Pooja Bumper 2024: പൂജാ ബമ്പര്‍ എടുത്തവരുടെ ശ്രദ്ധയ്ക്ക്, അക്കൗണ്ടില്‍ സമ്മാനത്തുക എത്തിക്കഴിഞ്ഞും നികുതി അടയ്ക്കണോ ? ഇക്കാര്യങ്ങള്‍ അറിയണം
Pooja Bumper 2024 First Prize 12 Crore: എങ്ങനെയാണ് ലോട്ടറിയുടെ നികുതി ഘടന ? ഇപ്പോള്‍ വില്‍പന പൊടിപൊടിക്കുന്ന പൂജാ ബമ്പര്‍ ഉദാഹരണമായി നോക്കാം. പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണെന്ന് നമുക്ക് അറിയാം
ലോട്ടറിപ്രിയരാണ് മിക്ക മലയാളികളും. ജീവിതത്തില്‍ ഒരു തവണയെങ്കിലും ലോട്ടറിയെടുക്കാത്തവര്‍ ചുരുക്കമായിരിക്കും. ഓരോ ലോട്ടറിയും പ്രതീക്ഷകളാണ്. ചിലരെ ഭാഗ്യം കടാക്ഷിക്കും. ചിലര്‍ എന്നെങ്കിലും ഭാഗ്യദേവത തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ലോട്ടറി എടുക്കുന്നത് തുടരും.
എന്നാല്‍ ലോട്ടറിയെ സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പം ഏറെയാണ്. അക്കൗണ്ടില്‍ സമ്മാനത്തുക എത്തിയതിന് ശേഷം നികുതി അടയ്ക്കണോ എന്നതിലാണ് പലരുടെയും സംശയം. ഇതിനെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ട്. കൃത്യമായ ധാരണയില്ലാത്തതിനാല്‍ സമ്മാനം കിട്ടുന്നവര്‍ക്ക് ചിലപ്പോള്‍ അബദ്ധവും പറ്റിയേക്കാം. എങ്ങനെയാണ് ലോട്ടറിയുടെ നികുതി ഘടന ? ഇപ്പോള്‍ വില്‍പന പൊടിപൊടിക്കുന്ന പൂജാ ബമ്പര്‍ ഉദാഹരണമായി നോക്കാം.
ഒന്നാം സമ്മാനം 12 കോടി
പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണെന്ന് നമുക്ക് അറിയാം. ഈ 12 കോടിയില്‍ നിന്ന് ആദ്യം ഈടാക്കുന്നത് ഏജന്റ് കമ്മീഷനായിരിക്കും. 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. അതായത് 12 കോടിയുടെ 10 ശതമാനമായ 1.2 കോടി രൂപയായിരിക്കും ഏജന്റ് കമ്മീഷന്‍.
1.2 കോടി രൂപ ഏജന്റ് കമ്മീഷനായി ഈടാക്കിയതിന് ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്. നികുതിയുടെ കഥ ആരംഭിക്കുന്നത് ഇവിടെയാണ്. ആ വര്‍ഷത്തെ വരുമാനം 10 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്റെ 30 ശതമാനം നികുതിയായി കൊടുക്കണം. 10.8 കോടിയുടെ 30 ശതമാനമായ 3.24 കോടി രൂപ ടാക്‌സായി അടയ്ക്കണമെന്ന് ചുരുക്കം. എന്നാല്‍ 3.24 കോടി രൂപ ടിഡിഎസ് ലോട്ടറി വകുപ്പ് തന്നെ ഈടാക്കും.
സര്‍ചാര്‍ജ്
ഇതിന് ശേഷമുള്ള ബാക്കി തുക വിജയിയുടെ അക്കൗണ്ടിലുമെത്തും. ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ച വ്യക്തിയുടെ അക്കൗണ്ടിലെത്തുക. അക്കൗണ്ടിലെത്തിയത് പൂര്‍ണമായും നികുതി ഈടാക്കിയതിനു ശേഷമുള്ള പണമാണെന്ന് കരുതി തെറ്റിദ്ധരിക്കുന്നതാണ് പല വിജയികള്‍ക്കും പിന്നീട് അബദ്ധമാകുന്നത്. അക്കൗണ്ടില്‍ പണം എത്തിയതിന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.
പിന്നീട് എത്ര രൂപ അടയ്ക്കണമെന്ന് അറിയാത്തവര്‍ പെനാല്‍റ്റി തുക അടക്കം അടയ്‌ക്കേണ്ടി വരും. ഇത്തരത്തില്‍ പലര്‍ക്കും അബദ്ധം പറ്റാറുണ്ട്. തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ലോട്ടറി ജേതാക്കള്‍ നിരവധി തവണ മാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഒരു വര്‍ഷം 50 ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ ആദായ നികുതിക്കൊപ്പം സര്‍ചാര്‍ജ് കൂടി നല്‍കേണ്ടതുണ്ട്. ഓരോ സ്ലാബിന് അനുസരിച്ചും ഈ സര്‍ചാര്‍ജില്‍ വ്യത്യാസമുണ്ടായിരിക്കും. 50 ലക്ഷം മുതല്‍ ഒരു കോടി വരെ 10 ശതമാനവും, ഒരു കോടി മുതല്‍ രണ്ട് കോടി വരെ 15 ശതമാനവും, രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനവും, അഞ്ച് കോടിക്ക് മുകളിലാണ് വരുമാനമെങ്കില്‍ 37 ശതമാനവുമാണ് സര്‍ചാര്‍ജായി നല്‍കേണ്ടത്.
പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് അക്കൗണ്ടിലെത്തുന്ന തുക അഞ്ച് കോടിക്ക് മുകളിലാണെന്നതിനാല്‍ 37 ശതമാനം സര്‍ചാര്‍ജായി നല്‍കണം. ടാക്‌സ് പിടിച്ചതിന്റെ 37 ശതമാനമാണ് സര്‍ചാര്‍ജായി നല്‍കേണ്ടതെന്ന് ശ്രദ്ധിക്കുക. പൂജാ ബമ്പറിന്റെ കാര്യത്തില്‍ ഇത് ഏകദേശം 1.19 കോടി രൂപയായിരിക്കും. തുടര്‍ന്ന് ഹെല്‍ത്ത് & എജ്യുക്കേഷന്‍ സെസ് കൂടി വിജയി അടയ്‌ക്കേണ്ടതുണ്ട്. ടാക്‌സിന്റെയും, സര്‍ചാര്‍ജിന്റെയും തുകയുടെ നാല് ശതമാനമായിരിക്കും ഈ സെസ്. ഏകദേശം 17.7 ലക്ഷം രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം അടിച്ചയാള്‍ക്ക് സെസ് ഇനത്തില്‍ അടയ്‌ക്കേണ്ടത്.
ഈ തുക ലോട്ടറി വകുപ്പിന് ഈടാക്കാന്‍ പറ്റാത്തതിനാല്‍ ജേതാവ് നേരിട്ട് തന്നെ അടയ്ക്കണമെന്നതാണ് പ്രത്യേകത. ഇത് അടച്ചില്ലെങ്കില്‍ വൈകുന്ന ഓരോ മാസത്തിനും ഒരു ശതമാനം വെച്ച് പിഴ കൂടി കൊടുക്കേണ്ടി വരും. ഇതെല്ലാം കഴിഞ്ഞ് ഏകദേശം 6.19 കോടി രൂപയായിരിക്കും പൂജാ ബമ്പര്‍ ജേതാവിന് ഉപയോഗിക്കാന്‍ പറ്റുന്നത്. ശ്രദ്ധിക്കുക, ഇവിടെ തന്നിരിക്കുന്നത് ഏകദേശ കണക്കുകളാണ്. അന്തിമ തുകയില്‍ നേരിയ മാറ്റങ്ങളുണ്ടാകാം.