Kotak Mahindra Bank barred: പുതിയ ഓൺലൈൻ ഉപഭോക്താക്കളെ ചേർക്കുന്നതിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന് ആർബിഐയുടെ വിലക്ക്
2022-23 കാലയളവിൽ റിസർവ് ബാങ്ക് നടത്തിയ ഐടി പരിശോധനയിൽ കണ്ടെത്തിയ സുരക്ഷാ പിഴവുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ കോടക്ക് ബാങ്ക് വരുത്തിയ വീഴ്ചയാണ് നടപടിക്ക് കാരണമാക്കയത്.
ന്യൂഡൽഹി: പുതിയ ഓൺലൈൻ ഉപഭോക്താക്കളെ ചേർക്കുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്ക് ഏർപ്പെടുത്തി റിസർവ് ബാങ്ക് (ആർബിഐ). കൂടാതെ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച സംശയങ്ങളും, ഐടി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുൻനിർത്തിയാണ് നടപടി എന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉടമകൾ അടക്കമുള്ള നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിന് തടസമില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
2022ലും 2023ലും റിസർവ് ബാങ്ക് നടത്തിയ ഐടി പരിശോധനയിൽ കണ്ടെത്തിയ സുരക്ഷാ പിഴവുകൾ സമയബന്ധിതമായി പരിഹരിക്കുന്നതിൽ കൊട്ടക് ബാങ്കിൻ്റെ ഭാഗത്തു നിന്ന് തൃപ്തികരമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഡേറ്റ സംരക്ഷിക്കുന്നതിലും ഐടി സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിലും ബാങ്കിൻ്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളുണ്ടായെന്നാണ് ആർബിഐയുടെ വിശദീകരണം.
വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ചോർച്ച തടയുന്നതിലുമടക്കം കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് കണ്ടെത്തൽ. റിസർവ് ബാങ്കിന്റെ പരിഹാര നിർദേശങ്ങൾ നടപ്പിലാക്കുന്നതിലും ബാങ്കിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് അപൂർണവും കൃത്യതയില്ലാത്തതും ആയിരുന്നുവെന്നും ആർബിഐ നൽകുന്ന വിശദീകരണം.
ബാങ്കിൻ്റെ കോർ ബാങ്കിങ് സംവിധാനവും ഡിജിറ്റൽ ബാങ്കിങ് ചാനലുകളും കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലതവണ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അവസാനമായി 2024 ഏപ്രിൽ 15-ന് ബാങ്കിന്റെ സേവനങ്ങൾ തടസപ്പെട്ടത് ഉപഭോക്താക്കൾക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയതായി ആർബിഐ വ്യക്തമാക്കുന്നു.
“ഐടി ഇൻവെൻ്ററി മാനേജ്‌മെൻ്റ്, പാച്ച് ആൻഡ് ചേഞ്ച് മാനേജ്‌മെൻ്റ്, യൂസർ ആക്‌സസ് മാനേജ്‌മെൻ്റ്, വെണ്ടർ റിസ്ക് മാനേജ്‌മെൻ്റ്, ഡാറ്റ സെക്യൂരിറ്റി, ഡാറ്റ ലീക്ക് പ്രിവൻഷൻ സ്ട്രാറ്റജി, തുടങ്ങിയ മേഖലകളിൽ ഗുരുതരമായ പോരായ്മകളും വീഴ്ചകളും നിരീക്ഷിക്കപ്പെട്ടു. റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിലുള്ള ആവശ്യകതകൾക്ക് വിരുദ്ധമായി, തുടർച്ചയായി രണ്ട് വർഷമായി, ബാങ്കിന് ഐടി റിസ്ക്, ഇൻഫർമേഷൻ സെക്യൂരിറ്റി ഗവേണൻസ് എന്നിവയുടെ കുറവുണ്ടെന്ന് വിലയിരുത്തപ്പെട്ടു. എന്നിരുന്നാലും, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഉൾപ്പെടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ബാങ്ക് സേവനങ്ങൾ നൽകുന്നത് തുടരും, ”ആർബിഐ പറഞ്ഞു.
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്, കൊട്ടക് മഹീന്ദ്ര ബാങ്ക്. കൊട്ടക് മഹീന്ദ്ര ബാങ്കിന് 689 സ്ഥലങ്ങളിലായി 1,369 ശാഖകളും 2,163 എടിഎം കൗണ്ടറുകളുമാണുള്ളത്.