RBI Cuts Repo Rate: അഞ്ച് വർഷത്തിന് ശേഷം ഇതാദ്യം; ഭവന – വാഹന വായ്പ പലിശ നിരക്കുകൾ കുറയും; ആർബിഐ
RBI Cuts Repo Rate by 25 Basis Points: പുതിയ ആർബിഐ മേധാവിയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് പിന്നാലെ നടന്ന ആദ്യ അവലോകന യോഗത്തിലാണ് നിർണായക തീരുമാനം.

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി 12 ലക്ഷം രൂപയാക്കി വർധിപ്പിച്ചതിന് പിന്നാലെ ആശ്വാസ വാർത്തയുമായി റിസർവ് ബാങ്ക്. അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായി റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു. 25 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് 6.25 ശതമാനമാക്കി. 2020ൽ 40 ബേസിസ് പോയിന്റ് കുറച്ച് റിപ്പോ നിരക്ക് നാല് ശതമാനമാക്കിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി പലിശ കൂട്ടുകയാണ് ചെയ്തത്. പുതിയ ആർബിഐ മേധാവിയായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റത്തിന് പിന്നാലെ നടന്ന ആദ്യ അവലോകന യോഗത്തിലാണ് നിർണായക തീരുമാനം.
റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകനത്തിന് പിന്നാലെയാണ് പുതിയ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം എത്തിയത്. റിപ്പോ നിരക്ക് 25 ബേസിസ് പോയന്റ് കുറച്ചതോടെ വിപണിയിൽ ഇനി പണ ലഭ്യത കൂടും. വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ആർബിഐ ഈടാക്കുന്ന പലിശയെയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. ഈ മാസം ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബാങ്കിങ് മേഖലയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്ന തീരുമാനം ഉണ്ടായിരുന്നു. ആദായ നികുതി നിരക്ക് 12 ലക്ഷമാക്കി ഉയർത്തുന്നതായിരുന്നു അതിൽ പ്രധാന പ്രഖ്യാപനം.
ALSO READ: ഇത്രയും ‘ക്ഷേമം’ മതി ! ക്ഷേമപെന്‍ഷനില്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്; ഭൂനികുതി കൂടും
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ നിരക്ക് 6.7 ശതമാനമാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം നിരക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തേത് 4.8 ശതമാനത്തിൽ നിന്ന് 4.2 ശതമാനത്തിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വരും മാസങ്ങളിൽ വിലക്കയറ്റം കുറയുമെന്നാണ് കരുതുന്നതെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വന്നതോടെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്‌പാ പലിശ നിരക്കും ഉടൻ കുറയും. അങ്ങനെയെങ്കിൽ ഭവന, വാഹന, കാർഷിക, വിദ്യാഭ്യാസ വായ്പ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ ഏകദേശം കാൽ ശതമാനത്തോളം കുറവ് വരും. 2020 കോവിഡ് കാലത്താണ് അവസാനമായി ആർബിഐ നിരക്ക് കുറച്ചത്. അതേസമയം, ആര്‍ബിഐ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ ധനനയ അവലോകന സമിതി യോഗത്തിൽ അദ്ദേഹംഉൾപ്പടെയുള്ള അഞ്ച് പേരും പുതിയ അംഗങ്ങളാണ്.