Two Wheeler Insurance: ഇരു ചക്ര വാഹന ഇൻഷുറൻസ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുതെ, പണി കിട്ടും!
Two Wheeler Insurance: ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സാമ്പത്തികമായ പരിരക്ഷ ഉറപ്പാക്കുന്നു. ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ചുവടെ ചേർക്കുന്നു..

ഇന്ത്യയിൽ 21 കോടിയിലധികം ആളുകൾ ഇരുചക്ര വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് മിക്ക ആളുകളും ദൈനംദിന യാത്രക്കായി ബൈക്കുകളോ സ്കൂട്ടറുകളോ ഉപയോഗിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് വളരെ പ്രധാനമാണ്.
ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സാമ്പത്തികമായ പരിരക്ഷ ഉറപ്പാക്കുന്നു. പ്രധാനമായും മൂന്ന് തരത്തിലാണ് ഇരുചക്ര വാഹനങ്ങളുടെ ഇൻഷുറൻസ്.
സമഗ്ര ബൈക്ക് ഇൻഷുറൻസ്
വിപുലമായ കവറേജ് നൽകുന്ന ഇൻഷുറൻസാണിത്. അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെയും വ്യക്തികളുടെയും നാശനഷ്ടങ്ങൾ ഉൾക്കൊള്ളുന്ന തേർഡ് പാർട്ടി ഇൻഷുറൻസിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതി ദുരന്തങ്ങൾ, മോഷണം പോലുള്ള ആകസ്മികമായ നാശനഷ്ടങ്ങളിൽ നിന്നുള്ള പരിരക്ഷണവും ഇവ നൽകുന്നു.
തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ്
ഇന്ത്യയിൽ, ഇരുചക്ര വാഹനങ്ങൾക്ക് ഒരു തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. മറ്റൊരാളുടെ ബൈക്കിന് അബദ്ധത്തിൽ കേടുപാടുകൾ സംഭവിച്ചാലോ അല്ലെങ്കിൽ അപകടത്തിൽ അവർക്ക് പരിക്കേറ്റാലോ ഈ തരത്തിലുള്ള ഇൻഷുറൻസ് ചെലവ് വഹിക്കുന്നു.
സ്റ്റാൻഡ് എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ്
സ്റ്റാൻഡ്‌എലോൺ ഓൺ ഡാമേജ് ഇൻഷുറൻസുകൾ നിങ്ങളുടെ വാഹനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപകടത്തിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താനും പ്രകൃതി ദുരന്തങ്ങൾ, മോഷണം പോലുള്ള ആക്സ്മിക നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ വാഹത്തെ സംരക്ഷിക്കാനും ഈ ഇൻഷുറൻസ് ഉപകാരപ്പെടുന്നു.
ഇൻഷുറൻസിലൂടെ പരിരക്ഷിക്കപ്പെടാത്തവ
തേർഡ് പാർട്ടി പോളിസിയിൽ, പോളിസി ഉടമയുടെ സ്വന്തം വാഹനത്തിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കവറേജില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെയോ ലൈസൻസില്ലാതെ വാഹനമോട്ടിക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.
അശ്രദ്ധമായ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ
ഇൻഷുറൻസ് പോളിസിയിൽ ലഭിക്കുന്ന പ്രത്യേക അധിക ആനുകൂല്യങ്ങളാണ് ആഡ്-ഓൺ കവറുകൾ. ചില സാഹചര്യങ്ങൾ ആഡ്-ഓണുകൾ മുഖേന പരിരക്ഷിക്കപ്പെടുന്നു. എന്നാൽ ഈ ആഡ്-ഓണുകൾ വാങ്ങിയിട്ടില്ലെങ്കിൽ, അത്തരം സാഹചര്യങ്ങളിൽ പരിരക്ഷിക്കപ്പെടില്ല.
ബൈക്ക് ഇൻഷുറൻസ് വാങ്ങുമ്പോൾ പരിഗണിക്കേണ്ടവ
പോളിസിയിൽ ഉൾപ്പെട്ടിട്ടുള്ളവ
ക്ലെയിം സെറ്റിൽമെന്റ്
നെറ്റ് വർക്ക് ഗാരേജുകൾ
ഇൻഷുററുടെ സേവനങ്ങൾ, വിശ്വാസ്യത
വിലകളുടെ താരതമ്യം
അപകട ശേഷം ഇരുചക്ര വാഹനങ്ങൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് എങ്ങനെ?
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ അവയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനെ പറ്റി ഇന്നും കൃത്യമായി അറിയാത്തവരുണ്ട്. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിൽ ഏറ്റവും പ്രധാനം, അപകടത്തിന്റെ ചിത്രങ്ങൾ എടുക്കേണ്ടതാണ്. അത് അപകടത്തെ സാധൂകരിക്കാൻ സഹായിക്കും. ഫോട്ടോ എടുക്കുമ്പോൾ, വാഹനത്തിന്റെ ചിത്രത്തിനോടൊപ്പം അപകടം നടന്ന സ്ഥലത്തിന്റെയും ചിത്രങ്ങൾ പകർത്തുക.
അപകടത്തെ കുറിച്ച് വളരെ വേഗത്തിൽ തന്നെ ഇൻഷുററെ അറിയിക്കാൻ ശ്രദ്ധിക്കുക. ഇൻഷുററെ അറിയിക്കാൻ വൈകുന്നത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. കൂടാതെ അപകടം വിവരം അറിയിക്കുമ്പോള്‍ ഒരു വിവരവും മറച്ചുവെക്കാൻ പാടില്ല. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനുള്ള അടുത്ത ഘട്ടം എഫ്‌ഐആര്‍ ഫയല്‍ ചെയ്യുക എന്നതാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അപകടസ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍പ്പെട്ട ഡ്രൈവര്‍, സാക്ഷികള്‍, മറ്റ് ആളുകള്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിക്കും. എന്നാൽ, ചെറിയ അപകടങ്ങൾക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് ആവശ്യമില്ല.
ഇതിന് ശേഷം ഇന്‍ഷുറന്‍സ് പോളിസിയുടെ പകര്‍പ്പ്, എഫ്ഐആറിന്റെ പകര്‍പ്പ്, ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ (ആര്‍സി) പകര്‍പ്പ് തുടങ്ങിയ രേഖകള്‍ നല്‍കണം. ഇതിൽ ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. തുടർന്ന് പരിശോധനാ പ്രക്രിയ ആരംഭിക്കുന്നതിന് ഒരു സര്‍വേയറെ അയയ്ക്കാന്‍ നിങ്ങളുടെ ഇന്‍ഷുററോട് അഭ്യര്‍ത്ഥിക്കുക. ഈ സര്‍വേയര്‍ ഇരുചക്ര വാഹനത്തിന്റെ മൊത്തം കേടുപാടുകള്‍ വിലയിരുത്തുന്നു.