5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Swiggy IPO: പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ച് സ്വിഗ്ഗി

രഹസ്യ സംവിധാനം വഴിയാണ് സ്വിഗ്ഗി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചിരിക്കുന്നത്. 2022ൽ സെബിയാണ് കോൺഫിഡൻഷ്യൽ ഫയലിംഗ് അവതരിപ്പിച്ചത്.

Swiggy IPO: പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ച് സ്വിഗ്ഗി
Swiggy has filed draft documents with Sebi
neethu-vijayan
Neethu Vijayan | Published: 28 Apr 2024 12:22 PM

പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി (ഐപിഒ) സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അപേക്ഷ സമർപ്പിച്ചു. ഐപിഒ വഴി 10,400 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനി ഓഹരിയുടമകളിൽ നിന്ന് അനുമതി തേടിയിരുന്നു. പുതിയ ഓഹരികൾ വഴി 3,750 കോടി രൂപയും നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴി 6,664 കോടി രൂപയുമാണ് സമാഹരിക്കാനൊരുങ്ങുന്നത്.

ഏപ്രിൽ 23ന് നടന്ന പൊതുയോഗത്തിൽ സ്വിഗ്ഗി ഒരു പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. ഐപിഒയ്ക്ക് മുൻപായി ആങ്കർ നിക്ഷേപകരിൽ നിന്ന് 750 കോടി രൂപ സമാഹരിക്കാനും സ്വിഗ്ഗി പദ്ധതിയിടുന്നുണ്ട്. സ്വിഗ്ഗിയിൽ 33 ശതമാനം ഓഹരിയുള്ള, ഏറ്റവും വലിയ നിക്ഷേപകരായ പ്രോസസിനെ കൂടാതെ സോഫ്റ്റ് ബാങ്കും ഒഎഫ്എസ് വഴി ഓഹരി വിറ്റഴിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രഹസ്യ സംവിധാനം വഴിയാണ് സ്വിഗ്ഗി സെബിക്ക് ഡിആർഎച്ച്പി സമർപ്പിച്ചിരിക്കുന്നത്. 2022ൽ സെബിയാണ് കോൺഫിഡൻഷ്യൽ ഫയലിംഗ് അവതരിപ്പിച്ചത്. ഈ രീതിയിൽ അപേക്ഷ സമർപ്പിക്കുമ്പോൾ പൊതു പ്ലാറ്റുഫോമുകളിൽ പരസ്യപ്പെടുത്തേണ്ടതില്ല. ഐപിഒയിൽ കൂടുതൽ ഫ്ലെക്സിബിലിറ്റി നേടാൻ കമ്പനികൾക്ക് ഇത് സഹായകമാകും.

2022-23 സാമ്പത്തിക വർഷത്തിൽ സ്വിഗിയുടെ വരുമാനം 45 ശതമാനം ഉയർന്ന് 8,265 കോടി രൂപയിൽ എത്തിയിരുന്നു. എന്നാൽ ഇക്കാലയളവിൽ 4,179 കോടി രൂപയുടെ നഷ്ടവും കമ്പനി രേഖപ്പെടുത്തി. ഫുഡ് ഡെലിവറി കൂടാതെ ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തിലേക്കും കൂടുതൽ കമ്പനി ശ്രദ്ധ നൽകുന്നുണ്ട്. 2022 ജനുവരിയിൽ അവസാനം ഫണ്ട് സമാഹരിച്ചപ്പോൾ 10.7 ബില്യൺ ഡോളറാണ് സ്വിഗ്ഗിയുടെ മൂല്യം കണക്കാക്കിയിരുന്നത്.

ആക്‌സൽ, എലിവേഷൻ ക്യാപിറ്റൽ, ടെൻസെൻ്റ്, നോർവെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സ്, ഡിഎസ്ടി ഗ്ലോബൽ, മെയ്തുവാൻ, കോട്ടു, ഇൻവെസ്‌കോ തുടങ്ങിയവരാണ് സ്വിഗ്ഗിയുടെ മറ്റ് ഓഹരി ഉടമകൾ. സ്വിഗ്ഗിയുടെ മുഖ്യ എതിരാളിയായ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോം സൊമാറ്റോ 2021ലാണ് ലിസ്റ്റ് ചെയ്തത്. 9,375 കോടി രൂപയാണ് ഐപിഒ വഴി കമ്പനി സമാഹരിച്ചത്.