Currency Printing: 500-ന് മുകളിൽ ഇനി നോട്ടടിക്കില്ല , സർക്കാർ തന്നെ വ്യക്തമാക്കുന്നു
Rbi Updates: നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ 2000 രൂപയുടെ 17,793 ലക്ഷം നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നുവെന്ന്
കറൻസി നോട്ടുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് വളരെ അധികം ചർച്ചകളാണ് ഒരു സൈഡിൽ നടക്കുന്നത്. 2000-ൻ്റെ നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ ചെറിയ നോട്ടുകളുടെ ( 50,100, 500 അടക്കം) ക്ഷാമം വളരെ അധികം കൂടിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ 500-ന് മുകളിൽ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാൻ പദ്ധതിയില്ലെന്ന് സൂചന നൽകിയിരിക്കുകയാണ് കേന്ദ്രം. രാജ്യസഭയിലാണ് കേന്ദ്ര സർക്കാർ വിഷയത്തിലുള്ള തീരുമാനം വ്യക്തമാക്കിയത്. 500 രൂപയിൽ കൂടുതലുള്ള കറൻസി നോട്ടുകൾ അച്ചടിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ഘനശ്യാം തിവാരി എംപിയുടെ ചോദ്യത്തിന് ‘ഇല്ല ‘ എന്നായിരുന്നു ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടി നൽകിയത്.
2000 രൂപ നോട്ടുകളുടെ പ്രചാരത്തെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം സെക്ഷൻ 24 (1) പ്രകാരം 2016 നവംബറിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 32,850 ലക്ഷം 2000 രൂപ നോട്ടുകളായിരുന്നു 2017 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്നത്. 2018 മാർച്ച് 31 ആയപ്പോഴേക്കും ആകെ നോട്ടുകളുടെ എണ്ണം 33,632 ലക്ഷമായി ഉയർന്നു.
2023 മെയ് 19-ന് 2000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ 2000 രൂപയുടെ 17,793 ലക്ഷം നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 17,447 ലക്ഷം നോട്ടുകൾ 2024 നവംബർ 15 വരെ റിസർവ് ബാങ്കിലേക്ക് തിരികെ എത്തിയിട്ടുണ്ട്. 346 ലക്ഷം നോട്ടുകൾ മാത്രമാണ് ഇപ്പോഴും പ്രചാരത്തിലുള്ളതെന്നും പങ്കജ് ചൗധരി കൂട്ടിച്ചേർത്തു.
അതേസമയം 2000 രൂപ നോട്ടുകൾ കൈമാറാനും നിക്ഷേപിക്കാനും സർക്കാർ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ ഈ സൗകര്യം ലഭ്യമാണ്, കൂടാതെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി ഈ ഓഫീസുകളിലേക്ക് നോട്ടുകൾ അയയ്ക്കാൻ പൗരന്മാർക്ക് ഇന്ത്യ പോസ്റ്റ് സേവനങ്ങളും ഉപയോഗിക്കാം. ഉയർന്ന മൂല്യമുള്ള നോട്ടുകൾ സർക്കാർ അച്ചടിക്കുമോ? എന്ന ഊഹാപോഹങ്ങൾക്കിടയിലാണ് സർക്കാർ തലത്തിൽ നിന്നും വിഷയത്തിൽ വ്യക്തത. വരുത്തിയത്.
അതേസമയം എടിഎമ്മികളിലും ബാങ്കുകളിലും 10, 20, 50, 100 നോട്ടുകളുടെ കൂടുതൽ കറൻസികൾ എത്തി തുടങ്ങിയിട്ടുണ്ട്. മുൻപ് ചെറിയ തുകകളുടെ നോട്ടുകൾ കുറവായിരുന്നത് വ്യാപാരികളെ അടക്കം ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പുതിയ നോട്ടുകൾ ബാങ്കുകളിലേക്ക് എത്തിയത്.