5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Micro Finance Loan: മൈക്രോഫിനാന്‍സ് വായ്പകളില്‍ കുരുങ്ങിയോ? കടക്കെണിയില്‍ പെടുംമുമ്പ് ഇവ അറിഞ്ഞുവെക്കാം

Micro Finance Loan Risks: ബംഗ്ലാദേശിലാണ് മൈക്രോഫിനാന്‍സ് കമ്പനികള്‍ എന്ന ആശയത്തിന് തുടക്കമിടുന്നതെങ്കിലും ഇന്ത്യയില്‍ ഇത്തരം കമ്പനികള്‍ ഇപ്പോള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുന്നൂറിലധികം ബാങ്കിതര ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Micro Finance Loan: മൈക്രോഫിനാന്‍സ് വായ്പകളില്‍ കുരുങ്ങിയോ? കടക്കെണിയില്‍ പെടുംമുമ്പ് ഇവ അറിഞ്ഞുവെക്കാം
പ്രതീകാത്മക ചിത്രം Image Credit source: DEV IMAGES/Moment/Getty Images
shiji-mk
Shiji M K | Updated On: 16 Feb 2025 10:43 AM

പെട്ടെന്നെത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പലരും ആശ്രയിക്കുന്നത് വായ്പകളെയാണ്. അതിനാല്‍ തന്നെ നമ്മുടെ രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വലിയ തോതിലുള്ള ജനപ്രീതിയാണ് ലഭിക്കുന്നത്. നിങ്ങളുടെ വരുമാനം എത്ര ചെറിയ തുകയാണെങ്കിലും വായ്പ ലഭിക്കും എന്നത് തന്നെയാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

വലിയ ശമ്പളം വാങ്ങിച്ച് ജോലി ചെയ്യുന്നവരേക്കാള്‍ മൈക്രോഫിനാന്‍സ് ലോണുകളെ കൂടുതലായി ആശ്രയിക്കുന്നത് ദിവസ വേതനക്കാരും ചെറിയ തുക ശമ്പളം കൈപ്പറ്റുന്നവരുമാണ്.

എന്താണ് മൈക്രോ ഫിനാന്‍സ് ?

നിക്ഷേപം സ്വീകരിക്കാത്ത കമ്പനികളാണ് മൈക്രോഫിനാന്‍സുകള്‍. താഴ്ന്ന വരുമാനമുള്ളവര്‍ക്ക് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുറഞ്ഞ രീതിയിലുള്ള ധനസഹായം നല്‍കുകയാണ് ഇത്തരം കമ്പനികളുടെ ലക്ഷ്യം. ഇന്ത്യയിലെ ചെറുകിട ബിസിനസുകാര്‍, കര്‍ഷകര്‍, കൃഷിക്കാര്‍, ഹോള്‍ട്ടികള്‍ച്ചറിസ്റ്റുകള്‍ തുടങ്ങി താഴ്ന്ന വരുമാനമുള്ള വ്യക്തികള്‍ക്ക് 50,000 രൂപ വരെ വായ്പ ലഭിക്കുന്നതാണ്.

ബംഗ്ലാദേശിലാണ് മൈക്രോഫിനാന്‍സ് കമ്പനികള്‍ എന്ന ആശയത്തിന് തുടക്കമിടുന്നതെങ്കിലും ഇന്ത്യയില്‍ ഇത്തരം കമ്പനികള്‍ ഇപ്പോള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുന്നൂറിലധികം ബാങ്കിതര ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാങ്കുകളില്‍ ലോണുകള്‍ ലഭിക്കുന്നതിന് നേരിടുന്ന കാലതാമസവും മറ്റ് നിബന്ധനകളും മാനദണ്ഡങ്ങളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നേരിടുന്നില്ല എന്നതാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. വ്യക്തിഗത വായ്പകളില്‍ ഏറ്റവും ഏളുപ്പത്തില്‍ ലഭിക്കുന്ന വായ്പ കൂടിയാണിത്.

മൈക്രോ ഫിനാന്‍സ് വായ്പയുടെ വെല്ലുവിളികള്‍

പലിശ നിരക്ക് കൂടുതലാണ് എന്നത് തന്നെയാണ് മൈക്രോഫിനാന്‍സ് വായ്പകളില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റ് ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകളെ അപേക്ഷിച്ച് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ കൂടുതല്‍ പലിശ ഈടാക്കുന്നു. ഉയര്‍ന്ന ചെലവ് കാരണം പലരും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇത് കുടിശിക വര്‍ധിക്കുന്നതിനും സാമ്പത്തിക സമ്മര്‍ദത്തിനും കാരണമാകുന്നു.

ലോണുകള്‍ പെട്ടെന്ന് ലഭിക്കുന്നു എന്നതുകൊണ്ട് തന്നെ ആളുകള്‍ ഒന്നിലധികം മൈക്രോ ഫിനാന്‍സ് വായ്പകളെടുക്കുന്നു. അതിനാല്‍ അമിതമായ കടബാധ്യതയിലേക്കാണ് ആളുകള്‍ ചെന്നെത്തുന്നത്. കടം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടാകുന്നതെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കടം വാങ്ങിക്കുന്ന ശീലം വര്‍ധിക്കുന്നതോടെ പലര്‍ക്കും അവയൊന്നും കൃത്യമായി തിരിച്ചടയ്ക്കാന്‍ പോലും സാധിക്കാതെ വരുന്നു.

Also Read: Car Loan: കാര്‍ വാങ്ങിക്കാന്‍ ലോണ്‍ ലഭിക്കുന്നില്ല അല്ലെ? അതിന് കാരണം ഇവയാകാം

ലോണുകള്‍ എടുക്കുന്നുണ്ടെങ്കിലും ആ ലോണിന് ഈടാക്കുന്ന പലിശ നിരക്ക്, തിരിച്ചടവ് ഷെഡ്യൂള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പലര്‍ക്കും ധാരണയില്ല. ഇക്കാര്യങ്ങള്‍ അവരെ കടബാധ്യതകളിലേക്ക് തള്ളിവിടും. വായ്പകളുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ മോശം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് വഴിവെക്കും.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഗ്രൂപ്പ് ലൈസന്‍സിങ് മോഡല്‍, സൂക്ഷ്മപരിശോധന തുടങ്ങിയ രീതികളാണ് സാധാരണയായി പ്രയോഗിക്കുന്നത്. കടം വാങ്ങിക്കുന്നവര്‍ പരസ്പരം വായ്പകള്‍ ഉറപ്പാക്കുന്നതിനായാണ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കടം കൊടുക്കുന്നവരുടെ അപകട സാധ്യത കുറയും. പക്ഷെ വായ്പയെടുത്തവര്‍ക്കും ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ക്കും സമ്മര്‍ദം ഇരട്ടിയാക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം വായ്പ എടുത്ത ആള്‍ക്ക് കൃത്യസമയത്ത് തിരിച്ചടവ് സാധ്യമായില്ലെങ്കില്‍ അത് സാമൂഹിക സമ്മര്‍ദം സൃഷ്ടിക്കുന്നു. ഇത് ബന്ധങ്ങള്‍ വഷളാകുന്നതിന് വരെ കാരണമാകും.