5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vaccine For Chikungunya : ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട്; ഫ്രഞ്ച് കമ്പനിയുമായി കരാര്‍

Serum Institute of India Chikungunya Vaccine : ചിക്കുൻഗുനിയ അന്താരാഷ്ട്ര പൊതുജനാരോഗ്യ മുൻഗണനയില്‍ ഉള്‍പ്പെടുമെന്ന്‌ വാൽനേവയുടെ സിഇഒ തോമസ് ലിംഗെൽബാച്ച് പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വിപുലമായ നിർമ്മാണ, വാണിജ്യവൽക്കരണ അടിസ്ഥാന സൗകര്യങ്ങളും ഏഷ്യൻ മേഖലയില്‍ വിശാലമായ വിപണിയും ഉണ്ടെന്നും സഹകരണത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം

Vaccine For Chikungunya : ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട്; ഫ്രഞ്ച് കമ്പനിയുമായി കരാര്‍
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 22 Dec 2024 00:13 AM

ചിക്കുന്‍ഗുനിയയ്ക്ക് വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇന്ത്യയടക്കമുള്ള ചില ഏഷ്യന്‍ രാജ്യങ്ങളിലെ വിപണികളിലേക്ക് വേണ്ടിയായിരിക്കും വാക്‌സിന്‍ നിര്‍മ്മാണം. ഫ്രാൻസ് ആസ്ഥാനമായുള്ള വാൽനേവ എസ്ഇയുമായുള്ള ലൈസന്‍സിങ് കരാര്‍ പ്രകാരമാകും വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

മേഖലയിലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് വാക്‌സിന്‍ സുഗമമായി എത്തിക്കുന്നതിനും കൂടിയാണ് സഹകരണം. ഇതുമായി ബന്ധപ്പെട്ട്‌ 2024 ജൂലൈയിൽ കോളിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പേഡ്‌നെസ് ഇന്നൊവേഷൻസുമായി (സിഇപിഐ) വാൽനേവ 41.3 മില്യൺ ഡോളറിൻ്റെ ഫണ്ടിംഗ് കരാറില്‍ ഒപ്പുവച്ചിരുന്നു. യൂറോപ്യൻ യൂണിയൻ്റെ ധനസഹായത്തോടെയായിരുന്നു ഇത്.

സ്പെഷ്യാലിറ്റി വാക്സിൻ കമ്പനിയായ വാൽനേവ എസ്ഇയും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വാൽനേവയുടെ സിംഗിൾ ഷോട്ട് ചിക്കുൻഗുനിയ വാക്‌സിനായി പ്രത്യേക ലൈസൻസ് കരാർ പ്രഖ്യാപിച്ചുവെന്നും, ഇത് ഏഷ്യയില്‍ വാക്‌സിന്‍ വിതരണം സാധ്യമാക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

യുഎസ്, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിൽ വാൽനേവയുടെ ചിക്കുൻഗുനിയ വാക്സിന് അംഗീകാരമുണ്ട്. 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ പ്രായപരിധി 12 വയസ് മുതലുള്ളവര്‍ക്കായി ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി അവലോകനങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രാദേശിക റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമായി ഇന്ത്യൻ വിപണിയിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളിലും വാക്സിൻ കൊണ്ടുവരാൻ പ്രവര്‍ത്തിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കി.

ചിക്കുൻഗുനിയ വാക്സിൻ ഇന്ത്യയിലും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലും എത്തിക്കുന്നതിന് വാൽനേവയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന്‌ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ല പ്രസ്താവനയിൽ പറഞ്ഞു. രണ്ട് കമ്പനികളും മരുന്ന് ഉൽപ്പന്ന നിർമ്മാണ പ്രക്രിയയുടെ സാങ്കേതിക കൈമാറ്റം കരാർ പ്രകാരം നടത്തും. വാൽനേവ ചിക്കുൻഗുനിയ വാക്സിൻ സബ്‌സ്റ്റന്‍സ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ 100,000 ഡോസുകളുടെ മരുന്ന് ഉൽപന്നത്തിൻ്റെ ശേഖരം സിഇപിഐയ്ക്ക് ലഭ്യമാക്കും.

ചിക്കുൻഗുനിയ അന്താരാഷ്ട്ര പൊതുജനാരോഗ്യ മുൻഗണനയില്‍ ഉള്‍പ്പെടുമെന്ന്‌ വാൽനേവയുടെ സിഇഒ തോമസ് ലിംഗെൽബാച്ച് പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വിപുലമായ നിർമ്മാണ, വാണിജ്യവൽക്കരണ അടിസ്ഥാന സൗകര്യങ്ങളും ഏഷ്യൻ മേഖലയില്‍ വിശാലമായ വിപണിയും ഉണ്ടെന്നും സഹകരണത്തിൽ ഏർപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : സൗജന്യ കാൻസർ വാക്സിനുമായി റഷ്യ; 2025-ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപനം

ചിക്കുന്‍ഗുനിയ ഏഷ്യയില്‍ ഉള്‍പ്പെടെ ലോകത്തെ തളര്‍ത്തുന്ന ഒരു അപകടകരമായി തുടരുന്നുവെന്നും കാലാവസ്ഥ വ്യതിയാനം ഇതിന്റെ വ്യാപനം കൂടുതല്‍ വഷളാക്കുമെന്ന ആശങ്കയുണ്ടെന്നും സിഇപിഐ സിഇഒ റിച്ചാര്‍ഡ് ഹാച്ചെറ്റ് പറഞ്ഞു.

ഈ സഹകരണം ചരിത്ര നേട്ടമാണെന്നും, ഏഷ്യയിൽ ചിക്കുൻഗുനിയ വാക്സിൻ നിർമ്മിക്കുന്നതിന് ഒരു നിർണായക ലോഞ്ച്പാഡ് ഇത് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രാദേശിക ആരോഗ്യ സുരക്ഷ വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

കൊതുകുകൾ വഴി പടരുന്ന രോഗമാണിത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് കൊതുകുകളാണ് ഈ രോഗം പടര്‍ത്തുന്നത്. കഠിനമായ പനി, തലവേദന, പേശി വേദന, സന്ധി വീക്കം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.