5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഇന്ത്യയിൽ വിൽക്കുന്ന നെസ്ലേയുടെ കുട്ടികൾക്കുള്ള ഉത്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതായി റിപ്പോർട്ട്

സെറിലാക് ബേബി സീരിയൽ വേരിയന്റിലും സപ്ലിമെന്ററി ഷുഗർ അടങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ വിൽക്കുന്ന നെസ്ലേയുടെ കുട്ടികൾക്കുള്ള ഉത്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതായി റിപ്പോർട്ട്
aswathy-balachandran
Aswathy Balachandran | Published: 18 Apr 2024 12:20 PM

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ പടർന്നു പന്തലിച്ച ശൃംഖലയുടമകളായ നെസ്ലേ വിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പാലിൽ പഞ്ചസാര ചേർക്കുന്നെന്ന് റിപ്പോർട്ട്. എന്നാൽ കമ്പനിയുടെ പ്രാഥമിക വിപണികളായ യൂറോപിലും, യുകെയിലും വിൽക്കുന്ന കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ കമ്പനി ഷുഗർ ചേർക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വിസ് അന്വേഷണ സംഘടനയായ ‘പബ്ലിക് ഐ’, ഐബിഎഫ്എഎൻ (ഇന്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്വർക്ക്) എന്നിവയുടെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഇനങ്ങളുടെ സാമ്പിളുകൾ ബെൽജിയൻ ലബോറട്ടറിയിൽ പരിശോധിച്ചതു പ്രകാരമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 2022ൽ നടന്ന വിൽപ്പനയിൽ 250 മില്യൺ ഡോളറിലധികം വരുമാനം ഇവർക്ക് ലഭിച്ചിട്ടുണ്ട്. സെറിലാക് ബേബി സീരിയൽ വേരിയന്റിലും സപ്ലിമെന്ററി ഷുഗർ അടങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു സെർവിൽ ഏകദേശം 3 ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയിരിക്കുന്നത്. ജർമ്മനി, ഫ്രാൻസ്, യുകെ എന്നിവിടങ്ങളിൽ നെസ്ലെ വിൽക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ ഉൽപ്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പബ്ലിക്ക് ഐയുടെ റിപ്പോർട്ടിൽ വ്യക്തമാണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതേസമയം ഇതേ ഉൽപ്പന്നങ്ങൾ എത്യോപ്യയിൽ ഓരോ സേർവിലും 5 ഗ്രാം ഷുഗറും, തായ്ലൻഡിൽ 6 ഗ്രാം ഷുഗറും ചേർത്താണ് വിൽക്കുന്നത്. ഒരേ ഉൽപ്പനം വിവിധ വിപണികളിൽ വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കുന്നത് കമ്പനിയുടെ തന്ത്രവും, ഇരട്ടത്താപ്പുമാണെന്നു വിദഗ്ധർ പറയുന്നു. പഞ്ചസാരയുടെ ആദ്യകാല ഉപയോഗം കുട്ടികളിൽ മധുരമുള്ള വസ്തുക്കളോട് പ്രകടമായ ചായ്വ് ഉണ്ടാക്കുമെന്നും, ഇതു അമിതവണ്ണത്തിനും വിവിധ രോഗങ്ങൾക്കും സാധ്യത വർദ്ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ സപ്ലിമെന്ററി ഷുഗർ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്കുള്ള ഭക്ഷണത്തിൽ നിന്ന് പഞ്ചസാരയെ അകറ്റി നിർത്താൻ നെസ്‌ലെ തന്നെ അതിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ശിശു പോഷണത്തെക്കുറിച്ചുള്ള മാർഗനിർദ്ദേശങ്ങളിൽ നിർദ്ദേശിക്കുന്നുണ്ട്. എന്നിട്ടാണ് ഇങ്ങനെ ഒരു നടപടി അവർ സ്വീകരിച്ചിരിക്കുന്നത്. താരതമ്യേന ഉയർന്ന പ്രകൃതിദത്ത പഞ്ചസാരയുടെ അളവു കൂടുതലുള്ള പഴച്ചാറുകൾ പോലും കുട്ടിയുടെ ആദ്യ വർഷത്തിൽ നൽകരുതെന്നു ചില വിദഗ്ധർ നിർദേശിക്കുന്നു. സപ്ലിമെന്ററി മധുരം നൽകുന്ന ഏജന്റുകൾ അടങ്ങിയ ജ്യൂസ് മിശ്രിതങ്ങളോ ഇതര മിശ്രിത പാനീയങ്ങളോ ഒഴിവാക്കേണ്ടതുണ്ട്. ഇവിടെയാണ് നെസ്‌ലെയുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് ശ്രദ്ധ ആകർഷിക്കുന്നത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണങ്ങളിൽ പോലും കമ്പനി കൃത്യമായ സ്റ്റാൻഡേർഡ് പാലിക്കുന്നില്ലെന്നാണു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കമ്പനി രാജ്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മെനയുന്നു. പബ്ലിക് ഐ, ഐബിഎഫ്എഎൻ എന്നിവയിൽ നിന്നുള്ള ഇരട്ട നിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ദശകത്തിൽ ലോകമെമ്പാടുമുള്ള ശിശു ധാന്യ പോർട്ട്ഫോളിയോയിലെ മൊത്തം പഞ്ചസാരയുടെ അളവ് 11% കുറച്ചെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ 5 വർഷത്തിനിടയിൽ ശിശു ധാന്യങ്ങളുടെ പോർട്ട്ഫോളിയോയിൽ നെസ്ലെ ഇന്ത്യ ചേർത്ത പഞ്ചസാര 30% വരെ കുറച്ചെന്നും കമ്പനി പതിവായി പോർട്ട്ഫോളിയോ അവലോകനം ചെയ്യുകയും, ഗുണനിലവാരത്തിലും സുരക്ഷയിലും രുചിയിലും വിട്ടുവീഴ്ച ചെയ്യാതെ, ചേർക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.