Paytm Layoffs: ചെലവ് ചുരുക്കലിൻ്റെ ഭാഗം; കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ച് പേടിഎം
Paytm Layoffs: ജോലി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട മറ്റ് തൊഴിലുകൾ ലഭിക്കാൻ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
റിസർവ് ബാങ്കിൻ്റെ നിയന്ത്രണങ്ങളെ തുടർന്ന് പ്രതിസന്ധി നേരിട്ട പേടിഎം ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പ്രധാന ബിസിനസുകളിൽ ശ്രദ്ധേ കന്ദ്രീകരിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ചെലവ് ചുരുക്കി കാര്യക്ഷമത വർധിപ്പിക്കുമെന്ന് മെയ് 22ന് ഓഹരി ഉടമകൾക്കയച്ച കത്തിൽ സിഇഒ വിജയ് ശേഖർ ശർമ സൂചിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യയിലും സാമ്പത്തിക സേവന മേഖലയിലും വൻതോതിൽ നിക്ഷേപം നടത്തിയത് ജീവനക്കാരുടെ ചെലവ് വർധിക്കാനിടയാക്കിയതായും അദ്ദേഹം കത്തിൽ പരാമർശിച്ചിരുന്നു.
ഇതിന് പിന്നാലെ ജൂൺ പത്തിന് പേടിഎമ്മിൻ്റെ മാതൃകമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസ് ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട മറ്റ് തൊഴിലുകൾ ലഭിക്കാൻ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: മൈക്രോസോഫ്റ്റിനു പിന്നാലെ ഗൂഗിളും ആയിരക്കണക്കിനു തൊഴിലാളികളെ പിരിച്ചു വിടുന്നു
ജീവനക്കാരുടെ ഉൾപ്പടെയുള്ള ചെലവ് കുറച്ച് പ്രതിവർഷം 400-500 കോടി രൂപ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. 2024 മാർച്ചിലെ കണക്കു പ്രകാരം സെയിൽസ് വിഭാഗം ജീവനക്കാരുടെ എണ്ണം 3,500 കുറഞ്ഞ് 36,521 ആയിരുന്നു. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ സേവനം റിസർവ് ബാങ്ക് വിലക്കയിതിന് പിന്നാലെയായിരുന്നു ഇത്.
മാർച്ച് പാദത്തിൽ കമ്പനിയുടെ നഷ്ടം മുൻ വർഷം ഇതേ കാലയളവിലെ 167.5 കോടി രൂപയിൽനിന്ന് 550 കോടിയായി. സേവനങ്ങളിലേറെയും നിർമിതബുദ്ധി അധിഷ്ഠിതമാക്കുന്നതിനും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും ഇതേതുടർന്ന് കമ്പനി തീരുമാനിച്ചിരുന്നു.
അറ്റാദായം വർധിപ്പിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ചതോടെ മൂന്നു വ്യാപാര ദിനങ്ങളിലും വൺ97 കമ്യൂണിക്കേഷൻ്റെ ഓഹരികൾ നേട്ടത്തിലാണ്. തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ എട്ട് ആഴ്ചക്കിടെ ഇതാദ്യമായി ഓഹരി വില 400 കടന്ന് 414ൽ എത്തി. മെയ് മാസത്തെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 310 രൂപയിൽനിന്ന് 33.60 ശതമാനമാണ് ഓഹരി വില ഉയർന്നത്.