Uber Water Transport: ‘ഊബർ ശിക്കാര’; ഇന്ത്യയിൽ ആദ്യത്തെ ജലഗതാഗത സേവനവുമായി ഊബർ
Uber Shikara Booking App: ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ ജലഗതാഗത ബുക്കിംഗ് ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ, തുടക്കത്തിൽ ഏഴ് ശിക്കാര വള്ളങ്ങളാണ് സേവനത്തിനായി ഊബർ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇതിൻ്റെ എണ്ണം കൂടുതൽ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഊബർ ഉപയോക്താക്കൾക്ക് ആപ്പ് വഴി സർക്കാർ നിശ്ചയിച്ച നിരക്കിൽ ശിക്കാര ബുക്ക് ചെയ്യാൻ കഴിയും.
ശ്രീനഗർ: യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായി മാർഗമാണ് ഊബർ. യാത്രക്കാർക്ക് കൂടുതൽ സൗകര്യമുള്ള പല മാറ്റങ്ങളും ഊബർ ഇടയ്ക്കിടെ കൊണ്ടുവരാറുണ്ട്. ഇപ്പോഴിതാ ജലഗതാഗത മേഖയിൽ കൂടി കൈകടത്താനൊരുങ്ങുകയാണ് ഊബർ. ഇന്ത്യയിലെ ആദ്യത്തെ ജലഗതാഗത ആപ്പ് സേവനമാണ് ഊബർ ആരംഭിക്കാനൊരുങ്ങുന്നത്. ശ്രീനഗറിലെ ദാൽ തടാകത്തിൽ ശിക്കാര വള്ളങ്ങളാണ് ഇതിലൂടെ തുടക്കത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുക.
ഇത്തരത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ സേവനമാണിതെന്നും കമ്പനി അറിയിച്ചു. “സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് പുതിയ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. യാത്രക്കാർക്ക് ശിക്കാര സവാര കൂടുതൽ മനോഹരമാക്കാനുള്ള ഞങ്ങളുടെ ഏറ്റവും പുതിയ ശ്രമമാണ് ഊബർ ശിക്കാര. കശ്മീരിലെ അതിമനോഹരമായ ഭൂപ്രകൃതിയിൽ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ പുതിയ അനുഭവം സൃഷ്ടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു,” ഊബർ ഇന്ത്യയുടെ പ്രസിഡൻ്റ് പ്രഭ്ജീത് സിംഗ് പറഞ്ഞു.
ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ ജലഗതാഗത ബുക്കിംഗ് ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിൽ, തുടക്കത്തിൽ ഏഴ് ശിക്കാര വള്ളങ്ങളാണ് സേവനത്തിനായി ഊബർ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഇതിൻ്റെ എണ്ണം കൂടുതൽ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഊബർ ഉപയോക്താക്കൾക്ക് ആപ്പ് വഴി സർക്കാർ നിശ്ചയിച്ച നിരക്കിൽ ശിക്കാര ബുക്ക് ചെയ്യാൻ കഴിയും.
അതേസമയം ഊബർ ശിക്കാര പങ്കാളികളിൽ നിന്ന് യാതൊരു നിരക്കും ഈടാക്കുന്നില്ലെന്നും മുഴുവൻ തുകയും അവർക്ക് കൈമാറുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയുള്ള യാത്രയാണ് ഇതിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക. ഒരു മണിക്കൂർ സമയത്തേക്കാണ് ഓരോ ഊബർ ശിക്കാര റൈഡും ബുക്ക് ചെയ്യുന്നത്. ഒരു ശിക്കാരയിൽ നാല് യാത്രകാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളൂ.
കൂടാതെ ശിക്കാര യാത്രകൾക്കായി ഊബർ ആപ്പ് വഴി നിങ്ങൾക്ക് 12 മണിക്കൂർ മുമ്പോ 15 ദിവസം മുമ്പോ ബുക്ക് ചെയ്യാവുന്നതാണ്. ശ്രീനഗറിലെ ദാൽ തടാകത്തിൽ ഏകദേശം 4,000 ശിക്കാര വള്ളങ്ങളാണുള്ളത്. ഭാവിയിൽ ഊബർ കൂടുതൽ ശിക്കാര ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശിക്കാര ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് വാലി മുഹമ്മദ് ഭട്ട് പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്ക്
അടുത്തിടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഓഡിയോ റെക്കോർഡിംഗ്, വനിതാ യാത്രക്കാർക്ക് മുൻഗണന , മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ, ഒരു എസ്ഒഎസ് ബട്ടൺ എന്നിവ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളുമായി ഊബർ രംഗത്തെത്തിയിരുന്നു. യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നിയാൽ ശബ്ദം റെക്കോർഡ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചറാണ് ഓഡിയോ റെക്കോർഡിംഗ്. യാത്രക്കാർക്കും ഡ്രൈവർമാർക്കും ശബ്ദം റെക്കോർഡ് ചെയ്യാം. ഈ റെക്കോർഡിംഗുകൾ എൻക്രിപ്റ്റ് ചെയ്യുകയും സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്. കൂടാതെ ഒരു സുരക്ഷാ റിപ്പോർട്ടിൻറെ ഭാഗമായല്ലാതെ ഊബറിനും റെക്കോർഡ് ചെയ്ത ശബ്ദം കേൾക്കാനാകുകയും ഇല്ല.