Best Savings Schemes: ഇടത്തരം കുടുംബത്തിലാണെങ്കിൽ മറക്കാതെ ആരംഭിക്കണ്ട സമ്പാദ്യ പദ്ധതികൾ
Best Savings Schemes: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ധനമന്ത്രാലയമാണ് ഈ തീരുമാനമെടുക്കുന്നത്
നിങ്ങളൊരു മിഡിൽ ക്ലാസ് കുടുംബത്തിലാണോ ഉള്ളത്. ഇതുവരെ സമ്പാദ്യമൊന്നുമായില്ലേ? എങ്കിൽ ഇതാ നിങ്ങൾക്കായൊരു കിടിലൻ സ്കീം. ഇടത്തരക്കാർക്കിടയിൽ വളരെ പ്രചാരമുള്ള രണ്ട് പദ്ധതികളെ കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ) എന്നിവയാണ് ഇവ.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്)
ദീർഘകാലത്തേക്ക് നിക്ഷേപിക്കാവുന്നതും തൊഴിൽ ചെയ്യുന്നവർക്കിടയിൽ പ്രചാരത്തിലുള്ളതുമായ സ്കീമാണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് . പ്രതിവർഷം 7.1% പലിശയാണ് PPF നൽകുന്നത്. ഇതോടൊപ്പം നികുതി ആനുകൂല്യങ്ങളും ലഭിക്കും. 500 രൂപ മുതൽ പിപിഎഫിൽ നിക്ഷേപം ആരംഭിക്കാം. ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 1.50 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാനാവുന്നത്. ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപ തുകയിൽ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാം. 15 വർഷം വരെയാണ് പിപിഎഫിൽ നിക്ഷേപിക്കാവുന്നത്, കാലാവധി പൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ അത് 5 വർഷത്തേക്ക് കൂടി നീട്ടാം.
സുകന്യ സമൃദ്ധി യോജന (എസ്എസ് വൈ)
നിങ്ങളുടെ പെൺകുഞ്ഞിൻ്റെ സാമ്പത്തിക ഭാവി സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന . പദ്ധതി പ്രകാരം, വർഷത്തിൽ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. സുകന്യ സമൃദ്ധി അക്കൗണ്ട സ്കീമിൽ നിലവിൽ നിക്ഷേപങ്ങൾക്ക് 8.2% പലിശയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
അക്കൗണ്ട് അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷം വരെയാണ് ഇതിൻ്റെ കാലാവധി, പരമാവധി നിക്ഷേപ കാലയളവ് 15 വർഷം വരെയാണ്. 10 വയസ്സിന് താഴെയുള്ള ഒരു പെൺകുട്ടിയുടെ പേരിൽ രക്ഷിതാവിനും ഈ അക്കൗണ്ട് തുറക്കാം. ഒരു കുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. അതേസമയം, ഒരു കുടുംബത്തിന് പരമാവധി രണ്ട് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം.
ഡിസംബറിൽ പലിശ നിരക്ക്
പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ധനമന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. അടുത്ത പാദം- അതായത് ജനുവരി മുതൽ മാർച്ച് വരെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സംബന്ധിച്ച് ഡിസംബർ അവസാന വാരത്തിൽ സർക്കാർ തീരുമാനമെടുക്കും അങ്ങനെ വരുമ്പോൾ പലിശയിൽ വീണ്ടും മാറ്റം പ്രതീക്ഷിക്കാവുന്നതാണ്.