കൊക്കോ കൃഷി തുടങ്ങിക്കോളൂ… വില കുതിച്ചുയരുകയാണ്

രാജ്യാന്തര വിപണിയില്‍ ടണ്ണിന് പതിനായിരം ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ കൊക്കോ വില. ഈ വര്‍ഷം തന്നെ വില ഏകദേശം ഇരട്ടിയോളമാണ് കൂടിയത്.

കൊക്കോ കൃഷി തുടങ്ങിക്കോളൂ... വില കുതിച്ചുയരുകയാണ്
Updated On: 

27 Apr 2024 16:12 PM

തിരുവനന്തപുരം: കൃഷി പൊതുവേ വരുമാനം കുറവാണെന്നു ചിന്തിക്കുന്ന കാലമാണ് ഇത് എങ്കിലും വരുമാനം കൂടുന്ന കൃഷികൾ പലതുമുണ്ട്. ഇപ്പോൾ വിലവിവരപ്പട്ടിക പരിശോധിച്ചാൽ വില കുതിച്ചുയരുന്നത് കൊക്കോയ്ക്ക് ആണെന്നു കാണാം.

കൊക്കോ കുരുവിന്റെ വില കുതിച്ചുയരുന്നതോടെ പലരും കൊക്കോ കൃഷി തുടങ്ങാനുള്ള ആലോചനയിലാണ്. രാജ്യാന്തര വിപണിയില്‍ ടണ്ണിന് പതിനായിരം ഡോളറിനു മുകളിലാണ് ഇപ്പോഴത്തെ കൊക്കോ വില. ഈ വര്‍ഷം തന്നെ വില ഏകദേശം ഇരട്ടിയോളമാണ് കൂടിയത്.

എന്നാല്‍ എന്താണ് ഈ വിലവര്‍ധനയ്ക്കു പിന്നില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? പണ്ട് വാനിലയ്ക്ക് വില കൂടിയപ്പോൾ അതിലേക്ക് തിരിഞ്ഞ് പലരും ലാഭം കൊയ്യുകയും നഷ്ടത്തിലാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഇതും ഒരു ഊഹക്കച്ചവടം ആകുമോ എന്ന സംശയം പലർക്കുമുണ്ട്. ഇതിനെപ്പറ്റിയുള്ള വിശദമായ കുറിപ്പ് സാമൂഹ്യ നിരീക്ഷകൻ മുരളി തുമ്മാരക്കുടി ഫെയ്സ്ബുക്കിൽ പങ്കു വയ്ക്കുന്നു.

കുറിപ്പു വായിക്കാം

കൊക്കോ കുരുവിന്റെ വിലയും സ്വർണ്ണവിലയും തമ്മിൽ എന്ത്?

ഏറെ നാളുകൾക്ക് ശേഷം കൊക്കോ കൃഷി വീണ്ടും വാർത്തയിൽ നിറയുകയാണ്. കൊക്കോക്കുരുവിന്റെ വില ദിനംപ്രതി കൂടുന്നു. ഈ വർഷം തുടങ്ങിയതിനേക്കാൾ വില ഇപ്പോൾ ഇരട്ടിയിലധികമായി. ബിറ്റ് കോയിന്റെ വിലയേക്കാൾ വേഗത്തിലാണ് കൊക്കോക്കുരുവിന്റെ വില കൂടുന്നത്.

അന്താരാഷ്ട്ര വിപണിയിൽ കൊക്കോക്കുരുവിന്റെ വില സർവ്വകാല റെക്കോർഡ് ആണ്. ടണ്ണിന് പതിനായിരം ഡോളറിന് മുകളിൽ !എന്തുകൊണ്ടാണ് കൊക്കോക്കുരുവിന്റെ വില ഇത്തരത്തിൽ ഉയരുന്നത്?, ഇനി ഈ വില ഇത്തരത്തിൽ നിലനിൽക്കുമോ? കേരളത്തിൽ ഇനി കൊക്കോ കൃഷിയിലേക്ക് ഇറങ്ങുന്നത് ശരിയായ തീരുമാനം ആണോ?

പണ്ടൊരിക്കൽ, ഇതുപോലെ കൊക്കോ കുരുവിന്റെ വില സർവ്വകാല റെക്കോർഡിൽ എത്തിയ 1977 ലാണ് ഞാൻ കൊക്കോ കൃഷിയെപ്പറ്റി ആദ്യമായി കേൾക്കുന്നത്. വെങ്ങോലയിൽ അന്ന് ഒന്നോ രണ്ടോ ആളുകൾക്ക് മാത്രമേ കൊക്കോ കൃഷി ഉള്ളൂ. എങ്ങനെയാണ് അവർ കൊക്കോ കൃഷിയിൽ എത്തിയത് എന്ന് എനിക്കറിയില്ല.

എന്താണെങ്കിലും 1977 ൽ കൊക്കോക്കുരുവിന്റെ വില ആഗോള മാർക്കറ്റിൽ ടണ്ണിന് അയ്യായിരം ഡോളർആദ്യമായി കടന്ന കാലത്തും വെങ്ങോലയിൽ കൊക്കോ കൃഷി ഉണ്ടായിരുന്നു.എന്റെ സുഹൃത്ത് ഹമീദിന്റെ വീട്ടിൽ അന്ന് കൊക്കോ കൃഷി ഉണ്ട്. ഞങ്ങൾ ആരും കൊക്കോക്കായ കണ്ടിട്ട് പോലുമില്ല. ഒരു ദിവസം അവൻ ഒരു കൊക്കോ കായ സ്‌കൂളിൽ കൊണ്ടുവന്നു.

ഒരു ചെറിയ പപ്പായയുടെ അത്രയും വരുന്ന, മഞ്ഞ നിറമുള്ള ഒരു കായാണ് അവൻ കൊണ്ടുവന്നത്. (പിൽക്കാലത്ത് കൊക്കോക്കായ പല നിറത്തിലും വലുപ്പത്തിലും ഉണ്ടെന്ന് മനസ്സിലായി). വളരെ കട്ടിയുള്ള തോടാണ്, അത് പൊട്ടിച്ചാൽ അകത്ത് കൊഴുപ്പൊള്ളുരു ദ്രാവകത്തിൽ പൊതിഞ്ഞ അനവധി ചെറിയ വിത്തുകൾ.

അതാണ് കൊക്കോക്കുരു. കായ പൊട്ടിച്ച് കുരുവെല്ലാം പുറത്തെടുത്ത് ഉണക്കിയാണ് വിൽക്കേണ്ടത്, കൊക്കോക്കുരുവിന്റെ വില എന്ന് പറയുന്പോൾ ഉണങ്ങിയ കൊക്കോക്കുരുവിന്റെ വിലയാണ്.കൊക്കോക്കുരുവിന് ഒരു ചവർപ്പ് സ്വാദാണ്, നേരിട്ട് കഴിക്കാൻ കൊള്ളില്ല.

എന്നാൽ ആഡംബര ഭക്ഷ്യവസ്തുവായ ചോക്കലേറ്റിന്റെ അടിസ്ഥാന ഘടകം ആണ്. അന്ന് ഇന്ത്യയിൽ ചോക്കലേറ്റിന് വലിയ വിപണി ഒന്നുമില്ല, ചോക്കലേറ്റ് ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ അന്ന് ഉണ്ടായിരുന്നോ? അറിയില്ല, കേരളത്തിൽ ഇല്ലായിരുന്നു എന്നാണ് ഓർമ്മ.

കർഷകരിൽ നിന്നും സംഭരിക്കുന്ന കൊക്കോ വിദേശത്തേക്ക് കയറ്റി അയക്കുകയായിരുന്നുവത്രേ!വെങ്ങോലയിലെ ആദ്യകാലത്തെ കൊക്കോക്കുരുവിനൊന്നും വിദേശത്തേക്ക് പോകാനുള്ള ഭാഗ്യം ഉണ്ടായില്ല. കൊക്കോക്കുരുവിന്റെ വില കൂടിയതോടെ കൊക്കോ കൃഷി ലാഭകരമാണെന്ന് നാട്ടുകാർക്ക് മനസ്സിലായി.

ഉണ്ടായ കുരുവെല്ലാം വിത്താക്കി കുഴിച്ചിട്ടു തയ്യായി വലിയ വിലക്ക് വിറ്റു. നാട്ടുകാർ കിട്ടിയ വിലക്ക് വാങ്ങി, ഞങ്ങളും. അങ്ങനെ 1978 ൽ വെങ്ങോലയിൽ കൊക്കോ ചെടി എത്തി. ഏകദേശം അഞ്ചു വർഷം എടുക്കും കൊക്കോ ചെടി വളർന്നു കായ് തരാൻ. വെങ്ങോലയിലെ കൊക്കോ ചെടി വളർന്നു കായ് ആയപ്പോഴേക്കും ഞാൻ എൻജിനീയറിങ്ങ് പഠിക്കാനായി സ്ഥലം വിട്ടിരുന്നു.

കൊക്കോയുടെ അന്താരാഷ്ട്ര വിപണി വില അയ്യായിരം ഡോളറിൽ നിന്നും ആയിരത്തിന് താഴേക്ക് കൂപ്പുംകുത്തി വീണു. കേരളത്തിലാകട്ടെ കൊക്കോക്കുരു എടുക്കാൻ വ്യാപാരികൾ തന്നെ ഇല്ലാതായി.തുമ്മാരുകുടിയിലെ കൊക്കോ മരത്തിലെ കായ് അണ്ണാൻകൂട്ടത്തിന് ഭക്ഷണമായി. കൊക്കോ മരത്തിന്റെ ഇല വെട്ടി ചവറായി പാടത്തും പറന്പിലും ഉപയോഗിച്ചു.

പിന്നീട് എപ്പോഴോ കൊക്കോ മരം വെട്ടി റംബുട്ടാൻ നട്ടു, വില കിട്ടിയില്ലെങ്കിലും ഫലങ്ങൾ കഴിക്കാമല്ലോ.അങ്ങനെ തുമ്മാരുകുടിയിലെ കൊക്കോ കൃഷിയുടെ കഥ കഴിഞ്ഞു.2024 ൽ വീണ്ടും കൊക്കോയുടെ വില 1977 നു ശേഷം ആദ്യമായി അയ്യായിരം ഡോളർ കടന്നു, ഫെബ്രുവരി മാസത്തിൽ.

രണ്ടു മാസം കഴിയുന്നതിന് മുൻപ് തന്നെ വില പതിനായിരം ഡോളർ കടന്നു. ഇപ്പോൾ കേരളത്തിൽ കൊക്കോ കൃഷി ഉള്ളവർക്ക് കോളടിച്ചു. നിന്ന നിൽപ്പിൽ കൊക്കോ കുരുവിന്റെ വില മൂന്നു മടങ്ങായി, അവിടെയും നിൽക്കാതെ കുതിക്കുകയാണ്.വളരെ നല്ല കാര്യം. റബ്ബർ ഉൾപ്പടെയുള്ള മറ്റു കൃഷികൾ വലിയ മെച്ചം ഇല്ലാത്ത കാലമല്ലേ, കാർഷിക രംഗത്ത് നിന്നും എന്തെങ്കിലും നല്ല വാർത്ത വരുന്നത് സന്തോഷമാണ്.

ഇനിയാണ് ബുദ്ധിമുട്ടുള്ള കാലം വരുന്നത്. ഈ വർഷത്തെ കൊക്കോയുടെ വില കണ്ടിട്ട് ആളുകൾ മൊത്തമായി കൊക്കോ തൈകൾ തേടി പോകുന്നു. റബ്ബറോ മറ്റു വിളകളോ വച്ചിരുന്ന പറന്പിൽ ആകെ കൊക്കോ വരുന്നു. ഇപ്പോൾ തന്നെ നല്ല കൊക്കോ തൈ എങ്ങനെ തിരിച്ചറിയാം, കൊക്കോ കൃഷിയിലൂടെ എങ്ങനെ ആദായം ഉണ്ടാക്കാം എന്നൊക്കെയുള്ള പാഠങ്ങൾ വന്നു തുടങ്ങി.

പക്ഷെ കൊക്കോയുടെ വില ഇവിടെ നിൽക്കുമോ? എങ്ങനെ നല്ല കൊക്കോ തൈകൾ തിരിച്ചറിയാം, എവിടെ കിട്ടും, എങ്ങനെ കൃഷി ചെയ്യണം എന്നെല്ലാം പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ എങ്ങോട്ടാണ് കൊക്കോയുടെ വില പോകാൻ പോകുന്നത് എന്ന് കൂടി നമ്മുടെ കൃഷി വകുപ്പ് കർഷകർക്ക് മാർഗ്ഗ നിർദ്ദേശം കൊടുക്കണം.

ഇതത്ര എളുപ്പമുള്ള കാര്യമല്ല. കൊക്കോയുടെ വില നിശ്ചയിക്കപ്പെടുന്നത് കേരളത്തിലോ ഇന്ത്യയിലോ അല്ല. കൊക്കോയുടെ ആവശ്യവും ലഭ്യതയും അനുസരിച്ച് ലണ്ടനിലും ന്യൂ യോർക്കിലും ഉള്ള കമ്മോഡിറ്റി മാർക്കറ്റിലാണ് കൊക്കോയുടെ അടിസ്ഥാന വില നിശ്ചയിക്കപ്പെടുന്നത്.

ലോകത്ത് ഏകദേശം 5-6 മില്യൺ ടൺ കൊക്കോ ആണ് ഉല്പാദിപ്പിക്കുന്നത്. പശ്ചിമാഫ്രിക്കയിലെ ഐവറി കോസ്റ്റ്, ഘാന, ഇൻഡോനേഷ്യ, ഇക്വഡോർ, കാമറൂൺ എന്നിങ്ങനെ അഞ്ചു രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കൊക്കോ ഉൽപ്പാദിപ്പിക്കുന്നത്. ഇവർ കൂടിയാൽ തന്നെ ഇതിൽ എൺപത് ശതമാനവും ആയി.

ഇന്ത്യയിലെ ഉൽപ്പാദനം ഏതാണ്ട് മുപ്പതിനായിരം ടൺ ആണ്, ലോക ഉൽപ്പാദനത്തിന്റെ അര ശതമാനത്തോളം മാത്രം. യൂറോപ്പിലും നോർത്ത് അമേരിക്കയിലും ഉള്ള രാജ്യങ്ങളാണ് പ്രധാനമായും കൊക്കോക്കുരു വാങ്ങിക്കൂട്ടുന്നത്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലും ഘാനയിലും ഉണ്ടാകുന്ന വരൾച്ച, പ്രളയം, സസ്യരോഗങ്ങൾ, നിയമത്തിലെ മാറ്റങ്ങൾ, മറ്റുള്ള സാമൂഹ്യ സാഹചര്യങ്ങൾ ഒക്കെയാണ് പ്രധാനമായും കൊക്കോയുടെ വരവ് നിശ്ചയിക്കുന്നത്.

കോവിഡിന് ശേഷം കൊക്കോയുടെ ഡിമാൻഡ് കൂടി വരികയായിരുന്നു. എന്നാൽ ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾ പൊതുവെ സാമ്പത്തിക സാഹചര്യങ്ങളെ പിടിച്ചു നിർത്തിയിരിക്കയാണ്. അതുകൊണ്ട് തന്നെ കൊക്കോയുടെ ഡിമാൻഡിൽ ഒരു കുതിച്ചു ചാട്ടം ഇല്ല. ഇത്തവണ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കൊക്കോയുടെ വരവ് വളരെ കുറഞ്ഞു. ഇതാണ് ഇപ്പോഴത്തെ വില കൂടുന്നതിന്റെ അടിസ്ഥാന കാരണം.

എന്തുകൊണ്ടാണ് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പാദനം കുറഞ്ഞത്?

ഇതിനും പല കാരണങ്ങൾ ഉണ്ട്. പക്ഷെ ഏറ്റവും പ്രധാനമായത് രണ്ടെണ്ണമാണ്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ 2003 ന് ശേഷമുളള ഏറ്റവും വലിയ വരൾച്ചയാണ് ഇപ്പോൾ കാണുന്നത്. കൊക്കോയുടെ ഉൽപ്പാദനം ഈ വർഷം കുറയുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ വർഷത്തിൽ തന്നെ കാലാവസ്ഥ കേന്ദ്രങ്ങൾ നൽകിയിരുന്നു.

ഘാനയിലും ഐവറി കോസ്റ്റിലും മറ്റൊരു പ്രശ്നം കൂടി രൂപപ്പെട്ടിട്ടുണ്ട്. കൊക്കോ കൃഷി ചെയ്യുന്ന പല പ്രദേശങ്ങളിലും ഉള്ള മണ്ണിൽ സ്വർണ്ണത്തിന്റെ അംശം ഉണ്ട്. സ്വർണ്ണം അരിച്ചെടുക്കണമെങ്കിൽ കൊക്കോ മരങ്ങൾ വെട്ടി മാറ്റണം. ഈ രാജ്യങ്ങളിൽ പലയിടത്തും വനപ്രദേശങ്ങളിലാണ് കൊക്കോ കൃഷി ചെയ്തത്.

ഇവിടുത്തെ ഭൂമിയുടെ പട്ടയം ഒന്നും വേണ്ടത്ര നന്നായി മാനേജ് ചെയ്യപ്പെടുന്ന ഒന്നല്ല. സ്വർണ്ണത്തിന്റെ വില കൂടിയതോടെ അക്രമ സ്വഭാവമുള്ള സംഘങ്ങൾ ബലമായും നിർബന്ധിച്ചും കൊക്കോ തോട്ടങ്ങളിലെ കൊക്കോ മരങ്ങൾ വെട്ടിമാറ്റി സ്വർണ്ണം ഖനനം ചെയ്യുന്നത് ധാരാളമായി വർദ്ധിച്ചു.

ഈ വർഷത്തെ കൊക്കോ വില വർധനയിൽ ഇതും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.കൊക്കോയുടെ വിലയെ ബാധിക്കുന്ന പുതിയൊരു വിഷയം കൂടി ഉണ്ട്. അത് പശ്ചിമാഫ്രിക്കയിൽ അല്ല, കൂടുതൽ കൊക്കോ കുരു വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ആണ്. 2023 ൽ യൂറോപ്പിൽ പ്രാബല്യത്തിൽ വന്ന EU Deforestation Regulation (EUDR) അനുസരിച്ച് വനങ്ങൾ വെട്ടി നശിപ്പിച്ചുണ്ടാക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന കൊക്കോയും മറ്റു കാർഷിക ഉൽപ്പന്നങ്ങളും യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്.

വരും വർഷങ്ങളിൽ ഇതും കൊക്കോ വിലയെ (കൊക്കോ മാത്രമല്ല മാംസം, സോയാബീൻ, കോഫി, മരം ഇവയുടെ യൂറോപ്പിലേക്കുള്ള ഇറക്കുമതിയെ ഈ നിയമം ബാധിക്കും). യൂറോപ്പിലേക്ക് കയറ്റി അയക്കണമെങ്കിൽ വനനശീകരണം നടത്തുന്നില്ല എന്ന് സർട്ടിഫിക്കറ്റ് ചെയ്യേണ്ടി വരുന്പോൾ ചെറുകിട കർഷകർക്ക് യൂറോപ്യൻ വിപണി അപ്രാപ്യമാകും. ഇതിന്റെ തുടക്കവും 2024 ൽ നമ്മൾ കാണുകയാണ്. പറഞ്ഞു വരുന്നത് കൊക്കോയുടെ വില കൂടുന്നതിന് വളരെ വ്യക്തമായ കാരണങ്ങൾ ഉണ്ട്.

അവ വേണ്ടത്ര ശ്രദ്ധിച്ചാൽ നമുക്ക് മുൻകൂട്ടി കാണാവുന്നതുമാണ്. ഇന്ത്യ കൊക്കോയുടെ ഉൽപ്പാദനത്തിലും ഉപഭോഗത്തിലും ഒരു ശക്തിയല്ല. ഇന്ത്യയിൽ തന്നെ ഉല്പാദനത്തിൽ കേരളം ഒന്നാമതല്ല. അതുകൊണ്ട് തന്നെ കൊക്കോയുടെ വില നിശ്ചയിക്കുന്നതിൽ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് ഒരു പങ്കുമില്ല.

കൊക്കോ ഉൾപ്പടെ ഉള്ള നമ്മുടെ കൃഷിക്കാർ ഉൽപ്പാദിപ്പിക്കുന്ന വിളകളിൽ എങ്ങനെയാണ് വില നിർണയിക്കപ്പെടുന്നത്, ഏതൊക്കെ രാജ്യങ്ങൾ ആണ് പ്രധാനമായും അത് കൃഷി ചെയ്യുന്നത്, വാങ്ങുന്നത്, ഈ രാജ്യങ്ങളിലെ ഭൗതികവും സാമൂഹ്യവും ആയ സാഹചര്യങ്ങളിൽ എന്ത് മാറ്റങ്ങൾ ആണ് ഉണ്ടാകുന്നത്, ഇതൊക്കെ കൃത്യമായി ട്രാക്ക് ചെയ്യാൻ ഒരു സംവിധാനം നമുക്ക് ഉണ്ടാകണം. ഈ മാർക്കറ്റ് ഇന്റലിജൻസ് ആണ് നമ്മുടെ കൃഷി വകുപ്പിന് നമ്മുടെ കർഷകർക്ക് നൽകാവുന്ന ഏറ്റവും നല്ല, മൂല്യമുള്ള, സംഭാവന.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതുകൂടി പറയാം.ഇനി സംഭവിക്കാൻ പോകുന്നത് ഇതാണ്പൊതുവെ പറഞ്ഞാൽ ലോകത്തെ സാമ്പത്തിക നില മുന്നോട്ടാണ് പോകുന്നത്. അതുകൊണ്ട് തന്നെ ചോക്കലേറ്റിന്റെ ഡിമാൻഡ് കൂടി വരും. തൽക്കാലം എങ്കിലും കൊക്കോക്ക് പകരമായി വെക്കാൻ മറ്റു പ്രൊഡക്ടുകൾ ഇല്ല. പക്ഷെ കൊക്കോ വാങ്ങി ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ കാണുന്ന തരത്തിലുള്ള വിലയുടെ ചാഞ്ചാട്ടം അധികകാലം താങ്ങാൻ പറ്റില്ല.

കാലാവസ്ഥ വ്യതിയാനം കൈകാര്യം ചെയ്യാൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഉള്ള വെല്ലുവിളി, പുതിയ യൂറോപ്യൻ നിയമം, സ്വർണ്ണ ഖനനത്തിന് വേണ്ടി കൊക്കോ കൃഷ്ടി സ്ഥലങ്ങൾ മാറ്റപ്പെടുന്നത് എല്ലാം അവരെ വിപണി മാറ്റത്തിന് പ്രേരിപ്പിക്കും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കൊക്കോയുടെ കൃഷി വ്യാപകമായി ദക്ഷിണ അമേരിക്കയിലേക്ക്, പ്രത്യേകിച്ചും ബ്രസീൽ പോലെ ഏറെ സ്ഥലം ഉള്ളതും കൃഷി വലിയ തോതിൽ വ്യവസായമായി നടത്തുന്ന രാജ്യങ്ങളിലേക്ക് മാറും.

ശരാശരി നൂറു ഹെക്ടറിന് മുകളിലാണ് അവിടെ കൃഷി സ്ഥലത്തിന്റെ വലുപ്പം. ആയിരം ഹെക്ടർ ഉള്ള ഫാമുകൾ ധാരാളം ഉണ്ട്. ആധുനിക ഉപകരണങ്ങൾ, ജല സേചനസംവിധാനങ്ങൾ, വേണമെങ്കിൽ രണ്ടോ മൂന്നോ വർഷം വിളകൾ സംഭരിച്ചുവെക്കാനുള്ള സംവിധാനങ്ങളും സാന്പത്തിക ശേഷിയും, വലിയ ചോക്കലേറ്റ് കന്പനികളിൽ നിന്നും കോൺട്രാക്ട് ഫാർമിങ്ങ് ഏറ്റെടുത്ത് ചെയ്യാനുള്ള അറിവ്, ന്യൂ യോർക്കിലെ കമ്മോഡിറ്റി മാർക്കറ്റിൽ കൊക്കോ ഫ്യൂച്ചറിൽ വേണമെങ്കിൽ നിക്ഷേപിക്കാനുള്ള അറിവും പണവും നിയമ സംവിധാനങ്ങളും, ഇവയെല്ലാം വച്ചാണ് അവർ കൊക്കോ കൃഷിക്കിറങ്ങാൻ പോകുന്നത്.

ഇതെല്ലം സെറ്റ് ആയി വരാൻ ഏകദേശം ഒരു പത്തു വർഷമെങ്കിലും എടുക്കും. ഈ കാലഘട്ടത്തിൽ കൊക്കോയുടെ വില കാലാവസ്ഥയുടെ കയ്യിൽ ആയിരിക്കും, അത് മേലോട്ടും കീഴോട്ടും ചാഞ്ചാടും.കൊക്കോയുടെ ഇപ്പോഴത്തെ വില നോക്കി ഏതെങ്കിലും വിള മാറ്റി കൊക്കോ കൃഷിക്കിറങ്ങുന്നതോ, കൃഷിയിലേക്ക് തന്നെ ഇറങ്ങുന്നതോ കേരളത്തിൽ നല്ലൊരു തീരുമാനം ആയിരിക്കില്ല.

നമ്മുടെ പുതിയ കൊക്കോ എല്ലാം സെറ്റ് ആയി വരുന്പോഴേക്കും ലോക കന്പോളം സ്റ്റേബിൾ ആകും, കൊക്കോയുടെ വില പഴയ പടിയിലേക്ക് പോവുകയും ചെയ്യും.പക്ഷെ ഇപ്പോൾ കൊക്കോ കൃഷിയും തോട്ടവും ഉള്ളവർ ഈ വിൻഡ് ഫാൾ ആസ്വദിക്കുക. തുമ്മാരുകുടിയിലെ കൊക്കോ എല്ലാം വെട്ടിയതിനെ ഓർത്തു പരിതപിക്കുക !

Related Stories
Kerala Gold Rate : ഇന്നത്തെ സ്വര്‍ണ്ണവില കണ്ടാല്‍ കിളി പറക്കും, നക്ഷത്രമെണ്ണും; വല്ലാത്ത കുതിപ്പ്‌
Personal Finance: 10 കോടി രൂപ സമ്പാദ്യമുണ്ടാക്കാന്‍ അധികം കാത്തിരിക്കേണ്ടാ; ദാ ഇത്ര നാളുകള്‍ മാത്രം മതി
Kerala Gold Rate : എന്നാലും എന്റെ പൊന്നേ ! നെഞ്ചിടിപ്പേറ്റുന്ന കുതിപ്പ്, സ്വര്‍ണവില കഴിഞ്ഞയാഴ്ച ഞെട്ടിച്ചു, വരും ദിവസങ്ങളിലോ ?
Kerala Gold: രക്ഷയില്ല! സ്വർണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold Rate: എന്നാലും ഈ ചതി ഞങ്ങളോട് വേണോ! സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു
L&T Chairman SN Subrahmanyan : ‘എത്ര നേരം ഭാര്യയുടെ മുഖം നോക്കി ഇരിക്കും? ഞായറാഴ്ചയും ഓഫീസിൽ വരൂ; ജീവനക്കാരോട് ആവശ്യപ്പെട്ട് എൽ ആൻഡ് ടി ചെയർമാൻ
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ