ചിപ്പ് നിർമ്മാണത്തിന് ഇന്ത്യൻ കമ്പനിയുമായി സഹകരിക്കാനൊരുങ്ങി ടെസ്‌ല
തമിഴ്‌നാട്ടിലെ ഹൊസൂർ, ഗുജറാത്തിലെ ധൊലേര, അസം എന്നിവിടങ്ങളിൽ ഇതിനകം ചിപ്പ് നിർമ്മാണ കേന്ദ്രങ്ങൾ ടാറ്റ ഇലക്ട്രോണിക്‌സ് സ്ഥാപിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ചിപ്പ് നിർമ്മാണത്തിന് ഇന്ത്യൻ കമ്പനിയുമായി സഹകരിക്കാനൊരുങ്ങി ടെസ്‌ല. ടാറ്റ ഇലക്ട്രോണിക്‌സുമായാണ് ഇതുസംബന്ധിച്ച് ടെസ്‌ല കരാറിലെത്തിയിരിക്കുന്നത്. ആഗോളതലത്തിൽ കമ്പനികൾക്കായി അർധചാലകങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നതിനിടെയാണ് ടെസ്‌ലയുടെ നിർണായകമായ കരാർ ടാറ്റക്ക് ലഭിക്കുന്നത്. അർധചാലക സാങ്കേതിക വിദ്യ, സ്ട്രാറ്റജിക് പ്ലാനിങ്, ഡിസൈനിങ് എന്നീ മേഖലകളിൽ വിദഗ്ധരായ 60 ഓളം വിദേശികളെ ടാറ്റ ഇലക്ട്രോണിക്‌സ് ചിപ്പ് നിർമ്മാണ കേന്ദ്രങ്ങളിൽ ഇതിനകം നിയമിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഹൊസൂർ, ഗുജറാത്തിലെ ധൊലേര, അസം എന്നിവിടങ്ങളിൽ ഇതിനകം ചിപ്പ് നിർമ്മാണ കേന്ദ്രങ്ങൾ ടാറ്റ ഇലക്ട്രോണിക്‌സ് സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ വിതരണ സംവിധാനം വിപുലമാക്കാനുള്ള പദ്ധതിയാണ് ടാറ്റക്കുള്ളതെന്നാണ് റിപ്പോർട്ട്. ഇതിനകം ഒരു ലക്ഷം കോടിയിലധികം രൂപ(14 ബിലൺ ഡോളർ) ടാറ്റ ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്. ലോകത്തെതന്നെ അതിവേഗം വളരുന്ന വാഹന വിപണിയായ ഇന്ത്യയെ ലക്ഷ്യമിട്ട് ടെസ്‌ല നീക്കം നടത്തുന്നതിനിടെയാണ് കരാർ എന്നതും ശ്രദ്ധേയമാണ്.
അതേസമയം ടെസ്‌ലയുടെ സിഇഒ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ മാസം കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതിനായി മസ്‌ക് ഇന്ത്യ സന്ദർശിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. രാജ്യത്ത് നിർമ്മാണ കേന്ദ്രം സ്ഥാപിക്കൽ ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികൾ സന്ദർശന വേളയിൽ മസ്‌ക് പ്രഖ്യാപിച്ചേക്കും.
ഇലക്ട്രിക് കാറുകൾ നിർമ്മിക്കുന്നതിന് ഇന്ത്യയിൽ 15,000-25,000 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തിൽ മസ്‌ക് നടത്തിയേക്കുമെന്നാണ് വ്യവസായ മേഖലയിൽനിന്നുള്ള വിലയിരുത്തൽ. എൻട്രി ലെവൽ ഇ.വികൾ പ്രാദേശികമായി നിർമ്മിക്കുന്നതിനോടൊപ്പം പ്രീമിയം സെഗ്മെന്റും ടെസ്‌ല ലക്ഷ്യമിടുന്നുണ്ട്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെതന്നെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് ടെസ്‌ല.