Collateral Free Loan : കർഷകർക്ക് ഈടില്ലാത്ത വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയർത്തും; നിർണായക പ്രഖ്യാപനവുമായി റിസർവ് ബാങ്ക്
RBI Raises Collateral Free Loan Limit : കർഷകർക്കുള്ള ഈടില്ലാത്ത വായ്പാ പരിധി ഉയർത്തി റിസർവ് ബാങ്ക്. 1.6 ലക്ഷമായിരുന്ന വായ്പാ പരിധി രണ്ട് ലക്ഷമാക്കിയാണ് ഉയർത്തിയത്. 2025 ജനുവരി 1 മുതൽ നിർദ്ദേശം നിലവിൽ വരും.
കർഷകർക്ക് ആശ്വാസമായി റിസർവ് ബാങ്കിൻ്റെ പുതിയ വായ്പാനയം. കർഷകർക്ക് ഈടില്ലാത്ത വായ്പാ പരിധി രണ്ട് ലക്ഷമാക്കി ഉയർത്തുമെന്നാണ് റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം. കാർഷിക ചിലവുകളിലുണ്ടാവുന്ന വർധന കണക്കിലെടുത്താണ് റിസർവ് ബാങ്കിൻ്റെ തീരുമാനം. ഇത് ചെറുകിട നാമമാത്ര ഭൂവുടമകളായ കർഷകർക്ക് വലിയ ആശ്വാസമാവും. പുതുവർഷ ദിനം മുതലാവും നിർദ്ദേശം പ്രാബല്യത്തിൽ വരിക.
2019ലാണ് ഇതിന് മുൻപ് ഈടില്ലാത്ത വായ്പാ പരിധി റിസർവ് ബാങ്ക് ഉയർത്തിയത്. അന്ന് ഒരു ലക്ഷമായിരുന്ന വായ്പാ പരിധി 1.6 ലക്ഷത്തിലേക്ക് ഉയർത്തുകയായിരുന്നു. ഇപ്പോൾ 1.6 ലക്ഷത്തിൽ നിന്നാണ് വായ്പാ പരിധി രണ്ട് ലക്ഷത്തിലേക്ക് ഉയർത്തിയത്. നിലവിലെ നാണ്യപ്പെരുപ്പം കാർഷിക മേഖലയെയാകെ ബാധിച്ചിട്ടുണ്ട്. ഇത് മറികടക്കാൻ കൂടിയാണ് റിസർവ് ബാങ്കിൻ്റെ ഇടപെടൽ. രാജ്യത്തെ 86 ശതമാനം കർഷകരും ചെറുകിട നാമമാത്ര ഭൂവുടമകളാണ്. ഇവരെയൊക്കെ ഈ നിർദ്ദേശം സഹായിക്കും.
Also Read : Gold Price Today: സ്വർണവില കുത്തനെ താഴോട്ട്; പവന് 700 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്ക് ഇങ്ങനെ
കൃഷിക്കൊപ്പം കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവർത്തനങ്ങൾക്കും ഈ വായ്പ ലഭിക്കും. ഈ പരിധിയ്ക്കുള്ളിൽ നിൽക്കുന്ന വായ്പകളിൽ ഈട് എടുത്തുകളയണമെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. പുതിയ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള നയങ്ങൾ എത്രയും വേഗം സ്വീകരിക്കണമെന്നും പുതിയ വായ്പാ വ്യവസ്ഥകളെക്കുറിച്ച് വ്യാപകമായ അവബോധം നൽകണമെന്നും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കർഷകർക്ക് ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉടൻ നൽകിത്തുടങ്ങും. കടമെടുക്കൽ ചിലവ് കുറയുമെന്നതിനാൽ ഇത് കർഷകർക്ക് വലിയ സഹായമാവും നൽകുക.
സർക്കാർ അവതരിപ്പിച്ച മോഡിഫൈഡ് ഇൻ്ററസ്റ്റ് സബ്‌വെൻഷൻ സ്കീം അഥവാ എംഐഎസ്എസിനോട് ചേർന്നുപോകുന്നതാണ് റിസർവ് ബാങ്കിൻ്റെ പുതിയ നയം. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 4 ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പ നൽകുന്നതാണ് ഈ സ്കീം. ഈ രണ്ട് നയങ്ങളും കർഷകരെ സഹായിച്ച് ഗ്രാമീണ സാമ്പത്തിക വളർച്ച വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കുന്ന വായ്പാപരിധി രണ്ട് ലക്ഷമായി ഉയരും. 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ആരംഭിച്ചത്. കടക്കെണിയിലായ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെൻ്റും (നബാര്‍ഡ്) സഹകരിച്ചായിരുന്നു ക്രെഡിറ്റ് കാർഡ് ആരംഭിച്ചത്.