന് അടയ്ക്കണം.
12 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്ക് എന്തുകൊണ്ട് നികുതി അടയ്ക്കേണ്ട?
പുതിയ ആദായ നികുതി സ്ലാബ് പ്രകാരം എട്ട് മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർ പത്ത് ശതമാനം നികുതി അടയ്ക്കണമെന്നാണ്. എന്നാൽ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത് 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ നികുതിയിൽ നിന്നും ഒഴിവാക്കിയെന്നാണ്. ഇത് എങ്ങനെ പ്രാവർത്തികമാകുമെന്നാണ് പലരും ഉന്നയിക്കുന്ന സംശയം.
ALSO READ : Budget 2025 : ഇനി ഫോണും ടിവിയും എല്ലാം വാങ്ങിച്ചോളൂ; ബജറ്റിൽ വില കുറയുന്നവയും വില കൂടുന്നവയും
സ്ഥിരമായി ശമ്പളം ലഭിക്കുന്നവർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ (75,000 രൂപ) ഉൾപ്പെടെ 12,75,000 രൂപ വരെ വരുമാനമുള്ളവർക്ക് നികുതി ഉണ്ടാകില്ല. എട്ട് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് സർക്കാർ റിബേറ്റ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. കൂടാതെ സ്ലാബ് മാറുന്നതിലുള്ള ഇളവും ലഭിക്കുന്നതാണ്. 10,000 രൂപയാണ് എട്ട് ലക്ഷം രൂപ വരുമാനമുള്ളവർക്ക് നൽകുന്ന ഇളവ്. സർക്കാർ റിബേറ്റായി 20,000 രൂപയും കുറയും. ആകെ ഇളവ് ലഭിക്കുക 30,000 രൂപയാണ്. 12 ലക്ഷം രൂപ വരുമാനമുള്ളവർക്ക് ഇവ രണ്ടും ചേർത്ത് 80,000 രൂപയാണ് ഇളവായി ലഭിക്കുക. ഇതെല്ലാം കിഴിച്ച് ബാക്കി വരുമ്പോൾ ആദായ നികുതി നൽകേണ്ടി വരില്ല.
ബാക്കിയുള്ളവർക്ക്?
എന്നാൽ 16 ലക്ഷം രുപ വരുമാനമുള്ളവർക്ക് റിബേറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല. എന്നാൽ സ്ലാബ് മാറുന്നതിൻ്റെ ഗുണഫലം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 50,000 രൂപ 16 ലക്ഷം രൂപ വരുമാനം ഉള്ള വ്യക്തി നികുതിയിൽ നിന്നും ലഭിക്കാൻ സാധിക്കും. ഇത്തരത്തിൽ മറ്റ് സ്ലാബുകളിലുള്ള ഉയർന്ന് ശമ്പളക്കാർക്കും ഇളവ് ലഭിക്കുന്നതാണ്. നേരത്തെ 15 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്കായിരുന്നു 30 ശതമാനം നികുതി നൽകേണ്ട. അതിപ്പോൾ 24 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ് കേന്ദ്രം സർക്കാർ.
എന്നാൽ ഈ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥ (New Tax Regime) തിരിഞ്ഞെടുത്തവർക്ക് മാത്രമാണ് ലഭിക്കുക. ബജറ്റിൽ എവിടെയും ധനമന്ത്രി പഴയ നികുതി വ്യവസ്ഥയെ (Old Tax Regime) കുറിച്ച് പ്രതിപാദിക്കുന്നതുമില്ല. പുതിയ നികുതി സ്ലാബ് അവതരിപ്പിച്ചതോടെ ഇനി പഴയ ടാക്സ് വ്യവസ്ഥ തിരഞ്ഞെടുത്തവരെക്കാൾ കുറഞ്ഞ നികുതിയെ പുതിയ ടാക്സ് വ്യവസ്ഥ തിരഞ്ഞെടുത്തവരിൽ നിന്നും പിടിക്കൂ. എന്നാൽ ഉയർന്ന് ശമ്പളമുള്ളവർക്ക് പഴയ നികുതി വ്യവസ്ഥ തന്നെ ഗുണം ചെയ്യുക. കാരണം നികുതി ഒഴിവാക്കനുള്ള രേഖകൾ ഒരുപാട് സമർപ്പിക്കാനാകുക പഴയ നികുതി വ്യവസ്ഥ പ്രകാരമാണ്.