Price Hike in Kerala: ഗ്രാമീണ മേഖലയും സേഫല്ല; രാജ്യത്തെ വിലക്കയറ്റത്തില്‍ വിജയമാവര്‍ത്തിച്ച് കേരളം
Inflation High in Kerala: ഭക്ഷണ കാര്യത്തില്‍ മറ്റ് സംസ്ഥാനത്തെ ആശ്രയിച്ചുകഴിയുന്നതുകൊണ്ട് തന്നെയാണ് കേരളത്തില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഉയരുന്നതിന് കാരണം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ഉത്പാദനം കുറയുകയും കേരളത്തിലേക്കുള്ള വരവിനെ ബാധിക്കുകയും ചെയ്തു.
കഴിഞ്ഞ കുറേ നാളുകളായി കേരളത്തില്‍ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കേരളത്തില്‍ വിലക്കയറ്റം എല്ലാ അര്‍ത്ഥത്തിലും രൂക്ഷമായി കൊണ്ടിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ കേരളം നില്‍ക്കുന്നത്. ഈ വര്‍ഷം മെയില്‍ 5.47 ശതമാനമായിരുന്ന പണപ്പെരുപ്പം ജൂണില്‍ 5.83 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നത്. അത് 6.26 ശതമാനമായിരുന്നു.
ജൂണില്‍ രേഖപ്പെടുത്തിയ 5.83 ശതമാനത്തില്‍ ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് ഏറ്റവും ഉയര്‍ന്നത്. 6.23 ശതമാനമാണിത്. ഏപ്രിലില്‍ 5.42 ശതമാനവും മെയില്‍ 5.83 ശതമാനവും ഉണ്ടായിരുന്നതാണ് ഇത്രയും ഉയര്‍ന്നത്. എന്നാല്‍ നഗരങ്ങളിലിത് 5.18 ശതമാനം മാത്രമാണുള്ളത്. ഏപ്രിലില്‍ 5.10 ഉം മെയില്‍ 4.91 ശതമാനവുമായിരുന്നു ഇത്.
ഭക്ഷണ കാര്യത്തില്‍ മറ്റ് സംസ്ഥാനത്തെ ആശ്രയിച്ചുകഴിയുന്നതുകൊണ്ട് തന്നെയാണ് കേരളത്തില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി ഉയരുന്നതിന് കാരണം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ ഉത്പാദനം കുറയുകയും കേരളത്തിലേക്കുള്ള വരവിനെ ബാധിക്കുകയും ചെയ്തു. ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇത് വഴിവെച്ചിരുന്നു.
Also Read: UPI Credit Line: ഇനി യുപിഐയും ക്രെഡിറ്റ് കാർഡിനു സമാനം; പുതിയ മാറ്റങ്ങൾ എന്തെല്ലാം
കേരളത്തിലെ കഴിഞ്ഞ കുറച്ചുമാസങ്ങളിലായുള്ള പണപ്പെരുപ്പത്തിന്റെ ശതമാന കണക്ക് ഇപ്രകാരമാണ്. സെപ്റ്റംബര്‍- 6.26 ശതമാനം, ഒക്ടോബറില്‍ 4.26 ശതമാനം, നവംബറില്‍ 4.80 ശതമാനം, ഡിസംബറില്‍ 4.28 ശതമാനം, ജനുവരിയില്‍ അത് 4.04 ശതമാനമായി, ഫെബ്രുവരിയില്‍ 4.64 ശതമാനവും മാര്‍ച്ചില്‍ 4.84 ശതമാനമായും ഉയര്‍ന്നു, ഏപ്രിലില്‍ 5.33 ശതമാനമുണ്ടായിരുന്നത് മെയില്‍ 5.47 ആയാണ് ഉയര്‍ന്നത്. ഇപ്പോഴത് 5.83 ശതമാനമായും ഉയര്‍ന്നു.
വിജയകുതിപ്പ്
ഇന്ത്യയിലെ തന്നെ വിലക്കയറ്റത്തില്‍ മുന്നിലുള്ള സംസ്ഥാനങ്ങളില്‍ നമ്മുടെ കേരളവും ഉണ്ട്. ആ റെക്കോര്‍ഡ് ജൂണിലും കേരളം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ഒഡീഷയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അവിടെ 7.22 ശതമാനമാണ് പണപ്പെരുപ്പം. 6.37 ശതമാനവുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 5.98 ശതമാനവുമായി കര്‍ണാടക മൂന്നാം സ്ഥാനത്തും 5.87 ശതമാനവുമായി ആന്ധ്രാപ്രദേശ് നാലാം സ്ഥാനത്തുമുണ്ട്. കേരളവും രാജസ്ഥാനുമാണ് ഒരേ ശതമാന കണക്കുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 5.83 ആണ് പണപ്പെരുപ്പം.
കൂടുന്ന പണപ്പെരുപ്പം
പണപ്പെരുപ്പം കൂടുന്നുവെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ജനങ്ങളുടെ ജീവിതചെലവ് വര്‍ധിക്കുന്നുവെന്നാണ്. അവശ്യ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ മുന്‍ മാസങ്ങളെ അല്ലെങ്കില്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പണം നല്‍കേണ്ടതായി വരും. മെയില്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ റീറ്റെയ്ല്‍ പണപ്പെരുപ്പം, കഴിഞ്ഞമാസം ഏറ്റവും ഉയര്‍ന്ന നിരക്കിലാണെത്തിയത്. ഇതിന് ഏറ്റവും വലിയ വെല്ലുവിളി ഭക്ഷ്യവിലപ്പെരുപ്പം കൂടുന്നതാണ്. 8.69 ശതമാനത്തില്‍ നിന്ന് 9.36 ശതമാനമായാണ് കഴിഞ്ഞ മാസം ഭക്ഷ്യവിലപ്പെരുപ്പം വര്‍ധിച്ചത്.
Also Read: Budget 2024: വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ വരാം
റീറ്റെയ്ല്‍ പണപ്പെരുപ്പം നാല് ശതമാനമായി നിയന്ത്രിക്കുന്നത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതിയാണ്. ഈ പണപ്പെരുപ്പം നാല് ശതമാനമോ അല്ലെങ്കില്‍ അതിനടുത്തോ ആയി കുറഞ്ഞെങ്കില്‍ മാത്രമേ പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകൂ. എന്നാല്‍ ജൂണില്‍ പണപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും കൂടിയതോടെ പലിശനിരക്കില്‍ കുറവ് വരില്ല.