UPI remains GST free: യുപിഐ പേയ്‌മെന്റുകൾക്ക് നികുതിയോ? വ്യക്തത വരുത്തി കേന്ദ്രം, വിശദമായി അറിയാം
UPI remains GST free: യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇവ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ സർക്കാരിന് അത്തരമൊരു ഉദ്ദേശ്യമില്ലെന്നും വ്യക്തമാക്കി.
ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ഈടാക്കുന്നതിലുള്ള സർക്കാരിന്റെ നിലപാട് വിശദീകരിച്ചുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രസ്താവനയിറക്കിയിരുന്നു. ഗ്രാമ പ്രദേശത്തിലെ ആളുകൾക്ക് പോലും പേയ്‌മെന്റുകൾ നടത്താനും ഫണ്ട് സ്വീകരിക്കാനും കഴിയുന്ന രീതിയിൽ യുപിഐ വിപ്ലവം സൃഷ്ടിച്ചുവെന്നും ഇത് പണം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും അവർ പറഞ്ഞു.
യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ടവ
യുപിഐ പേയ്‌മെന്റുകൾക്ക് ജിഎസ്ടി ചുമത്താനുള്ള ഒരു നിർദ്ദേശവും പരിഗണനയിലില്ല.
2020 ജനുവരിയിൽ പേഴ്‌സൺ-ടു-മെർച്ചന്റ് (പി2എം) യുപിഐ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) നീക്കം ചെയ്തതിനാൽ, അത്തരം ഇടപാടുകൾക്ക് ജിഎസ്ടി ബാധകമല്ല.
ALSO READ: എത്ര ശ്രമിച്ചും പണം സമ്പാദിക്കാൻ കഴിയുന്നില്ലേ? ഈ തെറ്റുകൾ ഒഴിവാക്കൂ
2019 ഡിസംബർ 30-ലെ സിബിഡിടി വിജ്ഞാപനത്തിലൂടെ പി2എം യുപിഐ പേയ്‌മെന്റുകൾക്കുള്ള എംഡിആർ ഔദ്യോഗികമായി നിർത്തലാക്കി.
സർക്കാർ യുപിഐയെ പ്രോത്സാഹിപ്പിക്കുന്നു, എന്നാൽ നികുതി ചുമത്തുന്നില്ല
ഡിജിറ്റൽ പേയ്‌മെന്റുകൾ, പ്രത്യേകിച്ച് കുറഞ്ഞ മൂല്യമുള്ള യുപിഐ ഇടപാടുകൾ സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി, 2021-22 സാമ്പത്തിക വർഷം മുതൽ ഒരു യുപിഐ ഇൻസെന്റീവ് പദ്ധതി നിലവിലുണ്ട്.
2021-22 സാമ്പത്തിക വർഷം: 1,389 കോടി രൂപ, 2022-23 സാമ്പത്തിക വർഷം: 2,210 കോടി രൂപ, 2023-24 സാമ്പത്തിക വർഷം: 3,631 കോടി രൂപ എന്നിങ്ങനെയാണ് ഈ പദ്ധതിക്ക് കീഴിൽ വകയിരുത്തിയ വിഹിത കണക്ക്.
ഈ പേഔട്ടുകൾ വ്യാപാരികളുടെ ഇടപാട് ചെലവുകൾ നികത്താൻ സഹായിക്കുന്നു, കൂടാതെ ഡിജിറ്റൽ ഇടപാടുകളിൽ കൂടുതൽ പങ്കാളിത്തവും ഉറപ്പാക്കാൻ കഴിയും.
ഇന്ത്യയിലെ യുപിഐ
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകൾ പ്രകാരം, മാർച്ചിൽ യുപിഐ വഴിയുള്ള ഇടപാടുകൾ ആകെ 24.77 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ 21.96 ലക്ഷം കോടി രൂപയിൽ നിന്ന് 12.7% വർധനവാണുണ്ടായത്. 2025 മാർച്ചിലെ യുപിഐ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ ഗണ്യമായി കൂടുതലാണെന്നും, 19.78 ലക്ഷം കോടി രൂപയിൽ നിന്ന് 24.77 ലക്ഷം കോടി രൂപയാണെന്നും എൻപിസിഐ റിപ്പോർട്ട് ചെയ്തു.