5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UPI Credit Line: ഇനി യുപിഐയും ക്രെഡിറ്റ് കാർഡിനു സമാനം; പുതിയ മാറ്റങ്ങൾ എന്തെല്ലാം

UPI Credit Line Service: എന്നാൽ ബാങ്കുകൾക്ക് ഇതു നടപ്പാക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ യുപിഐയിലെ സേവനം ഉപഭോക്താക്കളിലെത്താൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.

UPI Credit Line: ഇനി യുപിഐയും ക്രെഡിറ്റ് കാർഡിനു സമാനം; പുതിയ മാറ്റങ്ങൾ എന്തെല്ലാം
UPI Credit Line Service.
neethu-vijayan
Neethu Vijayan | Published: 12 Jul 2024 14:44 PM

മുംബൈ: ഇന്ത്യയുടെ തദ്ദേശ ഡിജിറ്റൽ ഇടപാടുസംവിധാനമായ യുപിഐയിൽ (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) (UPI) പുതിയ മാറ്റങ്ങൾ എത്തുന്നു. ക്രെഡിറ്റ് കാർഡുകൾക്കു സമാനമായി ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ലൈൻ (മുൻകൂർവായ്പ) നടപ്പാക്കാനാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) (National Payments Corporation of India) ഒരുങ്ങുന്നത്. വരുന്ന ആഴ്ചകളിൽ ഇതിനുള്ള മാർഗനിർദേശം എൻപിസിഐ പുറത്തിറക്കും. എന്നാൽ ബാങ്കുകൾക്ക് ഇതു നടപ്പാക്കുന്നതിന് കുറച്ചുസമയംകൂടി വേണ്ടിവന്നേക്കാം. അതുകൊണ്ടുതന്നെ യുപിഐയിലെ സേവനം ഉപഭോക്താക്കളിലെത്താൻ ഏതാനും മാസങ്ങൾകൂടി കാത്തിരിക്കേണ്ടിവരും.

ഉപഭോക്താക്കൾക്ക് അധികച്ചെലവില്ലാതെ ബാങ്കുനൽകുന്ന തത്സമയവായ്പാ സംവിധാനത്തിൽ നിന്ന് വ്യാപാരികൾക്കുള്ള ഇടപാടു നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ക്രെഡിറ്റ് കാർഡിന് സമാനമായി നിശ്ചിതകാലാവധിയിൽ ബിൽ സമയക്രമമുണ്ടാകും. എന്നാൽ ഈ കാലയളവിൽ പലിശയുണ്ടാകില്ല. നിർദിഷ്ടതീയതിക്കകം പണം തിരിച്ചടച്ചാൽ മതിയെന്നതാണ് വ്യവസ്ഥ.

അതേസമയം തിരിച്ചടവു വൈകിയാൽ പലിശ നൽകേണ്ടിവരും. ക്രെഡിറ്റ് കാർഡിലേതുപോലെ പണംവാങ്ങുന്ന വ്യാപാരിയിൽ നിന്ന് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പോലെ ഇന്റർചേഞ്ച് ഫീസും ബാങ്കുകൾ ഈടാക്കും. 1.2 ശതമാനം വരെയായിരിക്കും ഫീസെന്നാണ് സൂചന. തേർഡ് പാർട്ടി ആപ്പുകൾക്കും ഫീസിനത്തിൽ ചെറിയയൊരു തുക വരുമാനമായി ലഭിച്ചേക്കും. ഇക്കാര്യത്തിൽ എൻപിസിഐയുടെ ചർച്ചകൾ പുരോ​ഗമിക്കുകയാണ്.

ALSO READ: വീട് വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത, നികുതിയിൽ മാറ്റങ്ങൾ വരാം

നിലവിലുള്ള യുപിഐ സേവനങ്ങൾക്ക് ബാങ്കുകൾക്കോ തേർഡ് പാർട്ടി ആപ്പുകൾക്കോ വരുമാനമൊന്നും ലഭിക്കുന്നില്ല. അതേസമയം ക്രെഡിറ്റ് ലൈൻ നടപ്പാകുന്നതോടെ വ്യാപാരികളിൽ നിന്ന് നിശ്ചിതതുക കമ്മിഷനായി ലഭിച്ചുതുടങ്ങുന്നതാണ്. ഗൂഗിൾപേ, ഫോൺപേ പോലുള്ള കമ്പനികൾക്കും ചെറിയതുക ഫീസിനത്തിൽ ലഭിക്കുന്നു. അതുപോലെ ക്രെഡിറ്റ് ലൈൻ വായ്പ തിരിച്ചടയ്ക്കുന്നതു വൈകിയാൽ ക്രെഡിറ്റ് കാർഡുകളിലേതുപോലെ പലിശയും ലഭിക്കും. എത്രരൂപയുടെ ക്രെഡിറ്റ് ലൈൻ ലഭിക്കുമെന്നത് ഉപഭോക്താവിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാകും തീരുമാനിക്കുക.

നിലവിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ നൽകുന്ന ഓഫറുകളും റിവാർഡ് പോയിന്റുകളുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മത്സരം ശക്തമായാൽ യുപിഐയിൽ ഇത്തരം ഓഫറുകളുമായി ബാങ്കുകൾ രംഗത്തുവരാനുള്ള സാധ്യതയും വളരെ വലുതാണ്. അങ്ങനെ വന്നാൽ ക്രെഡിറ്റ് കാർഡുകളുടെ ഇടയിലേക്കും യുപിഐ കടന്നുവരുമെന്നാണ് വിലയിരുത്തൽ.

അതിനിടെ ഇന്ത്യയുടെ എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡ് (എൻഐപിഎൽ) നെറ്റ്‌വർക്കിന്റെ നേതൃത്വത്തിൽ യുഎഇയിൽ പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകളിൽ ഇന്ത്യക്കാർക്ക് ക്യൂആർ കോഡ് വഴി യുപിഐ ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കിയിരുന്നു. നെറ്റ്‌വർക്ക് ഇൻ്റർനാഷണലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.