Union Budget 2025: റെക്കോഡ് കുറിക്കാന്‍ നിര്‍മലാ സീതാരാമന്‍; ധനമന്ത്രിയുടെ ബജറ്റ് പ്രംസഗത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

Union Budget 2025 Key Points : 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.3% നും 6.8% നും ഇടയിൽ വളരുമെന്നാണ് സാമ്പത്തിക സര്‍വേയിലെ പ്രവചനം. ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി തുടരുകയാണ്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം

Union Budget 2025: റെക്കോഡ് കുറിക്കാന്‍ നിര്‍മലാ സീതാരാമന്‍; ധനമന്ത്രിയുടെ ബജറ്റ് പ്രംസഗത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

നിര്‍മലാ സീതാരാമന്‍

Published: 

01 Feb 2025 10:12 AM

തുടര്‍ച്ചയായി എട്ട് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ഖ്യാതി ഇതിനകം സ്വന്തമാക്കി കഴിഞ്ഞ നിര്‍മലാ സീതാരാമന്, ഇന്ന് ആ റെക്കോഡ് കൂടുതല്‍ ശക്തമാക്കുന്നതിനുള്ള അവസരം കൂടിയാണ്. തുടര്‍ച്ചയായ എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മലാ സീതാരാമന്‍ ഇന്ന് സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ക്കും. റെക്കോഡ് ബജറ്റ് പ്രഖ്യാപനത്തില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. ആദായനികുതി സ്ലാബുകളിലടക്കം ഇളവുകള്‍ പ്രതീക്ഷിക്കുന്നു. ബജറ്റ് രേഖയുടെ അന്തിമ മിനുക്കുപണികള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു.

സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തുന്നതിലും, സാമ്പത്തിക വളര്‍ച്ചയെ ശക്തമാക്കുന്നതിലും ശ്രദ്ധയൂന്നിയുള്ള പ്രഖ്യാപനങ്ങളുണ്ടാകും. ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനക്കമ്മി നിയന്ത്രിക്കുന്നതിനും, ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളുമുണ്ടായേക്കും.

ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 6.3% നും 6.8% നും ഇടയിൽ വളരുമെന്നാണ് സാമ്പത്തിക സര്‍വേയിലെ പ്രവചനം. ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി തുടരുകയാണ്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്‌ സമ്പദ്‌വ്യവസ്ഥ എല്ലാ വർഷവും ഏകദേശം 8 ശതമാനം വളർച്ച കൈവരിക്കണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നാണ് സര്‍വേ നല്‍കുന്ന സൂചന.

ആദായനികുതി സ്ലാബുകളിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ശക്തമാണ്‌. മധ്യവര്‍ഗം ഏറെ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. രാഷ്ട്രപതിയുടെയും, പ്രധാനമന്ത്രിയുടെയും പ്രസംഗങ്ങള്‍ മധ്യവര്‍ഗത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. നികുതി ഇളവുകളാണ് മറ്റൊരു പ്രതീക്ഷ.

Read Also : ബജറ്റിലേക്ക് കണ്ണും നട്ട് രാജ്യം, പ്രതീക്ഷകൾ വാനോളം

ജിഡിപി വളർച്ച നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നത്‌ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിപ്പിക്കുന്നതാണ്. ആഗോള അനിശ്ചിതത്വങ്ങൾ വര്‍ധിക്കുന്ന സമയത്താണ് ഇത്തവണത്തെ ബജറ്റ് വരുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് മേൽ സാധ്യമായ താരിഫുകൾ ചുമത്തുമെന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം, ആഗോള വ്യാപാര സംഘർഷങ്ങൾ തുടങ്ങിയവ എടുത്തപറയേണ്ട വിഷയങ്ങളാണ്.

കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനും പ്രാദേശിക ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നയങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ വ്യവസായങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനായി ചില താരിഫ് ഇളവുകളും പ്രതീക്ഷിക്കുന്നു. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) വിപുലീകരണവും പ്രതീക്ഷിക്കുന്നു.

നൈപുണ്യ വികസന സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‌ ഡെലോയിറ്റ് ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധയായ റംകി മജുംദാർ പി.ടി.ഐയോട് പറഞ്ഞു.

ആകെ 16 ബില്ലുകൾ ബജറ്റ് സമ്മേളനത്തിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. വഖഫ് (ഭേദഗതി) ബിൽ, ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി) ബിൽ, റെയിൽവേസ് (ഭേദഗതി) ബിൽ, ദുരന്തനിവാരണ (ഭേദഗതി) ബിൽ, എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകളാണ് പട്ടികപ്പെടുത്തിയത്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ